അണ്ടർ 10 ലീഗ്, സെമിയിൽ രണ്ടു ടീം കോഴിക്കോടു നിന്ന്

സംസ്ഥാന അണ്ടർ 10 ലീഗ് സെമി ലൈനപ്പായി‌. എളമക്കര അക്കാദമി, റോയൽ സ്പോർട്സ് ക്ലബ്, എലൈറ്റ് അക്കാദമി, യു എസ് അക്കാദമി എന്നീ‌ ടീമുകളാണ് പ്രഥമ അണ്ടർ 10 ലീഗിന്റെ സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. നാലു ക്ലബിൽ രണ്ടു ക്ലബുകൾ കോഴിക്കോടു നിന്നാണ്. റോയൽ സ്പോർട്സ് ക്ലബും യു എസ് അക്കാദമിയും. എളമക്കര ഫുട്ബോൾ അക്കാദമി എറണാകുളത്തു നിന്നും എലൈൻ ഗ്രാസ് റൂട്ട് അക്കാദമി പാലക്കാടു നിന്നുമാണ്.

ഇരു പാദങ്ങളായി നടന്ന ക്വാർട്ടർ ഫൈനൽ കടന്നാണ് നാലു ക്ലബുകളും സെമിയിൽ എത്തിയത്. എളമക്കര അക്കാദമി ഇരുപാദങ്ങളിലായി 3-2 എന്ന സ്കോറിന് കെ എഫ് ടി സി കോഴിക്കോടിനെയാണ് ക്വാർട്ടറിൽ മറികടന്നത്. സെന്റ് ബേർത്തലോമോ അക്കാദമിയെ ക്വാർട്ടറിൽ നേരിട്ട റോയൽ സ്പോർട്സ് ക്ലബ് ഇരു പാദങ്ങളിലായി 16-0 എന്ന കൂറ്റൻ വിജയമാണ് നേടിയത്.

പാലക്കാട് എലൈറ്റ് അക്കാദമിക്ക് എതിരാളികൾ പ്രോഡിജി മലപ്പുറമായിരുന്നു. മലപ്പുറത്ത് നടന്ന ആദ്യ പാദത്തിൽ 2-2 സമനില പാലിച്ച  ഇരുടീമുകളും പാലക്കാട് രണ്ടാം പാദത്തിനെത്തിയപ്പോൾ കളി മാറി. എലൈറ്റ് അക്കാദമി 4-2 എന്ന സ്കോറിന് പ്രോഡിജി മലപ്പുറത്തെ സ്വന്തം മണ്ണിൽ വീഴ്ത്തി.

പ്രോഡിജി തൃശ്ശൂരും യു എസ് അക്കാദമി കോഴിക്കോടും തമ്മിലുള്ള മത്സരവും ഏകപക്ഷീയമായിരുന്നു. ആദ്യ പാദത്തിൽ 2-0 എന്ന സ്കോറിന്റെ എവേ വിജയം നേടിയ യു എസ് അക്കാദമി രണ്ടാം പാദത്തിൽ സ്വന്തം നാട്ടിൽ 3-1 എന്ന സ്കോറിന് പ്രോഡിജിയെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ചു. പരീക്ഷ ഇടവേള കഴിഞ്ഞാകും സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

Previous articleഇരട്ടചങ്കുള്ള കാനറി
Next articleമികച്ച വിജയവുമായി സസ്സെക്സ്, മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെ മറികടന്ന് ആഷസ് ക്രിക്കറ്റ് ക്ലബ്ബ്