Local Sports News in Malayalam

കോപ്പ ഡെൽ റേയിൽ ജയത്തോടെ റയലും അത്ലെറ്റിക്കോയും

ഇന്നലെ നടന്ന കോപ്പ ഡെൽ റേ മത്സരങ്ങളിൽ തകർപ്പൻ ജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. കരുത്തരായ സെവിയ്യക്കെതിരെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിറങ്ങിയ റയൽ പക്ഷെ 3-0 ത്തിനു മത്സരം സ്വന്തമാക്കി. റയൽ മാഡ്രിഡ് പരിശീലകനായി ഒരു വർഷം പൂർത്തിയാക്കുന്ന സിദാനായി സീസണിൽ അവസരങ്ങൾ കുറഞ്ഞ ഹാമസ് റോഡിഗ്രസ് ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രഞ്ച് താരം റാഫേൽ വരാനെയാണ് മറ്റെ ഗോൾ കണ്ടത്തിയത്. ഇതോടെ 38 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് റയൽ.

ദുർബലരായ ലാ പാൽമാസിനെതിരെ എതിരില്ലാത്ത 2 ഗോളിനാണ് അത്ലെറ്റിക്കോ മാഡ്രിഡ് ജയം കണ്ടത്. സിമിയോണിയുടെ ടീമിനായി ക്യാപ്റ്റൻ കോക്കയും സൂപ്പർ താരം അൻ്റോണിയോ ഗ്രീസ് മാനുമാണ് ഗോളുകൾ നേടിയത്. മറ്റ് മത്സരങ്ങളിൽ റയൽ സോസിദാഡ് കരുത്തരായ വിയ്യ റയലിനെ 3-1 നു അട്ടിമറിച്ചപ്പോൾ സെൽറ്റക്കെതിരെ 4-1 ൻ്റെ നാണംകെട്ട പരാജയം വഴങ്ങാനായിരുന്നു വലൻസിയയുടെ വിധി. നാളെ പുലർച്ചെ ഇന്ത്യൻ സമയം 1.45 നു നടക്കുന്ന മത്സരത്തിൽ അത്ലെറ്റിക് ക്ലബാണ് എഫ്.സി ബാഴ്സലോണയുടെ എതിരാളികൾ.

You might also like