KLF| കവരത്തിയിൽ രണ്ടാം ദിനം ഗോൾമഴ

- Advertisement -

2 മത്സരങ്ങൾ, 8 ഗോളുകൾ! അക്ഷരാർത്ഥത്തിൽ ഗോൾമഴ തന്നെയായിരുന്നു കെ ലീഗിൽ ഇന്നത്തെ മത്സരങ്ങളിൽ കണ്ടത്. കാണികളെ ആവേശം കൊള്ളിച്ച അക്രമണ ഫുട്ബോളിന്റെ വന്യത ഇരു കളികളും നിറഞ്ഞു നിന്നു. ഇന്നലെ വി.സി.സിയും, റിഥവും നിർത്തിയിടത്ത് നിന്നായിരുന്നു ഇന്ന് മത്സരങ്ങൾ തുടങ്ങിയത്.

വൈകിട്ട് 3 നു നടന്ന ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എൽ.എസ്.സി മറുപടിയില്ലാത്ത 3-0 ഗോളുകൾക്ക് 4 എച്ച് ട്രാൻസ്പോർട്ടിനെ തകർത്ത് തുടക്കം ഗംഭീരമാക്കി. എൽ.എസ്.സിക്കായി കവരത്തി സ്വദേശികളായ അമീൻ, നൗഫൽ എന്നിവർ ഗോൾ നേടിയപ്പോൾ കൽപ്പേനി സ്വദേശിയായ സഫറിന്റെ സെൽഫ് ഗോൾ ഗോളിപ്പട്ടിക തികച്ചു. ആദ്യപകുതിയിൽ 1-0 ത്തിനു പിന്നിലായ 4 എച്ച് ട്രാൻസ്പോർട്ട് രണ്ടാം പകുതിയിൽ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും എൽ.എസ്.സിയുടെ കരുത്തിന് മുമ്പിൽ അടിയറവ് പറയുകയായിരുന്നു. ചാമ്പ്യന്മാർക്കായി നിറഞ്ഞ് കളിച്ച അമീനാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്.

സന്തോഷ് ട്രോഫി താരവും കവരത്തി സ്വദേശിയുമായ ഹാഷിമിന്റെ ഉഗ്രൻ പ്രകടനത്തിനാണ് വൈകിട്ട് 4.30 നു നടന്ന രണ്ടാം മത്സരം സാക്ഷിയായത്. ഷാർക്ക് എഫ്.സിക്കെതിരെ നദീമിനായി ഇരു പകുതികളിലായി 4 ഗോളുകളാണ് കളം നിറഞ്ഞ് കളിച്ച ഹാഷിം അടിച്ച് കൂട്ടിയത്. ഹാഷിമിന്റെ മികവിൽ 4-1 ന്റെ വമ്പൻ ജയമാണ് നദീം ഷാർക്ക് എഫ്.സിക്കെതിരെ സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഷഫീഖിന്റെ വകയായിരുന്നു ഷാർക്ക് എഫ്.സിയുടെ ആശ്വാസഗോൾ. മികച്ച പ്രകടനത്തോടെ എതിരാളികൾക്ക് വലിയ മുന്നറിയിപ്പാണ് നദീം നൽകിയത്.

രണ്ട് മത്സരങ്ങൾ തന്നെയാണ് കെ ലീഗിൽ നാളെയും നടക്കാനുള്ളത്. നാളെത്തെ വൈകിട്ട് 3 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്നത്തെ പരാജയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന 4 എച്ച് ട്രാൻസ്പോർട്ട് വി.സി.സിയെ നേരിടും. അതേ സമയം 4.30തിനു നടക്കുന്ന രണ്ടാം മത്സരത്തിൽ ചാമ്പ്യന്മാരായ എൽ.എസ്.സിയുടെ എതിരാളികൾ യു.എഫ്.സിയാണ്. ഇന്നത്തെ പോലെത്തെ ഗോൾമഴ തന്നെയാവും ആരാധകർ നാളെയും പ്രതീക്ഷിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement