മഴയോട് മഴയിൽ മൊഹമ്മദൻസിനെ വീഴ്ത്തി ബെംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാർ

ഡ്യൂറണ്ട് കപ്പിലെ ഇന്നത്തെ മത്സരങ്ങൾക്ക് മഴ വില്ലനായി. ഇന്ന് നടക്കേണ്ടിയിരുന്ന സി ആർ പി എഫും ഇന്ത്യൻ എയർ ഫോഴ്സും തമ്മിലുള്ള മത്സരം മഴ കാരണം ഗ്രൗണ്ട് മോശമായതിനാൽ ഉപേക്ഷിക്കേണ്ടി വന്നു. നടന്ന മറ്റൊരു മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് മൊഹമ്മദൻസിനെ പരാജയപ്പെടുത്തി. ഗ്രൗണ്ടിലെ വെള്ളകെട്ടുകൾ കളിയുടെ താളം തന്നെ തെറ്റിച്ചു. ഈ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു യുണൈറ്റഡ് വിജയിച്ചത്.

രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 64ആം മിനുട്ടിൽ തോഖോം ജെയിംസ് സിംഗ് ആണ് ബെംഗളൂരു യുണൈറ്റഡിന് ലീഡ് നൽകിയത്. കളിയുടെ അവസാന മിനുട്ടിൽ ലൂക ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്‌. ഈ വിജയത്തോടെ ബെംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടം ഒന്നാമതായി ഫിനിഷ് ചെയ്തു. മൊഹമ്മദൻസും നേരത്തെ ക്വാർട്ടർ യോഗ്യത നേടിയിരുന്നു.