
ഇന്ന് നടന്ന കവരത്തി ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ നദീം ക്ലബ്ബ് 4-1 നു ഫോർത്ത് ട്രാൻസ്പോർട്ടിനേയും ഷാർക്ക് എഫ്സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിനേയും പരാജയപ്പെടുത്തി.
നദീം ക്ലബ്ബും ഫോർത്ത് ട്രാൻസ്പോർട്ടും തമ്മിൽ നടന്ന ആദ്യ കളിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നദീം വിജയിച്ചത്. കളിച്ച നാലു കളികളിലും വിജയമറിയാതെ കിതച്ച് കൊണ്ടിരിക്കുന്ന ഫോർത്ത് ട്രാൻസ്പോർട്ട് പോയിന്റ് പട്ടികയിൽ സമ്പൂജ്യരായി അവസാന സ്ഥാനത്താണ്. കളിച്ച മൂന്ന് കളികളിലും പരാജയമറിയാതെ കുതിക്കുന്ന നദീമിനു ഒമ്പത് പോയിന്റുമുണ്ട്. ആദ്യ പകുതിയിൽ 2-1 നു മുന്നിട്ട് നിന്ന നദീം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി അടിച്ച് കൂട്ടി. നദീമിനു വേണ്ടി കേരള സ്വദേശി ഉസ്മാൻ ആഷിഖ് രണ്ട് ഗോളുകളും കടമത്തുകാരനായ ഇമ്രാനും കവരത്തിക്കാരനായ മുജീബും ഓരോ ഗോളുകൾ വീതം നേടി. അഗത്തി സ്വദേശി അഫ്സലിന്റെ വകയായിരുന്നു ഫോർത്ത് ട്രാൻസ്പോർട്ടിന്റെ ആശ്വാസ ഗോൾ. നാലു കളികൾ പിന്നിടുമ്പോൾ ടൂർണമെന്റിൽ ഫോർത്ത് ട്രാൻസ്പോർട്ടിന്റെ ഏക ഗോളാണിത്. ഇരട്ട ഗോളുകൾ നേടിയ ഉസ്മാൻ ആഷിഖാണ് മാൻ ഓഫ് ദി മാച്ച്. മൂന്ന് കളികളിൽ നിന്നും ഒമ്പത് പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നദീം.
നാലരക്ക് നടന്ന രണ്ടാം കളിയിൽ നിലവിലെ ചാമ്പ്യന്മാരായ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഷാർക്ക് എഫ്സി പരാജയപ്പെടുത്തി. പോയിന്റ് ടേബിളിൽ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ നിലയും പരിതാപകരമാണ്. നാലു കളികളിൽ നിന്ന് കേവലം മൂന്ന് പോയിന്റ് മാത്രമാണ് ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിന് നേടാനായത്. ഷാർക്ക് എഫ്സിക്ക് വേണ്ടി ഷഫീക്കും മുഹമ്മദ് സയ്ദും ഓരോ ഗോളുകൾ വീതം നേടി. നാലു കളികളിൽ കവരത്തി സ്വദേശി ഷഫീക്ക് നേടുന്ന മൂന്നാമത്തെ ഗോളാണിത്. അമിനിക്കാരൻ മുഹമ്മദ് സയ്ദാണ് മാൻ ഓഫ് ദി മാച്ച്.
നാളെ ആദ്യ കളിയിൽ നദീം റിഥം ക്ലബ്ബിനേയും ഫോർത്ത് ട്രാൻസ്പോർട്ട് അൺഎമ്പ്ലോയീസിനേയും നേരിടും. നാലു കളികളിൽ നിന്ന് പത്ത് പോയിന്റുമായി റിഥം ക്ലബ് പോയിന്റ് ടേബിളിൽ ഏറ്റവും മുന്നിലാണ്.
കവരത്തി ലീഗ് ഫുട്ബോൾ പോയിന്റ്സ്. കളിച്ച കളികളുടെ എണ്ണം ബ്രാക്കറ്റിൽ.
റിഥം – 10 (4)
നദീം – 9 (3)
അൺ എമ്പ്ലോയീസ് ക്ലബ് – 7 (3)
വിസിസി – 4 (4)
ഷാർക്ക് എഫ്സി – 4 (4)
ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് – 3 ( 4)
ഫോർത്ത് ട്രാൻസ്പോർട്ട് – 0 (4)
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial