KLF : റിഥത്തിന്റെ കുതിപ്പ് തടഞ്ഞ് യുഎഫ്സി

കവരത്തി : കവരത്തി പ്രീമിയർ ലീഗിൽ വിസിസിക്കും അൺഎമ്പ്ലോയീസ് ക്ലബ്ബിനും (യുഎഫ്സി) വിജയം.‌ വിസിസി ഷാർക്ക് എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചപ്പോൾ ഇത് വരെ ടൂർണമെന്റിൽ പരാജയങ്ങളിയാതെ മികച്ച ഫോമിൽ കുതിക്കുന്ന റിഥത്തെയാണ് യുഎഫ്സി തോൽപ്പിച്ചത്.

കവരത്തി ലീഗ് ഫുട്ബോൾ അവസാനത്തോട് അടുക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിൽ കയറിപ്പറ്റാൻ വിജയത്തിൽ കുറഞ്ഞത് ഒന്നും പോര എന്ന ഉത്തമ ബോധ്യത്തോട് കൂടിയായിരുന്നു വിസിസി ഷാർക്ക് എഫ്സിക്കെതിരെ കളത്തിലിറങ്ങിയത്. അഗത്തി സ്വദേശി അൻസാറാണ് വിസിസിക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുകളോട് കൂടി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് വിസിസി. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ അവസാന മത്സരത്തിൽ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബി(എൽഎസ്സി) നെതിരെ വിജയിക്കാനായാൽ നാലാം സ്ഥാനക്കാരായി വിസിസിക്ക് എലിമിനേറ്റർ റൗണ്ടിലേക്ക് കയറാവുന്നതാണ്. എന്നാൽ അടുത്ത കളിയിൽ വിസിസി പരാജയപ്പെടുകയും ഫോർത്ത് ട്രാൻസ്പോർട്ടിനെതിരെ മികച്ച ഗോൾ മാർജിനിൽ ഷാർക്ക് എഫ്സി വിജയിക്കുകയും ഇനിയുള്ള രണ്ട് മത്സരങ്ങളിലും ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബ് വിജയിക്കുകയും ചെയ്താൽ വിസിസിയുടെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിക്കാനാണ് സാധ്യത.

രണ്ടാം കളിയിൽ ഇത് വരെ പരാജയമറിയാതെ കുതിക്കുകയായിരുന്ന റിഥം ക്ലബ്ബിനെയാണ് യുഎഫ്സി തോൽപ്പിച്ചത്. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ഭാഗ്യം യുഎഫ്സിയോടൊപ്പമായിരുന്നു. കവരത്തി സ്വദേശി ജാബിറാണ് യുഎഫ്സിക്ക് വേണ്ടി ഏക ഗോൾ നേടിയത്. യുഎഫ്സിക്ക് ലഭിച്ച പെനാൽറ്റി കല്പേനി സ്വദേശി ഫർഹാൻ പാഴാക്കുകയും ചെയ്തു. ആവേശം അതിരു വിട്ടപ്പോൾ റഫറിക്ക് രണ്ട് തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. റിഥത്തിന്റെ വാസിക്കും യുഎഫ്സിയുടെ സമീറിനുമാണ് മഞ്ഞക്കാർഡ് ലഭിച്ചത്. പതിമൂന്ന് വീതം പോയിന്റുകളുമായി ഇരു ടീമും ഒപ്പത്തിനൊപ്പം ആണെങ്കിലും ഗോൾ ശരാശരിയിൽ റിഥം തന്നെയാണ് പോയിന്റ് ടേബിളിൽ മുന്നിൽ. റിഥത്തിന്റെ കളികൾ എല്ലാം അവസാനിച്ചെങ്കിലും യുഎഫ്സിക്ക് നദീമിനെതിരെയുള്ള ഒരു മത്സരം ബാക്കിയാണ്.

കവരത്തിൽ ലീഗിൽ ആദ്യ നാലു സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് യോഗ്യത. ലീഗ് വിന്നറും ലീഗ് ഫസ്റ്റ് റണ്ണേഴ്സ് അപ്പും തമ്മിലുള്ള ക്വാളിഫയർ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനൽ യോഗ്യത നേടും. ടേബിളിൽ മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിൽ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ വിജയിക്കുന്ന ടീമും ക്വാളിഫയർ മത്സരത്തിൽ തോൽക്കുന്ന ടീമും തമ്മിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന ടീമായിരിക്കും മറ്റൊരു ഫൈനലിസ്റ്റ്. ഇപ്പോഴത്തെ സ്ഥിതി വെച്ച് റിഥം, യുഎഫ്സി, വിസിസി, നദീം ക്ലബ്ബുകൾ പ്ലേയോഫിലേക്ക് യോഗ്യത നേടാനാണ് സാധ്യത. നാളെ നടക്കുന്ന കളിയിൽ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബ് നദീമിനേയും ഷാർക്ക് എഫ്സി ഫോർത്ത് ട്രാൻസ്പോർട്ടിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്ര വിജയത്തോടെ ഫെഡറർക്ക് വിംബിൾഡൺ കിരീടം
Next articleMSPയെ മലർത്തിയടിച്ച് പാലക്കാടൻ കാറ്റ്, BEMHSS സുബ്രതോ കപ്പ് കേരള ചാമ്പ്യൻസ്