താരമായി വിനീഷ്യസ്, റയൽ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ

വിനീഷ്യസ് ജൂനിയർ താരമായ മത്സരത്തിൽ കോപ്പ ഡെൽ റേ ആദ്യ പാദ മത്സരത്തിൽ ലെഗനെസിനെതിരെ റയൽ മാഡ്രിഡിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ഒരു ഗോളും അസിസ്റ്റും നൽകിയ വിനീഷ്യസ് ജൂനിയർ ആയിരുന്നു റയൽ മാഡ്രിഡ് നിരയിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോൽവിയേറ്റുവാങ്ങിയ റയൽ മാഡ്രിഡിന് ആശ്വാസം നൽകുന്നതാണ് ഈ വിജയം. റയൽ മാഡ്രിഡിന്റെ 2019ലെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

റയൽ മാഡ്രിഡിന് വേണ്ടി ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ പെനാൽറ്റിയിലൂടെ സെർജിയോ റാമോസ് ആണ് ഗോളടി തുടങ്ങിയത്.  തുടർന്ന് രണ്ടാം പകുതിയിൽ വസ്‌കസിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. വിനീഷ്യസ് ജൂനിയർറിന്റെ പാസിൽ നിന്നായിരുന്നു വസ്‌കസ് ഗോൾ നേടിയത്. തുടർന്ന്  77ആം മിനുട്ടിലായിരുന്നു വിനീഷ്യസ് ജൂനിയറിന്റെ ഗോൾ പിറന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ബ്രഹിം ഡയസിന്റെ അരങ്ങേറ്റവും ഇന്നത്തെ മത്സരത്തിൽ കണ്ടു. ജനുവരി 16 ബുധനാഴ്ചയാണ് കോപ്പ ഡെൽ റേ രണ്ടാം പാദ മത്സരം.

Previous articleകരുതല്‍ താരമായി ആഷ്ടണ്‍ ടര്‍ണറെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ
Next articleഭാവി തലമുറയ്ക്ക് പ്രഛോദനമായി മാറും ഈ പരമ്പര വിജയം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