പെനാൽറ്റി ഷൂട്ടൗട്ടിൽ നദീം ഫൈനലിൽ; യുഎഫ്സി – നദീം ഫൈനൽ നാളെ

കവരത്തി : കവരത്തി ലീഗ് ഫുട്ബോളിൽ സെമി ഫൈനലിൽ റിഥത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് നദീം എന്റർപ്രൈസസ് ഫൈനലിൽ കടന്നു‌. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ആദ്യ പകുതിയിൽ തന്നെ അമിനി സ്വദേശി നാസറിലൂടെ റിഥം മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച നദീം കവരത്തി സ്വദേശി മുജീബിലൂടെ സമനില പിടിച്ചു. പിന്നീട് ഇരു ടീമുകളും ഗോളിനായി ആഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നദീമിന്റെ സൈനുദ്ദീനും റിഥത്തിന്റെ വാസിക്കും മഞ്ഞക്കാർഡ് ലഭിച്ചു. നിശ്ചിത സമയത്ത് സമനില പാലിച്ചതിനെ തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി. ക്വാളിഫയർ റൗണ്ടിൽ യുഎഫ്സിയോട് പെനാൽറ്റി ഷൂട്ടൗട്ടിലേറ്റ തോ‌ൽവിയുടെ സമ്മർദ്ദത്തിൽ ആദ്യ കിക്കെടുത്ത റിഥത്തിന്റെ ഇസ്മായിലിനു തന്നെ പിഴച്ചു. ബോൾ പുറത്തേക്ക്. മറുവശത്ത് നദീമിനു വേണ്ടി കേരള സ്വദേശി ഉസ്മാൻ ആഷിഖ് പെനാൽറ്റി വലയിലെത്തിച്ചു. തുടർന്ന് റിഥത്തിനു വേണ്ടി കിക്കെടുത്ത നാസർ, വാസി, അബൂഷാബിൻ എന്നിവർ ബോൾ വലയിലെത്തിച്ചുവെങ്കിലും മറുവശത്ത് നദീം അവസരങ്ങൾ നഷ്ടപ്പെടുത്താത്തതിനാൽ 3-5 നു നദീം ഷൂട്ടൗട്ടിൽ വിജയിച്ചു. നദീമിനു വേണ്ടി ഉസ്മാൻ ആഷിഖ്, ഹാഷിം, സവാദ്,മുജീബ്, സലാഹ് എന്നിവരാണ് പെനാൽറ്റി വലയിലെത്തിച്ചത്. നദീമിന്റെ സവാദാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

ക്വാളിഫയർ മത്സരത്തിലും പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി ഏറ്റുവാങ്ങിയ റിഥത്തിനു നിർഭാഗ്യത്തിന്റെ ദിവസമായിരുന്നു ഇന്നും. തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് കണ്ണീരോടെയാണ് റിഥം കളിക്കാർ കളം വിട്ടത്. അൺഎമ്പ്ലോയിസുമായുള്ള നദീമിന്റെ ഫൈനൽ നാളെയാണ്. കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലരക്കാണ് ഫൈനൽ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുർട്ട് സൂമ സ്റ്റോക്ക് സിറ്റിയിൽ
Next articleഅത്ലറ്റിക്കോ മാഡ്രിഡിന്റെ താരം ന്യുകാസിലിലേക്ക്