Screenshot 20230809 184000 X

ഡ്യൂറന്റ് കപ്പ്; പൊരുതി സമനില നേടി ഡൽഹി എഫ്സി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഇയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ഡൽഹി എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാൾ ക്ലബ്ബ് ത്രിഭുവൻ ആർമി എഫ്സിയേയാണ് ഡൽഹി സമനിലയിൽ തളച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ഗിരിക്ക് നേടിയ ഗോൾ ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു. ദിനേശ് ഹെഞ്ചാൻ നേപ്പാൾ ക്ലബ്ബിന് വേണ്ടി വല കുലുക്കി. ഡൽഹി ആദ്യ മത്സരത്തിൽ ഹൈദരാബാദിനോടും പോയിന്റ് പങ്കു വെച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റുമായി നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് അവർ. നാളെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് ചെന്നൈയിൻ എഫ്സിയെ നേരിടും.

മൂന്ന് സെൻട്രൽ ഡിഫന്റർമാരെ അണിനിരത്തി ആക്രമണാത്മകമായ ഫോർമേഷനിലാണ് ഡൽഹി കളത്തിൽ എത്തിയത്. ഏഴാം മിനിറ്റിൽ തന്നെ ത്രിഭുവന്റെ സുദിൽ ബോസ്‌കിലേക്ക് കുതിച്ച് പോസ്റ്റിന് മുന്നിൽ നിന്നും തൊടുത്ത ഷോട്ട് കീപ്പർ രക്ഷപ്പെടുത്തി. ഹിമാൻഷുവിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ത്രിഭുവൻ കീപ്പർ തട്ടിയകറ്റിയത് പോസ്റ്റിൽ തട്ടി തെറിച്ചു. 40ആം മിനിറ്റിൽ ത്രിഭുവൻ ആർമി ലീഡ് എടുത്തു. പന്ത് കൈക്കലാക്കുന്നതിൽ വലിയ പിഴവ് വരുത്തിയ കീപ്പറുടെ നീക്കം മുതലെടുത്ത് കമൽ നൽകിയ പാസിൽ ദിനേശ് ഹെഞ്ചാൻ ആണ് വല കുലുക്കിയത്.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ഡൽഹി ശ്രമങ്ങൾ ആരംഭിച്ചു. ഫഹദിന്റെ ക്രോസിൽ ഗിരിക്കിന് പോസ്റ്റിന് മുന്നിൽ നിന്നും ലക്ഷ്യം കാണാൻ ആയില്ല. വോളി ഉതിർക്കാനുള്ള ഹിമാൻഷുവിന്റെ ശ്രമവും പൊസിറ്റിന് മുകളിലൂടെ കടന്ന് പോയി. മറ്റൊരു അവസരത്തിൽ പന്ത് കൈക്കലാക്കുന്നതിൽ പിഴച്ച നേപ്പാൾ കീപ്പറുടെ പിഴവും മുതലെടുക്കാൻ ഹിമാൻഷുവിനായില്ല. ഗിരിക്കിന്റെ തകർപ്പൻ ഒരു ഷോട്ട് നേപ്പാൾ കീപ്പർ ബികേശ് മികച്ചൊരു ഡൈവിങ്ങിലൂടെ സേവ് ചെയ്തു. ഒടുവിൽ നിരവധി ശ്രമങ്ങൾക്ക് ശേഷം 87ആം മിനിറ്റിൽ ഡൽഹി സമനില ഗോൾ കണ്ടെത്തി. കുന്തലിന്റെ ന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചു വന്നപ്പോൾ തക്കം പാർത്തിരുന്ന ഗിരിക്ക് ഹെഡറിലൂടെ പന്ത് വലയിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു.

Exit mobile version