
കവരത്തി: പെനാൽട്ടി ഷൂട്ടൗട്ടിൽ റിഥത്തിനെ പരാജയപ്പെടുത്തി അൺഎമ്പ്ലോയീസ് ക്ലബ് (യുഎഫ്സി) കവരത്തി ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. റിഥത്തിന്റെ സ്റ്റാർ പ്ലയർ അബൂഷാബിന്റെയും ലിളാറിന്റേയും പെനാൽറ്റി ലക്ഷ്യം തെറ്റിയപ്പോൾ തങ്ങളുടെ എല്ലാ അവസരങ്ങളും അടിച്ച് കയറ്റി യുഎഫ്സി ഫൈനലിലേക്ക് കടന്നു. നിശ്ചിത സമയത്ത് കളിയവസാനിച്ചപ്പോൾ ഓരോ ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ തുടർന്നു. ആദ്യ പകുതിൽ ജാബിറിന്റെ ഗോളിൽ യുഎഫ്സി മുന്നിലായിരുന്നു. എന്നാൽ പൊരുതിക്കളിച്ച റിഥം സാഹിലിലൂടെ രണ്ടാം പകുതിയിൽ ഗോൾ മടക്കി. കവരത്തി സ്വദേശികളാണ് രണ്ട് പേരും. കളത്തിൽ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തതിനെ തുടർന്ന് കളത്തിനു പുറത്തേക്കും വാഗ്വാദം നീണ്ടു. അൺഎമ്പ്ലോയിസിന്റെ ജാബിർ,ഉമർ, ഫൈസൽ എന്നിവർക്ക് മഞ്ഞക്കാർക്ക് ലഭിച്ചു.
ഫൗളുകളെച്ചൊല്ലി റഫറിയുമായുള്ള വാഗ്വാദത്തെ തുടർന്ന് യുഎഫ്സിയുടെ മാനേജരായ ഉമറിനും റിഥത്തിന്റെ മാനേജരായ നസീമുദ്ദീനും റഫറി താക്കീത് നൽകി. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. റിഥത്തിനു വേണ്ടി ആദ്യ കിക്കെടുത്ത ഇസ്മായിൽ ബോൾ വലയിലെത്തിച്ചപ്പോൾ രണ്ടാമത്തെ കിക്കടുത്ത അബൂഷാബിന്റെ അടി പുറത്തേക്കാണ് പോയത്. മറു വശത്ത് തങ്ങളുടെ അവസരങ്ങൾ യുഎഫ്സി ഗോളാക്കിക്കൊണ്ടിരുന്നപ്പോൾ റിഥത്തിനു വേണ്ടി മൂന്നാം കിക്കെടുത്ത ലിളാറിന്റേയും പെനാൽറ്റി കിക്ക് പുറത്തേക്ക് പോയതോടെ റിഥത്തിനു കളി കൈവിട്ടു. യുഎഫ്സിക്ക് വേണ്ടി സമീർ, നസറുള്ള, അൻവർ, ഫർഹാൻ എന്നിവർ പെനാൽറ്റി ഗോളാക്കിയപ്പോൾ റിഥത്തിനു വേണ്ടി ഇസ്മായിലും വാസിയും പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോയും ജയം യുഎഫ്സിയോടൊപ്പമായിരുന്നു. പരാജയപ്പെട്ടെങ്കിലും എലിമിനേറ്ററിൽ ജയിക്കുന്ന ടീമിനെ തോൽപ്പിക്കാനായാൽ റിഥത്തിനു ഫൈനലിൽ കയറാം.
നാളെ നടക്കുന്ന എലിമിനേറ്ററിൽ വിസിസി നദീം എന്റർപ്രൈസസിനെ നേരിടും. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഒരു ഗോളിനു നദീമായിരുന്നു ജയിച്ചത്. ലീഗ് റൗണ്ടിലേറ്റ തോൽവിക്ക് പകരം വീട്ടി സെമിയിൽ കടക്കാനാവും നാളെ വിസിസി ഇറങ്ങുക. നാളെ തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്നും പുറത്താകും. ജയിക്കുന്ന ടീമിനു റിഥവുമായിട്ടായിരിക്കും സെമി ഫൈനൽ. കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം നാലരക്കാണ് വിസിസി- നദീം മത്സരം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial