ജംഷദ്പൂരിനെ ഞെട്ടിച്ച് ആർമി ഗ്രീൻ

ഡ്യൂറണ്ട് കപ്പിൽ ജംഷദ്പൂർ എഫ് സിയെ ഞെട്ടിച്ച് ആർമി ഗ്രീന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർമി ഗ്രീൻ വിജയിച്ചത്. ദീപക് സിംഗ് ഇരട്ട ഗോളുകളുമായി ആർമി ഗ്രീനു വേണ്ടി തിളങ്ങി. 43, 48 മിനുട്ടുകളിൽ ആയിരുന്നു ദീപകിന്റെ ഗോളുകൾ. 58ആം മിനുട്ടിൽ സോചിൻ ചേത്രിയും ആർമിക്കായി ഗോൾ നേടിയത്. ജിതേന്ദ്ര സിംഗ് ആണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. ആർമി ഗ്രീനിന്റെ ആദ്യ വിജയമാണിത്. ഗ്രൂപ്പ് ബിയിൽ ഇപ്പോൾ ജംഷദ്പൂർ, ആർമി ഗ്രീൻ, ഗോവ എന്നിവർ മൂന്ന് പോയിന്റുമായി നിൽക്കുകയാണ്

മാർക്കസിനും അസറിനും ഇരട്ട ഗോൾ, വൻ വിജയത്തോടെ മൊഹമ്മദൻസ് ക്വാർട്ടറിൽ

ഡ്യൂറണ്ട് കപ്പിൽ മൊഹമ്മദൻസ് ക്വാർട്ടർ ഫൈനലിൽ എത്തി. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ സി ആർ പി എഫിനെ നേരിട്ട മൊഹമ്മദൻസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. അസറുദ്ദീനും മാർക്കസ് ജോസഫും ഇന്ന് മൊഹമ്മദൻസിനായി ഇരട്ട ഗോളുകൾ നേടി. മാർക്കസ് ജോസഫിന് ഈ ഗോളുകളോടെ ടൂർണമെന്റിൽ മൂന്ന് ഗോളുകളായി. അസറുദ്ദീനും മൂന്ന് ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞു. ബ്രാൻഡനും ഇന്ന് മൊഹമ്മദൻസിനായി ഗോൾ നേടി.

ഈ വിജയത്തോടെ എ ഗ്രൂപ്പിൽ നിന്ന് മൊഹമ്മദൻസും ബെംഗളൂരു യുണൈറ്റഡും ക്വാർട്ടറിലേക്ക് എത്തി. സി ആർ പി എഫും ഇന്ത്യൻ എയർ ഫോഴ്സും പുറത്തായി.

“ലക്ഷ്യം ഐ എസ് എൽ ആണ്, ഡ്യൂറണ്ട് കപ്പിലും വിജയിക്കാനായി പോരാടും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഡ്യൂറണ്ട് കപ്പിനെ വെറും ഒരു പ്രീസീസൺ ആയല്ല കാണുന്നത് എന്നും വിജയിക്കാൻ ആയി തന്നെയാകും മത്സരത്തിന് ഇറങ്ങുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നാളെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വുകമാനോവിച്. ഡ്യൂറണ്ട് കപ്പ് പ്രീസീസണ് ഇടയ്ക്കാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ടൂർണമെന്റ് ഐ എസ് എല്ലിന് ഒരുങ്ങാൻ സഹായിക്കും എന്നും വുകമാനോവിച് പറഞ്ഞു.

ഡ്യൂറണ്ട് കപ്പിലും ടീം വിജയിക്കാൻ വേണ്ടി ആകും പോരിടുന്നത്. കാരണം അങ്ങനെ ഒരോ മത്സരങ്ങളെയും സമീപിച്ചാൽ മാത്രമേ ടീമിന് വിജയിക്കാനുള്ള മനോഭാവം വരികയുള്ളൂ. ടീം മെച്ചപ്പെടാനും ആ സമീപനം ആണ് വേണ്ടത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീമിന്റെ ഇതുവരെയുള്ള ഒരുക്കത്തിൽ താൻ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ഇന്ത്യൻ നേവിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്.

ഡ്യൂറണ്ട് കപ്പ്, ബെംഗളൂരു യുണൈറ്റഡിനും ആർമി റെഡിനും വിജയം

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എയിൽ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിന് വിജയം. ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട ബെംഗളൂരു യുണൈറ്റഡ് വലിയ വിജയം തന്നെ ഇന്ന് സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു യുണൈറ്റഡ് വിജയിച്ചത്. മാൻസി ഇരട്ട ഗോളുകളുമായി ഇന്നും ബെംഗളൂരു യുണൈറ്റഡിനായി തിളങ്ങി. യുമ്നം ഗോപിയും ഇരട്ട ഗോളുകൾ നേടി. ആദ്യ മത്സരത്തിൽ സി ആർ പി എഫിനെയും ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആസാം റൈഫിൾസിനെ ആണ് ആർമി റെഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആർമി റെഡിന്റെ വിജയം. ലിറ്റൺ ഷിൽ, ബികാഷ് താപ, സുശിൽ, സുരേഷ് എന്നിവരാണ് ആർമി റെഡിനായി ഗോൾ നേടിയത്

ശ്രേയസിന് ഗോൾ, മലയാളി താരങ്ങളുടെ മികവിൽ ഇന്ത്യൻ നേവിക്ക് വിജയം

ഡ്യൂറണ്ട് കപ്പിൽ ഇന്ത്യൻ നേവിക്ക് മികച്ച വിജയം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഡെൽഹി എഫ് സിയെ നേരിട്ട ഇന്ത്യൻ നേവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യൻ നേവിയുടെ ആദ്യ ഇലവനിൽ ആറു മലയാളി താരങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടോ, ശ്രേയസ്സ്, ഹരികൃഷണ, ജിജോ, നിഹാൽ സുധീഷ്, പ്രദീഷ് എന്നിവരാണ് ഇന്ത്യൻ നേവിക്കായി അണിനിരന്ന മലയാളി താരങ്ങൾ. ഇതിൽ ശ്രേയസ് ആണ് ഇന്ന് നേവിയുടെ ആദ്യ ഗോൾ നേടിയത്.

26ആം മിനുട്ടിൽ ആയിരുന്നു ശ്രേയസിന്റെ ഗോൾ. ഈ ഗോളിന് മുമ്പ് 21ആം മിനുട്ടിൽ ഡെൽഹി എഫ് സി വില്ലിസ് പ്ലാസയിലൂടെ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ധൽരാജ് സിങിന്റെ ഗോൾ ഇന്ത്യൻ നേവിക്ക് മൂന്ന് പോയിന്റും വിജയവും നൽകി.

മികച്ച വിജയവുമായി എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് തുടങ്ങി

ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവക്ക് ഗംഭീര വിജയം. ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ആർമി ഗ്രീനെ നേരിട്ട ഗോവ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. യുവതാരങ്ങളുമായാണ് ഗോവ ഇന്ന് കളത്തിൽ ഇറങ്ങിയത്. 35ആം മിനുട്ടിൽ ആൽബർട് നിഗോറ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ദേവേന്ദ്ര എഫ് സി ഗോവയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

മലയാളി താരം ക്രിസ്റ്റി ഡേവിസ് ഇന്ന് ഗോവയുടെ ആദ്യ ഇലവനിൽ ഉണ്ടായുരുന്നു. രണ്ടാം പകുതിയിൽ മലയാളി താരം നെമിൽ സബ്ബായി എത്തി ഗോവയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡ്യൂറണ്ട് കപ്പിൽ നാളെ നടക്കുന്ന മത്സരത്തിൽ ഡെൽഹി എഫ് സി ഇന്ത്യൻ നേവിയെ നേരിടും.

വിജയത്തോടെ ജംഷദ്പൂർ ഡ്യൂറണ്ട് കപ്പ് ആരംഭിച്ചു

ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ് സിക്ക് വിജയം. ഇന്ന് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ 34ആം മിനുട്ടിൽ ലാലറുവത് മാവിയ ആണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. മികച്ച രീതിയിൽ കളിച്ച് ആ ഒരൊറ്റ ഗോളിന് തന്നെ വിജയം ഉറപ്പിക്കാൻ ജംഷസ്പൂരിനായി. യുവതാരങ്ങളുമായായിരുന്നു ജംഷസ്പൂർ ഇറങ്ങിയത്. അവരുടെ സീനിയർ സ്ക്വാഡിലെ താരങ്ങളിൽ ഭൂരിഭാഗവും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നില്ല.

ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് സി ആർ പി എഫിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 62ആം മിനുട്ടിൽ പെഡ്രോ ഹാവിയർ ആണ് ബെംഗളൂരു യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്.

ഡ്യൂറണ്ട് കപ്പിനായി തകർപ്പൻ ജേഴ്സി ഒരുക്കി എഫ് സി ഗോവ

ഡ്യൂറണ്ട് കപ്പിനായി പ്രത്യേക ജേഴ്സി പുറത്തിറക്കി ഇരിക്കുകയാണ് എഫ് സി ഗോവ. കറുത്ത നിറത്തിലുള്ള ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ റയുർ സ്പോർട്സ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗോവ സംസ്ഥാനത്തിന്റെ ഭൂപടവും ജേഴ്സിയിൽ ഉണ്ട്. എഫ് സി ഗോവയുടെ വെബ്സൈറ്റിൽ കിറ്റ് ലഭ്യമാണ്. മുതിർന്നവരുടെ ജേഴ്സിക്ക് 999 രൂപയും കുട്ടികളുടെ ജേഴ്സിക്ക് 699 രൂപയുമാണ് വില. ജംഷദ്പൂർ, സുദേവ ആർമി ടീം എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് എഫ് സി ഗോവ ഡ്യൂറണ്ട് കപ്പിൽ ഇറങ്ങുന്നത്.Img 20210905 182407

മൊഹമ്മദൻസിന്റെ വൻ വിജയത്തോടെ ഡ്യൂറണ്ട് കപ്പിന് തുടക്കം

ഡ്യൂറണ്ട് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മൊഹമ്മദൻസിന് വൻ വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട മൊഹമ്മദൻസ് ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ നേടി. തികച്ചും ഏകപക്ഷീയമായിരുന്നു ഐലീഗ് ക്ലബിന്റെ ഇന്നത്തെ പ്രകനം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടാൻ മൊഹമ്മദൻസിനായി. 19ആം മിനുട്ടിൽ മിലൻ സിങാണ് മൊഹമ്മദൻസിന് ആദ്യ ലീഡ് നൽകിയത്. പിന്നാലെ 31ആം മിനുട്ടിൽ അർജീത് ലീഡ് ഇരട്ടിയാക്കി.

ഹാഫ് ടൈമിന് തൊട്ടു മുമ്പ് അസറുദ്ദീൻ ബ്ലാക്ക് പാന്തേഴ്സിന്റെ മൂന്നാം ഗോളും നേടി. 77ആം മിനുട്ടിൽ മുൻ ഗോകുലം കേരള താരം മാർക്കസ് ജോസഫിന്റെ വക ആയിരുന്നു ഗോൾ‌. സൗരവ് ആണ് എയർ ഫോഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്‌‌. നാളെ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സി സുദേവയെയും ബെംഗളൂരു യുണൈറ്റഡ് സി ആർ പി എഫിനെയും നേരിടും.

12 മലയാളികളുമായി ഗോകുലം ഡ്യൂറൻഡ് കപ്പിനു കൊൽക്കത്തയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്, സെപ്തംബർ 4: നിലവിലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി 24 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 12 മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായിട്ടാണ് ഗോകുലം ഇന്നു കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്.

മലബാറിയൻസ് ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഡി യിൽ ആണ് കളിക്കുന്നത്. സെപ്റ്റംബർ 12 നു ആണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ആർമി റെഡ് ഫുട്ബോൾ ടീമിനോടാണ് ടീം കളിക്കുന്നത്. സെപ്തംബര് 16 നു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരാബാദ് എഫ് സിയെ നേരിടുന്ന ഗോകുലം, അവസാന മത്സരം ആസാം റൈഫിൾസിനോട് സെപ്റ്റംബർ 20 നു കളിക്കും.

കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വര്ഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ ഉള്ളവരാണ്.

ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വര്ഷം സൈൻ ചെയ്തു.

“ഞങ്ങളുടെ ലക്‌ഷ്യം ഡ്യൂറൻഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക് കൊണ്ട് വരുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“എല്ലാ വർഷത്തെപോലെയും മലയാളികൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു ടീമിനെയും ഹെഡ് കോച്ച് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ ലക്‌ഷ്യം കേരളത്തിലെ താരങ്ങൾക്ക് അവസരം നൽകുക എന്നതാണ്. എല്ലാ കളിക്കാര്ക്കും ആശംസകൾ നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

ഡ്യൂറൻഡ് സ്‌ക്വാഡ്

ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി എ, വിഗ്നേശ്വരൻ ഭാസ്കരൻ

പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം,

മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ്

ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.

