
കവരത്തി: കവരത്തി ലീഗ് ഫുട്ബോളിലെ ലീഗ് റൗണ്ട് മത്സരങ്ങളുടെ അവസാന ദിനം സമനിലകളുടേതായിരുന്നു. ആദ്യ കളിയിൽ രണ്ട് വീതം ഗോളുകളടിച്ച് അൺഎമ്പ്ലോയീസ് എഫ്സി (യുഎഫ്സി) യും നദീമും രണ്ടാം കളിയിൽ ഗോളുകളൊന്നുമടിക്കാതെ വിസിസിയും ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബും (എൽഎസ്സി) സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ലീഗിൽ നാലാം സ്ഥാനക്കാരായി വിസിസി പ്ലേ ഓഫ് റൗണ്ടിലേക്ക് കയറി. പതിനാല് പോയിന്റുകളുമായി യുഎഫ്സിയാണ് ലീഗ് റൗണ്ട് വിന്നർ.
യുഎഫ്സി- നദീം കളിയിൽ ആദ്യ പകുതിയിൽ തന്നെ സജീദിന്റെ ഇരട്ട ഗോളുകളിൽ യുഎഫ്സി മുന്നിലെത്തി. തുടർന്ന് രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച നദീം കവരത്തി സ്വദേശി ഹാഷിമിലൂടെ രണ്ട് ഗോളുകളും മടക്കി സമനില പിടിച്ചു. എന്നാൽ തുടർന്ന് വിജയത്തിനു വേണ്ടി ഇരു ടീമുകളും കഠിനമായി പൊരുതിയെങ്കിലും മത്സരം ഗോളുകളൊന്നും നേടാനാവാതെ മത്സരം സമനിലയിൽ തന്നെ അവസാനിച്ചു. നിർണായക ഘട്ടത്തിൽ ടീമിനു വേണ്ടി ഇരട്ട ഗോളുകൾ നേടി സമനില പിടിച്ച ഹാഷിമാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്. ഇതോടെ എട്ട് ഗോളുകളുമായി ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഹാഷിം ആയിരിക്കുകയാണ്. തൊട്ടു പിറകെ ആറ് ഗോളുകളുമായി റിഥത്തിന്റെ അബൂഷാബിനുമുണ്ട്. ജയിച്ചാൽ ലീഗ് റൗണ്ട് വിന്നറായി ക്വാളിഫയർ റൗണ്ടിലേക്ക് കയറാനുള്ള അവസരമാണ് നദീം സമനിലയോടെ നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനക്കാരായി ലീഗ് റൗണ്ട് അവസാനിപ്പിച്ച നദീമിന് എലിമിനേറ്റർ റൗണ്ട് കളിക്കണം.
രണ്ടാം കളിയിൽ നിലവിലെ ചാമ്പ്യന്മാരായ ലാക്കഡീവ്സ് ക്ലബ് വിസിസിയോട് ഗോൾരഹിത സമനില വയങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായി. ലീഗിലെ നാലാം സ്ഥാനക്കാരായി എലിമിനേറ്റർ റൗണ്ടിലേക്ക് കടക്കാൻ സമനില മതിയെന്നിരിക്കെ മികച്ച ഡിഫൻസ് കളിയാണ് വിസിസി പുറത്തെടുത്തത്. എൽഎസ്സിയുടെ മുന്നേറ്റങ്ങൾക്കൊന്നും വിസിസിയുടെ പ്രതിരോധ മതിലിനെ മറികടക്കാനായില്ല. വിസിസിയുടെ മുഹമ്മദ് സയ്ദാണ് മാൻ ഓഫ് ദി മാച്ച്. കിൽത്താൻ ദ്വീപുകാരനാണ് മുഹമ്മദ് സയ്ദ്.
നാളെ നടക്കുന്ന ക്വാളിഫയർ മത്സരത്തിൽ ലീഗ് റൗണ്ട് ഒന്നാം സ്ഥാനക്കാരായ യുഎഫ്സി രണ്ടാം സ്ഥാനക്കാരായ റിഥം ക്ലബ്ബിനെ നേരിടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. മറ്റന്നാൾ നടക്കുന്ന എലിമിനേയർ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ നദീം നാലാം സ്ഥാനത്തുള്ള വിസിസിയേയും നേരിടും. ഇതിൽ ജയിക്കുന്ന ടീമുമായിട്ടായിരിക്കും ക്വാളിഫയർ മത്സരത്തിൽ തോൽക്കുന്ന ടീമിന്റെ കളി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial