U16 ഐ-ലീഗ്‌: പ്രോഡിജിയുടെ പടയോട്ടം

അണ്ടർ 16 ഐ-ലീഗ്‌ കേരള സോണിന്റെ നാലാം റൗണ്ട്‌ മൽസരങ്ങൾ അവസാനിച്ചപ്പോൾ കോവളം എഫ്‌.സിയെ 3-0 എന്ന സ്കോറിനു തകർത്ത്‌ പ്രോഡിജി അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. കളിച്ച 4 മൽസരങ്ങളിലും പരാജയമറിയാതെ മുന്നേറുന്ന പ്രോഡിജി ഇതു വരെ 10 ഗോളുകളടിച്ച്‌ 2 ഗോളുകൾ മാത്രമാണു വഴങ്ങിയത്‌. 4 കളികളിൽ നിന്നു 12 പോയിന്റും മികച്ച ഗോൾ ശരാശരിയുമുള്ള പ്രോഡിജിക്ക്‌ ഭീഷണിയുയർത്താൻ നിലവിൽ രണ്ടാം സ്ഥാനക്കാരായ റെഡ്‌ സ്റ്റാറിനു കഴിയുമെന്നു തോന്നുന്നില്ല.

പ്രോഡിജിക്കു പിറകെ കുതിച്ചിരുന്ന റെഡ്‌ സ്റ്റാർ കഴിഞ്ഞ മൽസരത്തിൽ മൂന്നാം സ്ഥാനത്തുള്ള സെപ്റ്റിനോട്‌ സമനിലയിൽ പിരിഞ്ഞതോടെയാണു റെഡ്‌ സ്റ്റാറിന്റെ പ്രതീക്ഷകൾ അവസാനിച്ചത്‌. ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിനു വിജയം അനിവാര്യമായിരുന്ന മൽസരത്തിൽ ഹോം ഗ്രൗണ്ടിന്റെ മുൻ തൂക്കം കൂടിയുണ്ടായിരുന്നെങ്കിലും റെഡ്‌ സ്റ്റാറിനു നേരിടേണ്ടി വന്നതു സെപ്റ്റിന്റെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനത്തെയായിരുന്നു. ടൂർണ്ണമെന്റിൽ സെപ്റ്റിന്റെ ആദ്യ ഗോൾ പിറന്ന മൽസരത്തിൽ 3 – 3 എന്ന സ്കോറിനാണു മൽസരം അവസാനിച്ചത്.

fb_img_1479096136513

രണ്ടു വീതം മൽസരങ്ങൾ എല്ലാ ടീമുകൾക്കും അവസാനിക്കുമ്പോൾ രണ്ടിലും റെഡ്‌ സ്റ്റാർ ജയിക്കുകയും പ്രോഡിജി പരാജയപ്പെടുകയും ചെയ്താലെ ഇനി റെഡ്‌ സ്റ്റാറിനു സാധ്യതയുള്ളു എന്നാൽ നിലവിലെ ഫോം വെച്ച്‌ പ്രോഡിജിയെ പരാജയപ്പെടുത്തുകയെന്നതു അത്ര സുഖകരമാകില്ല. പൊരുതി നൊക്കാൻ തന്നെ റെഡ്‌ സ്റ്റാർ ഒരുങ്ങുമ്പോൾ റെഡ്‌ സ്റ്റാറും പ്രോഡിജിയും തമ്മിലേറ്റുമുട്ടുന്ന അടുത്ത മത്സരത്തില്‍ തീപാറുമെന്നുറപ്പ്‌. 21/11 തിങ്കളാഴ്ച്ച വൈകിട്ടു നാലു മണിക്ക്‌ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണു മൽസരം.

ഒന്നാം സ്ഥാനത്തേക്കുള്ള പോരാട്ടം പോലെ തന്നെ ആവേശം നിറഞ്ഞതാകാൻ പോവുകയാണു ടൂർണമെന്റിൽ അവസാന സ്ഥാനക്കാരാക്കാതിരിക്കാനുള്ള കോവളം എഫ്‌.സിയുടെയും സെപ്റ്റിന്റേയും പോരാട്ടം. നാലു കളികളിൽ ഒരു സമനിലയിലൂടെ നേടിയ ഒരു പോയിന്റു മാത്രം സമ്പാദ്യമായുള്ള കോവളം എഫ്‌.സിക്കെതിരെ ഒരു പടി മുന്നിലാണു അത്ര തന്നെ കളികളിൽ നിന്നു രണ്ടു സമനിലകളിലൂടെ രണ്ടു പോയിന്റ്‌ നേടിയ സെപ്റ്റ്‌. രണ്ടു ടീമുകളും പരസ്പരം ഏറ്റുമുട്ടാൻ പോകുന്ന അടുത്ത മൽസരം സ്വന്തം ഗ്രൗണ്ടിലാണെന്നുള്ളത്‌ സെപ്റ്റിനു മുൻ തൂക്കം നൽകുമെങ്കിലും തുടക്കം മുതൽ പല സാങ്കേതിക പ്രശ്നങ്ങളലട്ടുന്ന കോവളം നഷ്ടപ്പെടാൻ ഒന്നുമില്ലാതെ പൊരുതാനിങ്ങുമ്പോൾ കോഴിക്കോട്‌ ഇ.എം.എസ്‌ സ്റ്റേഡിയം ഒരു മികച്ച പോരാട്ടത്തിനു സാക്ഷിയാകും. 20/11 ഞായറാഴ്ച വൈകിട്ടു നാലു മണിക്കാണു മൽസരം.

Previous article​ഫ്രാങ്ക് ലംപാർഡ് ന്യൂയോർക്ക് സിറ്റി എഫ് സി വിട്ടു.
Next articleലൂയിസ് ഹാമിള്‍ട്ടണ്‍: വിദൂര സാധ്യതയായി ഒരു ചാമ്പ്യന്‍ഷിപ്പ് മോഹം.