കവരത്തി ലീഗിൽ വമ്പൻ ജയവുമായി റിഥം, അബൂഷാബിനു റെക്കോഡ്

കവരത്തി ലീഗ് ഫുട്ബോളിൽ റിഥം ക്ലബ്ബിനും അൺഎമ്പ്ലോയീസ് ക്ലബ്ബിനും വിജയം. ഷാർക്ക് എഫ്സിയിമായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൺഎമ്പ്ലോയീസ് ക്ലബ് ജയിച്ചപ്പോൾ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് റിഥം ക്ലബ് ഫോർത്ത് ട്രാൻസ്പോർട്ടിനെ നിലംപരിശമാക്കി.

അൺ എമ്പ്ലോയീസും ഷാർക്ക് എഫ്സിയും തമ്മിലുള്ള ആദ്യ കളിയിൽ 2-1 നാണ് അൺഎമ്പ്ലോയീസ് വിജയിച്ചത്. അഫ്സലും ഉമ്മറുമാണ് അൺഎമ്പ്ലോയിസിനു വേണ്ടി ഗോളുകൾ നേടിയത്. രണ്ട് പേരും കവരത്തി സ്വദേശികളാണ്‌. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനു വേണ്ടി ഗോൾ നേടിയ കളിക്കാരനാണ് ഉമ്മർ. ഷഫീക്കിന്റെ വകയായിരുന്നു ഷാർക്ക് എഫ്സിയുടെ ആശ്വാസ ഗോൾ. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. നസ്രുള്ളയാണ് മാൻ ഓഫ് ദി മാച്ച്. ഇതോടെ കളിച്ച കളികളിലൊന്നും വിജയിക്കാനാവാതെ ഷാർക്ക് എഫ്സിയുടെ നില പരുങ്ങലിലാണ്‌.

നാലരക്ക് നടന്ന രണ്ടാം കളി അത്യുജ്വലമായിരുന്നു‌. കളിയിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ റിഥം ക്ലബ് മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ഫോർത്ത് ട്രാൻസ്പോർട്ടിനെ തകർത്ത് വിട്ടത്. റിഥത്തിനു വേണ്ടി റഷീദും നസറും രണ്ട് ഗോൾ വീതവും അമീറും അബൂഷാബിനും ഓരോ ഗോളുകളും നേടി. ആദ്യ പകുതിയിൽ 4 ഗോളുകൾക്ക് മുന്നിലായ റിഥം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി പട്ടിക പൂർത്തിയാക്കി. ഇതോടെ ഈ ടൂർണമെന്റിൽ കളിച്ച മൂന്ന് കളികളിൽ പതിമൂന്ന് ഗോളുകളാണ് ഫോർത്ത് ട്രാൻസ്പോർട്ട് വഴങ്ങിയത്.

കഴിഞ്ഞ കളിയിൽ ഷാർക്ക് എഫ്സിയോട് വിരസമായ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ റിഥം അല്ലായിരുന്നു ഇന്ന് ഫോർത്ത് ട്രാൻസ്പോർട്ടിനെതിരെ കളത്തിലിറങ്ങിയത്. കളിയുടെ സമസ്ത മേഖലകളിലും അടിമുടി മാറിയ റിഥം ക്ലബ്ബിനായിരുന്നു കവരത്തി ഫുട്ബോൾ സ്റ്റേഡിയം സാക്ഷിയായത്. അബൂഷാബിൻ ഈ കളിയിൽ ഗോൾ നേടിയതോടെ ഒരു റെക്കോഡും ഇന്ന് പിറന്നിരിക്കുകയാണ്. കവരത്തി ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്ലയർ ആയിരിക്കുകയാണ് അബൂഷാബിൻ. 27 ഗോളുകളാണ് കവരത്തി സ്വദേശിയായ അബൂഷാബിന്റെ പേരിലുള്ളത്. 26 ഗോളുകളുമായി മിനിക്കോയി ദ്വീപുകാരൻ ഷഫീക്കും കവരത്തിക്കാരനായ റഷീദും തൊട്ടുപിറകെയുണ്ട്. കവരത്തി സ്വദേശിയായ റഷീദാണ് കളിയിലെ കേമൻ.

നാളെ നടക്കുന്ന കളിയിൽ വിസിസി അൺഎമ്പ്ലോയിസിനെയും ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബ് റിഥം ക്ലബ്ബിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോക്കി വേള്‍ഡ് ലീഗ്: ഇന്ത്യയ്ക്കാദ്യ ജയം
Next articleഡഗ്ലസ് കോസ്റ്റ യുവന്റസിൽ