
ടാക്സ് വെട്ടിപ്പ് കേസിൽ സ്പാനിഷ് കോടതിയിൽ ഹാജരായ റയൽ മാഡ്രിഡ് താരം മാധ്യമങ്ങളോട് പ്രതികരിക്കാതെ കോടതി വിട്ടു. വേനലവധി ആഘോഷിച്ച് പ്രീസീസൺ മത്സരങ്ങളിലേക്ക് തിരിച്ചു വരാം എന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പദ്ധതികളാണ് കോടതിയിലേക്ക് പോകേണ്ടതിനാൽ തകിടം മറിഞ്ഞത്. റൊണാൾഡോ ഇല്ലാത്ത റയൽ മാഡ്രിഡ് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. 2011 മുതൽ 2014 വരെ പിക്ച്ചർ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ ടാക്സ് വെട്ടിച്ചു എന്നാണ് പോർച്ചുഗൽ താരത്തിനെതിരെയുള്ള കുറ്റാരോപണം.
90 മിനുട്ടോളം കോടതിയിൽ കഴിഞ്ഞ താരം കോടതിക്ക് പുറത്ത് തിങ്ങിക്കൂടിയ ലോക മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും തന്റെ സാമ്പത്തിക ഉപദേശകരെ അനുസരിക്കുകമാത്രമാണ് ചെയ്തതെന്നും റൊണാൾഡോ കോടതിയിൽ പറഞ്ഞതായി സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 14 മില്യൺ യൂറോയോളം വിർജിൻ ഐലൻഡിൽ ഒരു ഷെൽ കമ്പനിയുണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് ക്രിസ്റ്റിയാനോക്കെതിരെ സ്പാനിഷ് പ്രോസിക്കൂട്ടർമാർ ആരോപിക്കുന്നത്.
റൊണാൾഡോയ്ക്കെതിരെയുള്ള ആരോപണങ്ങൾ കോടതി ശരിവെച്ചാൽ സ്പെയിനിൽ ഇത് വരെ ഒരു കുറ്റ കൃത്യത്തിലും ശിക്ഷിക്ക പെടാത്തതു കൊണ്ട് സൂപ്പർ താരത്തിന് പിഴയടച് ജയിൽ വാസം ഒഴിവാക്കാനാകും. റൊണാൾഡോ മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നും ടാക്സ് വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സ്പാനിഷ് കോടതി കയറിയത്. കഴിഞ്ഞ മാസം ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിയെ കോടതി ശിക്ഷിച്ചിരുന്നു. പിഴയൊടുക്കിയാണ് മെസി ജയിൽ വാസം ഒഴിവാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ച് ഹോസെ മൗറീഞ്ഞ്യോയും ടാക്സ് വെട്ടിപ്പ് ആരോപണം നേരിടുന്നയാളാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial