മിലാനും യുവന്റസും നേർക്ക് നേർ, കോപ്പ ഇറ്റാലിയ ഫൈനൽ ഇത്തവണ ആവേഷകരമാവും

ഇറ്റലിയിൽ കപ്പ് ഫൈനലിൽ ക്ലാസിക് പോരാട്ടത്തിന് അരങ്ങൊരുങ്ങി. കോപ്പ ഇറ്റാലിയ ഫൈനലിൽ ശക്തരായ യുവന്റസും മിലാനും നേർക്ക് നേർ വരും. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇരു ടീമുകളും ജയം കണ്ടതോടെയാണ് സൂപ്പർ ഫൈനലിന് അരങ്ങൊരുങ്ങിയത്. യുവന്റസ് അറ്റലാന്റയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോൾ, പെനാൽറ്റി ഷൂട്ഔട്ടിലൂടെയാണ് മിലാൻ ലാസിയോയെ മറികടന്നത്.

ആദ്യ പാദത്തിൽ അറ്റലാന്റായുടെ മൈതാനത് ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയ യുവന്റസ് ഇത്തവണ സ്വന്തം മൈതാനത്തും ഏക ഗോളിന് ജയം സ്വന്തമാകുകയായിരുന്നു. രണ്ടാം പകുതിയിൽ പിയാനിച്ചിന്റെ പെനാൽറ്റി ഗോളിലാണ് യുവന്റസ് ജയം ഉറപ്പിച്ചത്.

മിലാനിലെ ആദ്യ പാദത്തിൽ എന്ന പോലെ ഇത്തവണയും ലാസിയോ- മിലാൻ പോരാട്ടം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഫൈനലിൽ ഇടം നേടാൻ പെനാൽറ്റി ഷൂട്ട് ഔട്ട് അനിവാര്യമായി വരികയായിരുന്നു. ഇരു ടീമുകളും 7 കിക്കുകൾ എടുത്ത ഷൂട്ട് ഔട്ടിൽ 4-5 നാണ് മിലാൻ ഫൈനലിൽ എത്തിയത്. ഗട്ടുസോ പരിശീലകനായി വന്ന ശേഷം മികച്ച ഫോം തുടരുന്ന മിലാന്റെ സീസണിലെ മറ്റൊരു മികച്ച നേട്ടം കൂടിയായി ഇത്തവണത്തെ ഫൈനൽ പ്രവേശം. എങ്കിലും അല്ലെഗ്രിയുടെ യുവന്റസിനെ മറികടക്കാൻ അവർക്ക് മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial