ഗോകുലം എഫ് സിക്ക് കിരീടം, ആദ്യ ടൂർണമെന്റിൽ സ്വപ്ന തുല്യമായ തുടക്കം

- Advertisement -

ആദ്യ ടൂർണമെന്റ് , ആദ്യ ഫൈനൽ, ഒഡീഷയിൽ ഗോകുലം എഫ് സിക്ക് മറികടക്കാനുള്ള സമ്മർദ്ദങ്ങൾ ഏറെയായിരുന്നു. എതിരാളികൾ ആണെങ്കിൽ കരുത്തരായ നാഗ്പൂർ ക്ലബായ റബ്ബാനിയും. പക്ഷെ ബിനോ ജോർജ്ജിനും കൂട്ടർക്കും കാലിടറിയില്ല. റബ്ബാനി ക്ലബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പ്പിച്ചു കൊണ്ട് കേരളക്കരയുടെ മൊത്തം പ്രതീക്ഷയും ഗോകുലം എഫ് സി കാത്തു. പതിമൂന്നാമത് ബിജു പട്നായിക് ട്രോഫിയാണ് ഗോകുലത്തിന്റെ പുതിയ പട മലപ്പുറത്തേക്ക് കൊണ്ടുവരുന്നത്.

മുമ്പ് നടന്ന രണ്ടു മത്സരങ്ങളിൽ നിന്നു മാറി പൂർണ്ണമായും താപ്പം കണ്ടെത്തിയ രീതിയിലായിരുന്നു ഗോകുലം എഫ് സിയുടെ ഇന്നത്തെ പ്രകടനം. ഷിയാദിന്റേയും റാഷിദിന്റേയും ബൂട്ടുകളാണ് ഇന്ന് ഗോകുലം എഫ് സിക്കു വേണ്ടി സ്കോർ ചെയ്തത്.

സെമിയിൽ സംഭാൽപ്പൂരിനെ പരാജയപ്പെടുത്തിയായിരുന്നു ഗോകുലം എഫ് സി ഫൈനലിലേക്ക് കടന്നത്. ആരിഫും ബിജേഷ് ബാലനുമായിരുന്നു സെമിയിൽ ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടത്. എഫ് എ ഒ കട്ടക്കും കപ്പിലേക്കുള്ള യാത്രയിൽ ഗോകുലത്തിനു മുന്നിൽ വീണിരുന്നു. ടൂർണമെന്റിൽ ഒറ്റഗോൾ വഴങ്ങാതെയാണ് ഗോകുലം എഫ് സി ചാമ്പ്യന്മാരായത്. ക്യാപ്റ്റൻ സുശാന്ത് മാത്യുവും ബെല്ലോ റസാക്കും നയിച്ച പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കാൻ ഒഡീഷയിൽ ആർക്കും ആയില്ല.

ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടിയ ടീമിന്റെ അടുത്ത പ്രധാന ലക്ഷ്യം അടുത്ത മാസം തുടങ്ങുന്ന കേരള പ്രീമിയർ ലീഗാണ്.

Advertisement