രണ്ട് യുവ മലയാളി താരങ്ങളുമായി എഫ് സി ഗോവയുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ്

ഡ്യുറൻഡ് കപ്പിനുള്ള എഫ്സി ഗോവ സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ഗോവൻ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. യുവ മധ്യനിര താരങ്ങളായ മുഹമ്മദ് നെമിലും ക്രിസ്റ്റി ഡേവിസും ആണ് ഗോവൻ സ്ക്വാഡിൽ ഉള്ള മലയാളി താരങ്ങൾ. അവസാന മൂന്ന് സീസണുകളായി ഗോവൻ യുവടീമുകൾക്ക് ഒപ്പം ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ക്രിസ്റ്റി ഡേവിസ്. ഈ സീസണിൽ ഗോവയുടെ സീനിയർ സ്ക്വാഡിന്റെ സജീവ ഭാഗമാകണം എന്ന് ആഗ്രഹിക്കുന്ന ക്രിസ്റ്റിക്ക് ഈ ഡ്യൂറണ്ട് കപ്പ് നിർണായകമാകും.

മുഹമ്മദ് നെമിൽ കഴിഞ്ഞ സീസണിൽ തന്നെ എഫ് സി ഗോവയിൽ എത്തിയിരുന്നു എങ്കിലും ലോണിൽ സ്പെയിനിൽ കളിക്കുക ആയിരുന്നു. ഈ സീസൺ തുടക്കത്തിലാണ് നെമിലിനെ ഗോവ തിരികെ വിളിച്ചത്. നെമിലിന്റെ മികവ് കാണാൻ ഉള്ള അവസരമാകും ഈ ടൂർണമെന്റ്.

മൊത്തം 4 വിദേശ കളിക്കാർ ഉൾപ്പെടെ ശക്തമായ ടീമിനെ ആണ് ടൂർണമെന്റിനായി ഗോവ കൊൽക്കത്തയിലേക്ക് അയക്കുന്നത്. ​​ എഡു ബേഡിയ ആണ് ക്ലബിനെ നയിക്കുന്നത്.

സ്ക്വാഡ്:

Goalkeepers: Naveen Kumar, Hrithik Tiwari, Dheeraj Singh Moirangthem

Defenders: Leander D’Cunha, Saviour Gama, Sanson Pereira, Kunal Kundaikar, Manushawn Fernandes, Lalmangaihsanga (Papuia), Seriton Fernandes, Ivan Gonzalez, Aibanbha Dohling, Mohamed Ali

Midfielders: Edu Bedia (c), Brison Fernandes, Md. Nemil, Alberto Noguera, Princeton Rebello, Danstan Fernandes, Alexander Romario Jesuraj, Redeem Tlang, Nongdamba Naorem, Glan Martins, Brandon Fernandes, Makan Winkle Chote, Christy Davis

Forwards: Devendra Murgaonkar, Jorge Ortiz, Delton Colaco

ഡ്യൂറണ്ട് കപ്പ് അടുത്ത അഞ്ചു വർഷവും കൊൽക്കത്തയിൽ തന്നെ നടക്കും

ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറാൻഡ് കപ്പ് അടുത്ത അഞ്ച് വർഷവും കൊൽക്കത്തയിൽ തന്നെ നടക്കുമെന്ന് ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ചീഫ് ലെഫ്റ്റനന്റ് ജനറൽ കെ കെ റെപ്സ്വാൾ അറിയിച്ചു. ടൂർണമെന്റിന്റെ 130 -ാമത് എഡിഷൻ ഞായറാഴ്ച മുതൽ കൊൽക്കത്തയിൽ നടക്കാൻ ഇരിക്കെ ആണ്. അതിനു മുന്നോടിയായ വാർത്ത സമ്മേളനത്തിൽ ആണ് ടൂർണമെന്റ് ഇനി കൊൽക്കത്തയിലാകും നടക്കുക എന്ന് അധികൃതർ അറിയിച്ചത്.

2019ൽ ആണ് ടൂർണമെന്റ് സ്ഥിരമായി നടന്നു കൊണ്ടിരുന്ന ന്യൂഡൽഹിയിൽ നിന്ന് മാറി കൊൽക്കത്തയിലേക്ക് എത്തിയത്‌. “കഴിഞ്ഞ തവണ കൊൽക്കത്തയിൽ ടൂർണമെന്റ് നടത്തിയപ്പോൾ ഉള്ള പ്രതികരണം ഞങ്ങളെ അതിശയിപ്പിച്ചു, അതിനാലാൺ അടുത്ത അഞ്ച് വർഷത്തേക്ക് ടൂർണമെന്റ് ഇവിടെ നടത്താൻ കമ്മിറ്റി തീരുമാനിച്ചത്,” ഡ്യുറാൻഡ് കപ്പിന്റെ ചെയർമാൻ കൂടിയായ റിപ്സ്വാൾ പറഞ്ഞു.

Exit mobile version