
ഫ്രാൻസിലും കിരീടം നേടി ഡാനി ആൽവസ് മുൻ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി ക്ക് വേണ്ടിയുള്ള തന്റെ ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കി. ഗോൾ അടിച്ചും അവസരമൊരുക്കിയും കളം നിറഞ്ഞ മുൻ ബാഴ്സ താരം കൂടിയായ ആൽവസ് ഇതോടെ തന്റെ കരിയറിലെ കിരീട നേട്ടം 38 ആക്കി ഉയർത്തി. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ മോണോക്കോയെയാണ് പി എസ് ജി 2-1 എന്ന സ്കോറിന് മറികടന്ന് ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടിയത്. ഫ്രാൻസിലെ ലീഗ് ജേതാക്കളും കപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് ട്രോഫി ഡെസ് ചാമ്പ്യൻസ്.
ജിബ്രീൽ സിഡിബേയുടെ ചിപ്പ് ഗോളിൽ ലീഗ് ചാമ്പ്യന്മാരായ മൊണാക്കോ ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഡാനി ആൽവസ് പി യെസ് ജി യുടെ സമനില ഗോൾ നേടിയത്, 35 വാര അകലെ നിന്ന് ആൽവസ് തൊടുത്ത ഫ്രീ കിക്ക് തടുക്കാൻ മൊണാക്കോ ഗോളിക്കായില്ല. പിന്നീട് റാബിയോട്ട് നേടിയ ഹെഡ്ഡർ ഗോളിന് അവസരമൊരുക്കിയതും ഡാനി ആൽവസ് തന്നെയായിരുന്നു. മൊണാക്കോ ആക്രമണ നിരയിൽ ഫാൽകാവോയും കിലിയൻ എംബാപ്പെയും തീർത്തും നിറം മങ്ങിയതോടെ മൊണാക്കോ പരാജയം സമ്മതിക്കുകയായിരുന്നു.
നേരത്തെ യുവന്റസിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ബ്രസീലിയൻ വെറ്ററൻ താരമായ ഡാനി ആൽവസ് പി എസ് ജി യിൽ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ടീമുകൾ ആൽവസിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം പി എസ് ജി യിൽ ചേരുകയായിരുന്നു. ഇത് 5 ആം തവണയാണ് പി എസ് ജി ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial