
രണ്ട് കളികളിൽ ഏഴു ഗോളുകളുമായി കവരത്തി ലീഗ് ഫുട്ബോളിൽ മൂന്നാം ദിനവും ഗോൾ മഴ. മൂന്ന് മണിക്ക് നടന്ന ആദ്യ കളിയിൽ നിലവിലെ റണ്ണേഴ്സ് അപ്പായ വിസിസി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫോർത്ത് ട്രാൻസ്പോർട്ടിനെ നിലം തൊടീക്കാതെ തോൽപ്പിച്ചത്. ആദ്യ കളിയിൽ റിഥത്തിനോട് ഏറ്റ തോൽവിയിൽ നിന്നും വമ്പൻ തിരിച്ച് വരവാണ് വിസിസി നടത്തിയത്.
ഇരുപകുതികളിലുമായി ഈരണ്ട് ഗോളുകളുമായി കളിയിലുടനീളം സമ്പൂർണ ആധിപത്യമാണ് വിസിസി പുലർത്തിയത്. രണ്ട് ഗോളുകൾ നേടിയ സന്തോഷ് ട്രോഫി പ്ലയറായ കവരത്തി സ്വദേശി തൻ വീറാണ് മാൻ ഓഫ് ദി മാച്ച്. കിൽത്താൻ സ്വദേശിയായ സയീദിന്റേയും അഗത്തി സ്വദേശിയായ അൻസാറിന്റേയും വകയായിരുന്നു നിന്നായിരുന്നു മറ്റു രണ്ട് ഗോളുകൾ. ഇതോടെ തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഫോർത്ത് ട്രാൻസ്പോർട്ട് പരാജയപ്പെട്ടിരിക്കുകയാണ്.
നാലരക്ക് നടന്ന രണ്ടാം കളിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അൺഎമ്പ്ലോയീസ് എഫ്സി നിലവിലെ ചാമ്പ്യന്മാരായ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിനെ തറപറ്റിച്ചു. സീസണിലെ ആദ്യ മത്സരമായിരുന്നു അൺഎമ്പ്ലോയീസ് എഫ്സിക്ക്. അൺഎമ്പ്ലോയിസിനു വേണ്ടി മുഹമ്മദ് ജാബിറും മുഹമ്മദ് സജീദ് ആലമും മുബീൻ അഫ്സലും ഓരോ ഗോളുകൾ വീതം നേടി. കവരത്തി സ്വദേശിയായ ജാബിറാണ് രണ്ടാം കളിയിലെ മാൻ ഓഫ് ദി മാച്ച്.
നാളെ നടക്കുന്ന മത്സരങ്ങളിൽ ഷാർക്ക് എഫ്സി റിഥം ക്ലബ്ബിനേയും വിസിസി നദീമിനേയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial