മിഷൻ സോക്കർ അക്കാദമിയ്ക്ക് ലോക കപ്പ് ഉന്മാദത്തിന്റേതല്ല, കനിവും ആസ്വാദനവും നിറഞ്ഞ കാൽപ്പന്ത് പാഠങ്ങളുടെ കാലമാണ്

- Advertisement -

ലോക കപ്പ് ഫുട്ബോളിന്റെ പശ്ചാതലത്തിൽ ആരോഗ്യകരമായി ഈ ലോകോത്തര കായിക വിനോദത്തെ ആസ്വദിക്കുക അതിൽ നിന്ന് കിട്ടുന്ന കളി പാഠങ്ങൾ സ്വായത്തമാക്കി, വരും കാലങ്ങളിൽ നമ്മുടെ നാടിനെയും അതിലെ നേരിട്ടുള്ള പങ്കാളികളാക തക്ക സോക്കർ ശക്തികളായി വളർത്തുക എന്നീ ചിന്തകളിൽ നിന്നെല്ലാം അകന്ന്, താൽക്കാലികമായെങ്കിലും വെറും കാണികളായിട്ടുള്ള നമ്മൾ, വിശിഷ്യാ കേരളക്കാർ, ഒരു ആവശ്യത്തിനും അതിനപ്പുറവും ഫുട്ബോൾ ലഹരി മൂത്ത് അന്യ രാജ്യങ്ങൾക്ക് വേണ്ടി ജയ് വിളികളും പരസ്പ്പരം വാഗ്വാദങ്ങളും കലഹങ്ങളുമായി സമയത്തെയും സമ്പത്തിനെയും ആരോഗ്യത്തെയും പരിതി വിട്ട് ദുർവ്യയം ചെയ്തും, ഉന്മാദത്തിലാറാടിയും, എന്തിനേറെ ചിലർ ജീവൻ പോലും കളഞ്ഞു കൊണ്ടിരിയ്ക്കുന്ന സന്ദർഭത്തിൽ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനം കേന്ദ്രീകരിച്ച് കുട്ടികൾക്ക് സൗജന്യമായി ഫുട്ബോൾ പരിശീലനം നൽകി വരുന്ന മിഷൻ സോക്കർ അക്കാദമിയിലെ കുട്ടി താരങ്ങൾ വ്യത്യസ്ഥരാവുകയാണ്. തങ്ങളുടെ പഠനവും, ഫുട്ബോൾ പരിശീലനവും ഒരു ദിവസം പോലും മുടക്കാതിരിക്കുന്ന കുട്ടികൾ അക്കാദമി രൂപീകരിച്ചതിന് ശേഷം ആദ്യമായി നടയ്ക്കുന്ന ലോക കപ്പ്-2018നെ ഉന്നതവും ആസ്വാദകരവുമായ അതി ബൃഹത്തായ ഒരു കാൽപ്പന്തധ്യായമായി കാണുന്നതിനിടയിൽ തന്നെ മറ്റൊരു വലിയ കാര്യം കൂടെ ചെയ്യുകയാണ്. കടുത്ത വൃക്ക രോഗത്താൽ ദുരിതം അനുഭവിയ്ക്കുന്ന അരിമ്പ്രയിലെ സുമതി എന്ന അംഗൻവാടി അധ്യാപികയുടെ ചികിത്സാ സഹായ നിധിയിലേക്ക് തങ്ങളുടെ പഠനത്തിനും പരിശീലനത്തിനുമിടയിൽ വീണു കിട്ടിയ സമയമുപയോഗിച്ച് പണം ശേഖരിച്ചു നൽകികൊണ്ടാണ് ഈ കുട്ടികൾ മാതൃക കൂടി സൃഷടിച്ചിരിക്കുന്നത്.

ലോക കപ്പ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് പിന്നിട്ടപ്പോഴേക്കും അക്കാദമിയിലെ കുട്ടികൾ സ്വന്തമായും തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സമാഹരിച്ച 31750/-രൂപ ആദ്യ ഗഡു എന്ന നിലയ്ക്ക് അരിമ്പ്ര ഗവ.വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്തെ തങ്ങളുടെ സ്ഥിരമായുള്ള പരിശീലന ക്യാമ്പിനിടെ ഇന്ന് കാലത്ത് നടന്ന ലളിതമായ ചടങ്ങിൽ വച്ച് സുമതി ചികിത്സാ സഹായ സമിതി ചെയർമാനും മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ. കെ.എം സലീം മാസ്റ്റർക്ക് കൈമാറി. “ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളൂ” എന്നതിന് ഉത്തമോദാഹാരണമാണ് ഫുട്ബോൾ താരങ്ങളായ കൊച്ചു കുട്ടികൾ ഈ ലോകകപ്പുന്മാദ കാലത്തുപോലും ഇവിടെ പ്രകടിപ്പിച്ച ഈ സഹജീവി സ്നേഹം എന്ന് കെ.എം സലീം മാസ്റ്റർ ചടങ്ങിൽ ആവർത്തിച്ച് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement