കോപ്പ ഡെൽ റിയെയിൽ വമ്പൻ ജയവുമായി റയലും അത്ലെറ്റിക്കോയും, ബാഴ്സക്ക് ഞെട്ടിക്കുന്ന സമനില

- Advertisement -

സ്പെയിനും ലോകവും ശനിയാഴ്ച്ചത്തെ എൽ ക്ലാസിക്കോ കാത്തിരിക്കുന്ന സമയത്താണ് കോപ്പ ഡെൽ റിയെ മത്സരങ്ങളെത്തിയത്. ദുർബലരായ എതിരാളികളെ തന്നെയായിരുന്നു ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലെറ്റികോ മാഡ്രിഡ് ടീമുകൾക്ക് നേരിടാനുണ്ടായിരുന്നത്. രണ്ടാം ഡിവിഷൻ ടീമായ ലെനെസക്കെതിരെ മുൻ നിര താരങ്ങൾക്ക് വിശ്രമം നൽകിയാണ് സിനദിൻ സിദാൻ ടീമിനെ ഇറക്കിയത്. അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടിയ മാരിയാനോയുടെ മികവിൽ 6 – 1 നാണ് റയൽ ജയം കണ്ടത്. എന്നാൽ അരങ്ങേറ്റത്തിൽ ഗോൾ നേടിയ സിദാൻ്റെ മകൻ എൻസോ സിദാനാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. എൻസോയുടെ അച്ഛനും, കോച്ചും ആയതിൽ അഭിമാനം തോന്നുന്നു എന്നാണ് സിനദിൻ സിദാൻ പിന്നീട് പ്രതികരിച്ചത്.

ഗുജേലോക്കെതിരെ കരാസ്കോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത 6 ഗോളിനായിരുന്നു സിമിയോണിയുടെ അത്ലെറ്റിക്കോ മാഡ്രിഡ് ജയിച്ചത്. എൽ ക്ലാസിക്കോക്ക് മുമ്പ് രണ്ടാം ഡിവിഷൻ ടീം ഹെർകുലെസിനെ നേരിടാൻ ടീമിൽ 11 മാറ്റങ്ങളാണ് ബാഴ്സലോണ കോച്ച് ലൂയിസ് എൻറിക്വ വരുത്തിയത്. 52 മിനിറ്റിൽ മൈൻസിലൂടെ ലീഡ് നേടിയ ഹെർകുലെസിനെതിരെ കൗമാര താരം കാർലെസ് അലെനയുടെ ഗോളിലാണ് ബാഴ്സ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലീഗിൽ തുടർച്ചയായി സമനില വഴങ്ങിയ ബാഴ്സയുടെ സമീപകാല ഫോം എൽ ക്ലാസിക്കോക്ക് മുമ്പ് ആരാദകർക്ക് ആശങ്കകൾ നൽകുന്നുണ്ട്. ഡിംസബർ 20 തിനാവും കോപ്പ ഡെൽ റെയോ 32 റൗണ്ട് രണ്ടാം പാദ മത്സരങ്ങൾ നടക്കുക.

Advertisement