
ഇന്ന് നടന്ന കവരത്തിൽ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ വിസിസി – അൺ എമ്പ്ലോയീസ് മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ അബൂഷാബിന്റെ ഗോൾ മികവിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത ഒരു ഗോളിനു റിഥം ക്ലബ് തോൽപ്പിച്ചു.
ആദ്യ മത്സരത്തിൽ വിക്ടറി കൺക്വേർസ് ക്ലബ്ബിനെയാണ് (വിസിസി) അൺഎമ്പ്ലോയീസ് സമനിലയിൽ തളച്ചത്. കളിയുടെ ആദ്യ പകുതിയിൽ കവരത്തി ദ്വീപ് സ്വദേശിയായ സമദിലൂടെ വിസിസി മുന്നിലെത്തിയെങ്കിലും പൊരുതിക്കളിച്ച അൺഎമ്പ്ലോയീസ് രണ്ടാം പകുതിയിൽ ആബിദിലൂടെ സമനില പിടിച്ചു. കവരത്തി സ്വദേശിയാണ് ആബിദും. തുടർന്ന് ജയത്തിനായി ഇരുടീമും വീറോടെ പൊരുതിയെങ്കിലും മത്സരം സമനിലയിൽ തന്നെ അവസാനിച്ചു. കിൽത്താൻ സ്വദേശിയായ സയ്ദാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. പരുക്കൻ കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ നിരവധി ഫൗളുകളും പിറന്നു. എതിർ ടീമിലെ പ്ലയറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വിസിസിയുടെ ഗോൾകീപ്പർ കടമത്തുകാരൻ സിയ മുബാറക്ക് മുഖത്തിനേറ്റ പരിക്കുമായാണ് കളിച്ചത്. മത്സരത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സിയ മുബാറക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസിസി പ്രതിരോധ താരം അബൂ ഹുറൈറക്കും മത്സരത്തിനിടെ പരിക്ക് പറ്റിയിരുന്നു.
രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു റിഥം ക്ലബ് പരാജയപ്പെടുത്തി. ടൂർണമെന്റിലുടനീളം മിന്നും ഫോമിലുള്ള കവരത്തി സ്വദേശി അബൂഷാബിന്റെ വകയായിരുന്നു റിഥത്തിന്റെ ഗോൾ. നാലു കളികളിൽ നിന്നും അബൂഷാബിന്റെ മൂന്നാമത്തെ ഗോളാണിത്. കവരത്തി പ്രീമിയർ ലീഗിൽ ഇതോടെ 28 ഗോളുകളുമായി അബൂഷാബിൻ മുന്നിടുകയാണ്. ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിയ റിഥത്തിനെതിരെ സമനിലയെങ്കിലും നേടാൻ ലക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് ആഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ഗോളിലേക്ക് എത്തിക്കാനവർക്കായില്ല. ലക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് നടത്തിയ ആക്രമണങ്ങള്‍ റിഥത്തിന്റെ ശക്തമായ പ്രതിരോധത്തില്‍ തട്ടിനിന്നു. ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ ഷഫീക്കാണ് മാൻ ഓഫ് ദി മാച്ച്. ആന്ത്രോത്ത് ദ്വീപുകാരനാണ് ഷഫീക്ക്.
നാളെ നടക്കുന്ന കളിയിൽ ഫോർത്ത് ട്രാൻസ്പോർട്ട് നദീമിനേയും ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് ഷാർക്ക് എഫ്സിയേയും നേരിടും. കഴിഞ്ഞ കളികളിൽ വമ്പൻ പരാജയങ്ങൾ ഏറ്റു വാങ്ങിയ ഫോർത്ത് ട്രാൻസ്പോർട്ടിന് ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial