Madrid Hm 11 A3aa060

പരിക്കിന്റെ ഭീതിയിൽ ബാഴ്‌സ, തിരിച്ചു വരവിന് റയൽ; കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദം ഇന്ന്

സീസണിലെ അഞ്ചാമത്തെതും അവസാനത്തെയും എൽ ക്ലാസിക്കോ പോരാട്ടത്തിന് ക്യാമ്പ് ന്യൂവിൽ അരങ്ങൊരുങ്ങുമ്പോൾ കിരീട സ്വപ്നത്തിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും. കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ വെച്ചു കീഴടക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ബാഴ്‌സ എത്തുന്നതെങ്കിൽ ഫോമിലുള്ള സൂപ്പർ താരങ്ങളുടെ മികവിൽ ഏക ഗോൾ ലീഡ് അനായാസം മറികടക്കാം എന്നാവും റയൽ കണക്ക് കൂട്ടുന്നത്. കപ്പ് ഫൈനൽ അടക്കം കഴിഞ്ഞ മാസങ്ങളിൽ നടന്ന മൂന്ന് എൽ ക്ലാസിക്കോ പോരാട്ടങ്ങളിലും വിജയിച്ച ഊർജമാണ് ബാഴ്‌സയുടെ കരുത്ത്. എന്നാൽ അവസാന മത്സരത്തിൽ ആറു ഗോൾ ജയം കുറിച്ച മാഡ്രിഡ്, ടീമിന്റെ ഫോമിലാണ് കണ്ണ് വെക്കുന്നത്. മറ്റൊരു സെമിയിൽ ഒസാസുന അത്ലറ്റിക് ക്ലബ്ബിനെ നേരിടും.

ഒരു ഗോൾ ലീഡ് ഉണ്ടെങ്കിലും സുപ്രധാന താരങ്ങളുടെ പരിക്ക് ആണ് ബാഴ്‍സക്ക് ആധിയാവുന്നത്. പെഡ്രി, ഡെമ്പലെ എന്നിവർ നേരത്തെ പുറത്തായതിന് പിറകെ ഇപ്പോൾ ഡി യോങ്, ക്രിസ്റ്റൻസൻ എന്നിവരും ടീമിന് പുറത്താണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ഫെറാൻ ടോറസ്, ഫാറ്റി എന്നിവർ വല കുലുക്കിയത് സാവിക്ക് ആശ്വാസം നൽകുന്നുണ്ടാവും. വിനിഷ്യസിനെ പൂട്ടാൻ അരോഹോ തന്നെ എത്തുമ്പോൾ സെന്റർ ബാക്ക് സ്ഥാനത്തേക്ക് മർക്കോസ് ആലോൻസോ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി എത്തിയ എറിക് ഗർഷ്യക്ക് പകരക്കാരനായി എത്താനും സാവി അവസരം നൽകിയേക്കും. നിർണായ മത്സരത്തിൽ ലെവെന്റോവ്സ്കിയുടെ ഫോമും ബാഴ്‌സക്ക് നിർണായകം ആവും.

ബെൻസിമ, റോഡ്രിഗോ, അസെൻസിയോ തുടങ്ങി മുൻനിര തിളങ്ങിയ മത്സരത്തിന് ശേഷമാണ് റയൽ ക്യാമ്പ് ന്യൂവിലക്ക് എത്തുന്നത്. ഹാസർഡിന്റെ തിരിച്ചു വരവും കൂടി ആവുമ്പോൾ ഒരു പക്ഷെ പുതിയ ടീം കോമ്പിനേഷൻ പരീക്ഷിക്കാനും ആൻസലോട്ടി തയ്യാറായേക്കാം. വാർത്താ സമ്മേളനത്തിൽ ഇത്തരം നീക്കങ്ങൾ ഇറ്റാലിയൻ കോച്ച് നിരകരിച്ചെങ്കിലും വിനിഷ്യസും റോഗ്രിഗോയും അസെൻസിയോയും ഒരുമിച്ചത് വല്ലഡോളിഡിനെതിരെ ഒരുമിച്ച് എത്തിയത് സാവിക്ക് കൃത്യമായ മുന്നറിയിപ്പാണ്. റോഡ്രിഗോ മധ്യ നിരയിൽ എത്തുന്നത് ഗോളിന് മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ ടീമിനെ സഹായിക്കുന്നുണ്ട്. പരിക്ക് മാറി എത്തിയ ഹാസർഡിനും അവസരം ലഭിച്ചേക്കും. മോഡ്രിച്ചും ക്രൂസും ചൗമേനിയും കൂടി ചേരുമ്പോൾ മധ്യ നിരയുടെ കാര്യത്തിലും റയലിന് ആശങ്കയില്ല. സെമി ഫൈനലിൽ വിജയിക്കാൻ സാധിച്ചാൽ അടുത്തിടെ ബാഴ്‌സയിൽ നിന്നേറ്റ തിരിച്ചടികൾക്ക് അത് മധുര പ്രതികാരവും ആവും. വ്യാഴാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

Exit mobile version