പരിമിതികളിലും തലയുയർത്തി എടവണ്ണ ഐ ഒ എച്ച് എസ് എസ് ; കേൾക്കേണ്ട കഥ

എടവണ്ണ ഗ്രാമ പഞ്ചായത്തിൽ കിടക്കുന്ന ഒരു സാധാരണ സ്കൂൾ എന്നതിനപ്പുറം എടവണ്ണ ഐ ഒ എച്ച് എസ് എസിന് പറയാൻ കുറച്ചു കഥകളുണ്ട്. “ആലുവയിലെ ഫുട്ബോൾ; എടവണ്ണ ഐ ഒ എച്ച് എസ് എസ് താരമായി” എന്ന ഒരു കാൽകോളം പത്ര വാർത്തയാണ് ആ കഥയിലേക്ക് എന്നെ എത്തിക്കുന്നത്.

ആലുവയിൽ മാർ അത്തനേഷ്യസ് ട്രോഫി കളിക്കാൻ എടവണ്ണയിൽ നിന്ന് ആലുവയിലെത്തിയ ടീം ബൂട്ടു കെട്ടിയപ്പോൾ പരാതിയും പരിഹാസവും ഉയർന്നു. “ആ സ്കൂൾ ടീമിന് ഒരേ നിറത്തിലുള്ള സോക്സ് വരെയില്ലേ?”!!! എന്നത്തേയും പോലെ മുജീബ് റഹ്മാൻ കോച്ചിന്റെ എടവണ്ണ സ്കൂൾ ടീം തങ്ങളുടെ പരിമിതികളെ തങ്ങളുടെ ഊർജ്ജമാക്കി മാറ്റി. ആ ഊർജ്ജം ആദ്യ മത്സരത്തിൽ വീഴ്ത്തിയത് കൊൽക്കത്തൻ സ്കൂളിനെ, രണ്ടാം മത്സരത്തിൽ കാസർഗോഡ്, സെമിയിൽ കരുത്തരായ ജി വി രാജ സ്കൂൾ. ഗോവയും ബംഗാളും കർണാടകയും മഹാരാഷ്ട്രയുമൊക്കെ ഇറങ്ങിയിട്ടും എടവണ്ണ സ്കൂൾ ഫൈനലിൽ. ഫൈനലിൽ എം എസ് പിയോട് പൊരുതി തോറ്റുവെങ്കിലും ആലുവയിലെ ഫുട്ബോൾ പ്രേമികളെ കീഴടക്കിയത് എടവണ്ണയിലെ കുട്ടികളായിരുന്നു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി എടവണ്ണ ഐ ഒ എച്ച് എസ് എസിലെ അലി ഹൈദറിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

വെറും ആലുവയിലെ പ്രകടനം കൊണ്ട് തീരുന്ന കഥയല്ല എടവണ്ണ സ്കൂളിന്റേത്. മുജീബ് റഹ്മാൻ എന്ന മുജീബ് സാർ പരിമിതികൾക്കുള്ളിൽ നിന്നു വളർത്തിയ ഈ കുട്ടികളുടേതായി ഇനിയും വീര കഥകൾ പറയാനുണ്ട്.

2013-14ൽ കോഴിക്കോട് വെച്ച് ഇറ്റലിയിലെ ഇന്റർ മിലാനും ടാറ്റയും ചേർന്ന് ഒരു അണ്ടർ 14 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തിയിരുന്നു. ഇന്ത്യയിലെ മികച്ച സ്കൂൾ ടീമിനെ കണ്ടെത്താൻ നടത്തിയ ടൂർണമെന്റിൽ കേരളത്തിലെ ചാമ്പ്യന്മാരെ അറിയാൻ നടത്തിയ പോരാട്ടത്തിൽ പങ്കെടുത്തത് 65 സ്കൂളുകൾ. അറുപത്തി അഞ്ചിൽ ഒന്നാമതായി എടവണ്ണ സ്കൂൾ അവിടെ ചാമ്പ്യന്മാരായി. ആ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് മേഘാലയയിലേക്ക് വണ്ടി കയറിയത് എടവണ്ണ സ്കൂൾ ടീമായിരുന്നു. അവിടെ‌ ക്വാർട്ടറിൽ ആതിഥേയരായ ഷിലോംഗ് സിറ്റിയോട് പരാജയപ്പെട്ടു എങ്കിലും ഇന്റർ മിലാനിലേക്ക് ഫാസിൽ എന്ന എടവണ്ണ താരത്തിനു സെലക്ഷൻ കിട്ടി. കൊൽക്കത്തയിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത ഫാസിലിന് സാങ്കേതിക കാരണങ്ങൾകൊണ്ട് ഇറ്റലിലേക്ക് പോകാൻ പറ്റിയില്ല.

കഴിഞ്ഞ വർഷം ഫറോക്കിൽ നടന്ന ഹസൻ കുട്ടി സാഹിബ് മെമ്മോറിയൽ ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ എടവണ്ണ. അതിനു തൊട്ടു മുമ്പത്തെ വർഷം സാക്ഷാൽ എം എസ് പി സ്കൂളിനെ വീഴ്ത്തി ആ കിരീടത്തിൽ മുത്തമിട്ടിരുന്നു. എങ്കിലും എം എസ് പി എന്ന വലിയ ശക്തി എടവണ്ണ സ്കൂളിനു പലപ്പോഴും തടസ്സമായി. സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം മൂന്നു തവണ ഫൈനലിൽ എം എസ് പിയിൽ തട്ടി എടവണ്ണ സ്കൂളിനു നഷ്ടമായി. രണ്ടു തവണ മുജീബ് സാറിന്റെ കുട്ടികൾ സഡൻ ഡെത്തുവരെ എം എസ് പിയോടു പൊരുതി. കേരളത്തിൽ അങ്ങോളമിങ്ങോളം ട്രയൽസ് നടത്തി ടീമിനെ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള എം എസ് പിക്കു മുന്നിൽ വെറും എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുട്ടികളെ മാത്രം വെച്ചുള്ള ഒരു ടീമിന്റെ പോരാട്ടം ആരുമറിയാതെ പോകുന്നു.

പരിശീലനത്തിന് എത്തുന്ന കുട്ടികൾക്ക് ആവശ്യത്തിന് ബോളുകളോ, മറ്റു സൗകര്യങ്ങളോ എന്തിനു ലഘു ഭക്ഷണം വരെ ഒരുക്കാൻ പാടുപെടുന്ന ഈ സ്കൂൾ എന്നിട്ടും കേരളത്തിന് നിരവധി താരങ്ങളെ സംഭാവന ചെയ്തു. ഈ സ്കൂളിൽ നിന്ന് അഞ്ചു കുട്ടികളാണ് ദേശീയ തലത്തിൽ കേരള സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചത്. ഒരു കുട്ടി സബ് ജൂനിയർ ടീമിനേയും. സകീർ ഹുസൈൻ, ഹർഷക് പി കെ, ജംഷീർ പി കെ, ഷറീം,  ഫാസിൽ എം കെ എന്നീ കുട്ടികളാണ് കേരളത്തിനു വേണ്ടി പന്തു തട്ടിയത്. ഷൻവീൽ, ഷെറീം എന്നീ താരങ്ങൾ പൈക്കാ നാഷണൽസിലും കേരളത്തിന്റെ അഭിമാനമായിട്ടുണ്ട്.

ഫുട്ബോളിൽ മാത്രമല്ല ബോൾ ബാഡ്മിന്റണിലും ചോക് ബോളിലും എടവണ്ണ സ്കൂൾ ദേശീയ തലത്തിൽ വലിയ ശക്തിയാണ്. ഫുട്ബോൾ പോലെ തന്നെ ഈ രണ്ടു ഇനങ്ങളിലും പരിശീലകൻ മുജീബ് റഹ്മാൻ സാർ തന്നെ. ബോൾ ബാഡ്മിന്റൺ കോച്ചിംഗിൽ ഇരുപതു വർഷത്തോളമായി കോച്ചിംഗ് രംഗത്തുള്ള മുജീബ് സാർ കേരള ടീമിനെ പരിശീലിപ്പിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിട്ടുണ്ട്. ബോൾ ബാഡ്മിന്റണിൽ  പതിനൊന്നു വിദ്യാർത്ഥികളാണ് എടവണ്ണ സ്കൂളിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ കളിച്ചത്. അതിൽ ഷിഫ്ന എന്ന കുട്ടി ഒരുതവണ ഇന്ത്യയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേശീയ ഗെയിംസ് ഇനമായ ചോക് ബോളിൽ രണ്ടു പെൺകുട്ടികളുൾപ്പെടെ എട്ടുപേരാണ് ഈ‌ സ്കൂളിൽ നിന്ന് ദേശീയ തലം വരെ പോയി ശ്രദ്ധ നേടിയത്.

ഇത്രയും കുട്ടികളെ കേരളത്തിനു സംഭാവന ചെയ്ത ഒരു സ്കൂളിന് ഇതുവരെ ഒരു സ്പോൺസറെ ലഭിച്ചില്ല എന്നാതാണ് കഥയിലെ നിർഭാഗ്യകരമായ കാര്യം. നാട്ടിൽ അദ്ധ്യാപകരും കുട്ടികളും കൂടി സംഘടിപ്പിക്കുന്ന മുസ്തഫ മെമ്മോറിയൽ ടൂർണമെന്റിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുട്ടികൾക്ക് ജേഴ്സിയും ബൂട്ടും വരെ വാങ്ങേണ്ടത്. ജേഴ്സികൾ തന്ന് ഇടയ്ക്ക് നാട്ടിലെ നല്ലവരായ ചെറിയ കടക്കാർ രക്ഷക്കെത്തും. പഞ്ചായത്ത് നടത്തുന്ന എടവണ്ണ പ്രീമിയർ ലീഗ് കിരീടം രണ്ടു തവണ ഉയർത്തിയപ്പോൾ പ്രോത്സാഹനമായി സ്കൂളിലെ കുട്ടികൾക്ക് എടവണ്ണയിലെ ജുവനൈൽ സ്പോർട്സ് ക്ലബ് ബൂട്ടുകൾ നൽകി. ജുവനൈൽ ക്ലബ് പലപ്പോഴും എടവണ്ണ സ്കൂളിനും മുജീബ് സാറിനും ആശ്വാസമാണ്. ഈ‌ ക്ലബിന്റെ ഗ്രൗണ്ടാണ് പരിശീലനത്തിനായി എടവണ്ണ ഐ ഒ എച്ച് എസ് എസ് ഉപയോഗിക്കുന്നത്. ആലുവയിൽ എല്ലാവർക്കും ഒരേ നിറത്തിലുള്ള ‘സോക്സ് ഇല്ലാ’ എന്ന പരാതി ഉയർന്നപ്പോഴും രക്ഷയായത് ജുവനൈൽ സ്പോർട്സ് ക്ലബായിരുന്നു.

പക്ഷെ ഈ ക്ലബിനും നാട്ടിലെ ചെറിയ കടകൾക്കും സ്കൂൾ മാനേജ്മെന്റിനും സഹായിക്കുന്നതിന് പരിമിതിയുണ്ട്. ആ സഹായങ്ങൾ ആശ്വാസമാണെങ്കിലും ഇത്രയും മികച്ച താരങ്ങളെ വാർത്തെടുക്കുന്ന ഒരു സ്കൂളിന് അടുത്ത ചുവട് വെക്കണമെങ്കിൽ ഈ കുട്ടികളുടെ വളർച്ച ആഗ്രഹിക്കുന്ന ഒരു സ്പോൺസറെ ലഭിച്ചേ പറ്റൂ.

സ്കൂളുള്ള ദിവസങ്ങളിൽ വൈകിട്ടും, ശനി ഞായർ , വെക്കേഷൻ സമയങ്ങളിൽ രാവിലെയുമായാണ് കോച്ചിംഗ് ക്യാമ്പ് എടവണ്ണ സ്കൂളിൽ നടക്കാറ്. കളിയോടുള്ള താല്പര്യം കൊണ്ട് കോച്ചിംഗ് ക്യാമ്പിനെത്തുന്ന കുരുന്നുകൾക്ക് ക്ഷീണമകറ്റാൻ സ്ഥിരമായി ലഘുഭക്ഷണമോ, കഴിവിനെ അതിന്റെ മികവിലെത്തിക്കാൻ സഹായകമാകുന്ന ആധുനിക പരിശീലന സൗകര്യങ്ങളോ  ഇവിടെയില്ല. അതൊരുക്കാൻ  സ്കൂൾ മാനേജ്മെന്റ് മാത്രം ശ്രമിച്ചാൽ നടക്കുകയുമില്ല എന്നത് കായിക പ്രേമികൾ തിരിച്ചറിയണം. ഇവിടെ തളിർക്കുന്ന ഭാവി വാഗ്ദാനങ്ങൾക്ക് പരിശീലനത്തിനുള്ള ചെറിയ സൗകര്യങ്ങൾ ഉറപ്പിക്കാൻ നമുക്കായില്ലായെങ്കിൽ  ഈ‌ കഥയിലെ പരാജിതർ ഈ കുട്ടികളോ മുജീബ് സാറോ ആയിരിക്കില്ല,  നമ്മളായിരിക്കും.

Previous articleഗോവയെ തകര്‍ത്ത് കേരളം, വിജയം 9 വിക്കറ്റിനു
Next articleചെൽസി ഇതിഹാസം ലാംപാർഡ് വിരമിച്ചു