ഒരു കിരീടം കൂടെ, മുംബൈ സിറ്റിയെ വീഴ്ത്തി ബെംഗളൂരു എഫ് സി ഡൂറണ്ട് കപ്പ് ചാമ്പ്യൻസ്

ബെംഗളൂരു എഫ് സിയുടെ ട്രോഫി ക്യാബിനറ്റിലേക്ക് ഒരു കിരീടം കൂടെ. ഇന്ന് കൊൽക്കത്തയിൽ നടന്ന ഡൂറണ്ട് കപ്പ് ഫൈനലും മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ട് ഛേത്രിയും സംഘവും ഡൂറണ്ട് കിരീടം ഉയർത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം.

ഇന്ന് യുവതാരം ശിവശക്തിയെ ആദ്യ ഇലവനിൽ ഇറക്കി കൊണ്ടാണ് ബെംഗളൂരു എഫ് സി മത്സരം ആരംഭിച്ചത്. ഇത് ഗുണം ചെയ്തു. പതിനൊന്നാം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു ലീഡ് എടുത്തു‌. താരത്തിന്റെ ഡൂറണ്ട് കപ്പിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് 30ആം മിനുട്ടിൽ അപുയിയയിലൂടെ മുംബൈ സിറ്റി മറുപടി നൽകി. ആദ്യ പകുതി 1-1 എന്നവസാനിച്ചു.

ബെംഗളൂരു എഫ് സി

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ബെംഗളൂരു വിജയ ഗോളായി മാറിയ രണ്ടാം ഗോൾ സ്കോർ ചെയ്തത്. ഛേത്രി എടുത്ത കോർണർ അലൻ കോസ്റ്റ വലയിൽ എത്തിച്ചു. ഇത് ബെംഗളൂരു എഫ് സിക്ക് കിരീടം ഉറപ്പിച്ചു കൊടുത്തു.

ബെംഗളൂരുവിന്റെയും ഛേത്രിയുടെ ആദ്യ ഡൂറണ്ട് കപ്പ് കിരീടമാണിത്. ബെംഗളൂരു എഫ് സിയുടെ ഏഴാം കിരീടമാണിത്. അവർ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐ എസ് എൽ കിരീടവും, ഒരു സൂപ്പർ കപ്പും ഇതിനു മുമ്പ് നേടിയിട്ടുണ്ട്.