ഇന്റർ ഐലന്റ് : ആന്ത്രോത്തിനെ വീഴ്ത്തി കവരത്തി തുടങ്ങി

ആന്ത്രോത്ത് : ഇന്റർ ഐലന്റ് അഡ്മിനിസ്റ്റ്രേറ്റീവ് പ്രൈസ് മണി ടൂർണമെന്റിന് ആവേശകരമായ തുടക്കം. ലക്ഷദ്വീപ് എം.പി പി പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ ആതിഥേയരായ ആന്ത്രാത്തും ലക്ഷദ്വീപിലെ ഫുട്ബോൾ ശക്തികളായ കവരത്തിയും തമ്മിലായിരുന്നു ആദ്യ മത്സരം. ഇരു ടീമുകളും സന്തോഷ് ട്രോഫി താരങ്ങളെയടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് വാശി പോരാട്ടത്തിനിറങ്ങിയപ്പോൾ കാണികൾക്ക് ലഭിച്ചത് മികച്ച മത്സരം.

അതിഥികളാണെന്ന പതർച്ച ഒന്നും കാണിക്കാതെ പതുക്കെ മത്സരം കൈപ്പിടിയിലൊതുക്കുന്ന കവരത്തിയെയാണ് മത്സരത്തിന്റെ തുടക്കത്തിലെ കണ്ടത്. ഇതിന്റെ ഫലമായിരുന്നു കവരത്തിയുടെ പത്താം നമ്പർ താരം ബാബു നേടിയ ഗോൾ. ആന്ത്രാത്ത് പ്രതിരോധത്തെ സന്തോഷ് ട്രോഫി താരം ആഷിഖിന്റെ നേതൃത്വത്തിൽ നിരന്തരം പരീക്ഷണവിധേയമാക്കിയ കവരത്തി പക്ഷെ രണ്ടാം ഗോൾ നേടാൻ ആദ്യ പകുതിയിൽ പരാജയപ്പെട്ടു. എന്നാൽ രണ്ടാം പകുതിൽ ഉണർന്നു കളിച്ച ആന്ത്രോത്തിന് ലഭിച്ച സമ്മാനമായിരുന്നു വാസിമിന്റെ സമനില ഗോൾ. മത്സരത്തിലെ ഏറ്റവും സുന്ദരമായ നിമിഷമതായിരുന്നു, സന്തോഷ് ട്രോഫി യുവതാരം ലുക്മാൻ നൽകിയ അതിമനോഹര ക്രോസിൽ നിന്ന് വാസിമിന്റെ തകർപ്പൻ ഹെഡർ പോസ്റ്റിന്റെ ഇടത് മൂലക്ക്.

ഗോൾ നേടിയ ശേഷം ഉണർന്ന് കളിച്ച ആന്ത്രോത്ത് പക്ഷെ ഗോളിന് മുമ്പിൽ കളി മറന്നു. അസുഖം മൂലം കളിക്കാതിരുന്ന സന്തോഷ് ട്രോഫി യുവതാരം ഷഫീഖിന്റെ അഭാവം ശരിക്ക് നിഴലിച്ച മത്സരത്തിൽ നിരവധി അവസരങ്ങളാണ് ആന്ത്രോത്ത് പാഴാക്കിയത്. ഇടക്ക് പരുക്കൻ അടവ് പുറത്തെടുത്ത ആന്ത്രോത്ത് ക്യാപ്റ്റൻ ഇബ്രത്ത് മഞ്ഞ കാർഡ് വാങ്ങിയതും മത്സരത്തിൽ കണ്ടു. സമനിലയിലേക്ക് എന്ന് തോന്നിയ മത്സരത്തിൽ ആന്ത്രോത്ത് പ്രതിരോധം വരുത്തിയ വീഴ്ച്ചയിൽ നിന്നാണു കളിയുടെ അവസാന നിമിഷങ്ങളിലൊന്നിൽ ബാബു തന്റെ രണ്ടാം ഗോളും മത്സരവും സ്വന്തമാക്കുന്നത്. വീണ്ടും മികച്ചൊരു ഫിനിഷ് തന്നെയാണ് കവരത്തിയുടെ സൂപ്പർ താരത്തിൽ നിന്നുണ്ടായത്.

ജയത്തോടെ കവരത്തി ടൂർണമെന്റിൽ മികച്ച മുൻതൂക്കമാണ് നേടിയത്. എന്നാൽ മത്സരത്തിൽ നടത്തിയ സാമാന്യം നല്ല പ്രകടനം ആന്ത്രോത്തിന് ആത്മവിശ്വാസം പകർന്നേക്കും. നാളെ അമിനി, കിൽത്താൻ ദ്വീപുകൾ തമ്മിലാണ് ഫുട്ബോളിലെ അടുത്ത മത്സരം. കളി അത്യാവശ്യം മികവ് പുലർത്തിയെങ്കിലും കളിക്കളം ശരാശരിയിലും താഴെയായിരുന്നു എന്ന പരാതിയാണ് കളിക്കാരിൽ നിന്നും കാണികളിൽ നിന്നും ഉയർന്ന് കേട്ടത്. കളത്തിന്റെ നിലവാരം മത്സരത്തെ ബാധിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങൾ മികച്ച കളി കാണാം എന്നാണ് ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial