
7 ടീമുകൾ. 15 ദിവസങ്ങൾ. ആകെ 25 മത്സരങ്ങൾ. എട്ടാം സീസൺ കവരത്തി ലീഗ് ഫുട്ബോളിന്റെ കലാശക്കൊട്ടാണ് ഇന്ന് കവരത്തി ഫുട്ബോൾസ്റ്റേഡിയത്തിൽ.
ഇന്ന് വൈകുന്നേരം നാലരക്ക് നടക്കുന്ന ഫൈനലിൽ അൺഎമ്പ്ലോയീസ് എഫ്സി(യുഎഫ്സി) നദീം എന്റർപ്രൈസസിനെ നേരിടും. ജൂലൈ എട്ടാം തിയതി തുടങ്ങിയ കവരത്തി ലീഗ് ഫുട്ബോളിന്റെ ലീഗ് റൗണ്ടിൽ മുന്നിലെത്തിയതും യുഎഫ്സി ആയിരുന്നു. തുടർച്ചയായ രണ്ട് ദിവസങ്ങളിലും കളിച്ച് ജയിച്ചാണ് നദീമിന്റെ വരവ്. രണ്ട് ദിവസം മുമ്പ് എലിമിനേറ്ററിൽ ഒരു ഗോളിനു വിസിസിയേയും അത് കഴിഞ്ഞ് ഇന്നലെ സെമിഫൈനലിൽ റിഥത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിലുമാണ് നദീം പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യൻസായ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് ഇപ്രാവശ്യം ലീഗ് റൗണ്ടിൽ തന്നെ പുറത്തായിരുന്നു. റണ്ണേഴ്സ് അപ്പായിരുന്ന വിസിസി എലിമിനേറ്റർ റൗണ്ടിലും പുറത്തായി. പുറത്തായെങ്കിലും വെറും 21 വയസ്സിനു താഴെയുള്ളവരെ വച്ച് ടീമിറക്കിയ മുൻ ചാമ്പ്യന്മാരായ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് മറ്റു ടീമുകൾക്ക് മികച്ച മാതൃകയാണ് മുന്നോട്ട് വക്കുന്നത്. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാൻ കിട്ടിയ മികച്ചൊരു അവസരം കൂടിയായിരുന്നു KLF.


പല ടീമുകളിലുമായി 20 കേരള, ലക്ഷദ്വീപ് സന്തോഫ് ട്രോഫി കളിക്കാരാണ് കവരത്തി ലീഗ് ഫുട്ബോളിൽ പങ്കെടുത്തത്. കഴിഞ്ഞ 8 കൊല്ലം ഏറ്റവും മികച്ച രീതിയിൽ നടന്ന് വരുന്ന കെ.എൽ.എഫ്(KLF) ലക്ഷദ്വീപ് ഫുട്ബോളിന് നൽകിയ നേട്ടങ്ങൾ അനവധിയാണ്. മറ്റ് ദ്വീപ്കാർക്കും, കേരളത്തിനു തന്നെയും മാതൃകയാവുന്ന പ്രൊഫഷണൽ സമീപനമാണ് KLF സംഘാടകരിൽ നിന്നുണ്ടാവുന്നത്. കേരളത്തിലെ സെവൻസ് ഫുട്ബോളിനെ ഓർമ്മിപ്പിക്കുന്ന ആവേശവും ആരവവും എന്നും KLF ന്റെ മുതൽകൂട്ടാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും, ദ്വീപിലെ ഏക മൈതാനത്ത് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കണം എന്നീ ബുദ്ധിമുട്ടലുകൾക്കിടയിലും KLF കൈവരിച്ച വിജയം അത്ഭുതാവാഹമാണ്. വെറും ഒന്നോ രണ്ടോ സീസണിൽ മാത്രം ഒടുങ്ങുന്ന ദ്വീപിലെ മറ്റ് ടൂർണമെന്റുകൾക്ക് എങ്ങനെ വിജയിക്കാം എന്നതിന്റെ പാഠം കൂടിയാണ് KLF. ടീമിനായി ദ്വീപിലെ ചെറിയ കടകളിൽ നിന്ന് സ്പോൺസർമാരെ ഒപ്പിക്കാൻ സാധിച്ച KLF നു ഈ കുറഞ്ഞ കാലം കൊണ്ട് മികച്ച ആരാധകരേയും ഉണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മികച്ച രീതിയിൽ അണ്ടർ 14 കുട്ടികളെ യൂത്ത് ടീമുകളായി തന്നെ തിരിച്ച് പരിശീലനവും അവർക്കായി ടൂർണമെന്റ് സംഘടിപ്പിക്കാനും KLF നായി. ഏതാണ്ട് 125 ഓളം കുട്ടികൾക്ക് ഇങ്ങനെ പരിശീലനം നൽകാൻ KLF നായി.
സമീപകാലത്ത് ഇന്റർ ഐലന്റ് ടൂർണമെന്റിൽ ലക്ഷദ്വീപിൽ കവരത്തി പുലർത്തുന്ന മൃഗീയ ആധിപത്യത്തിനു കാരണവും KLF അല്ലാതെ മറ്റൊന്നല്ല. സമീപകാലത്ത് ആദ്യമായി സന്തോഷ് ട്രോഫി കളിച്ച് തെലുങ്കാനയെ തോൽപ്പിച്ച് ചരിത്രമെഴുതിയ ലക്ഷദ്വീപിന്റെ കുതിപ്പിന്റെ പ്രധാനപങ്കും KLF നു തന്നെ അവകാശപ്പെട്ടതാണ്. ഇങ്ങനെ സകല നിലക്കും ലക്ഷദ്വീപ് ഫുട്ബോളിനു സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് KLF.
ഒരു ലക്ഷം രൂപയും, ട്രോഫിയുമാണ് ചാമ്പ്യന്മാർക്ക് ലഭിക്കുക. 40,000 രൂപയാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. ടൂർണമെന്റിൽ എട്ടുഗോളുകളുമായി നദീമിന്റെ സ്റ്റാർ സ്ട്രൈക്കർഹാഷിം മികച്ച ഫോമിലാണ്. കഴിഞ്ഞ രണ്ട്കളികളിലും ഗോളുകളടിച്ച് ടീമിനെ വിജയിപ്പിച്ച മുജീബും തുടർച്ചയായി കഴിഞ്ഞ രണ്ട് കളികളിൽ മാൻ ഓഫ് ദി മാച്ച് നേടിയ സവാദും നല്ല ഫോമിൽ തന്നെയാണ്. മറുഭാഗത്ത് ടീം ഒത്തൊരുമയുടെ കരുത്തിലാണ് യുഎഫ്സി. ഇതുവരെ യുഎഫ്സിയുടെ ഏഴു പേരാണ് അവർക്ക് വേണ്ടിഗോളുകൾ നേടിയത്. നാല് ഗോളുകളുമായി സജീദാണ് ഗോൾ വേട്ടയിൽ യുഎഫ്സി നിരയിൽ മുന്നിൽ. ഇതുവരെ ഒരു പരാജയം കൂടി അറിയാതെയാണ് ടൂർണമെന്റിലെ യുഎഫ്സിയുടെ കുതിപ്പ്. ഈ കുതിപ്പിന് തടയിടാൻ നദീമിനു കഴിയുമോ എന്നാണു കവരത്തിയിലെ ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. ഇന്ന് വൈകുന്നേരം നാലരക്ക് കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് എട്ടാം സീസൺ കവരത്തി ലീഗ് ഫുട്ബോളിന്റെ ഫൈനൽ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial