ബാഴ്സലോണക്ക് ഞെട്ടിക്കുന്ന തോൽവി നൽകി ലെവന്റെ

കോപ ഡെൽറേയിൽ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെവന്റെയുടെ വിജയം. ലെവന്റയുടെ ഹോമിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ തങ്ങളുടെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. മെസ്സി, സുവാരസ് ടെർ സ്റ്റേഗൻ, റാകിറ്റിച് തുടങ്ങിയവർ ഒന്നും മത്സരത്തിന് ഇറങ്ങിയിരുന്നില്ല. കളിയുടെ നാലാം മിനുട്ടിൽ തന്നെ കബാകോയിലൂടെ ലെവന്റെ മുന്നിൽ എത്തി.

ആദ്യ പകുതി അവസാനിക്കും മുമ്പ് മയേറാൽ രണ്ടാം ഗോളും ലെവന്റയ്ക്കായി നേടി. രണ്ടാം പകുതിയിൽ കുറച്ച് ഭേദപ്പെട്ട നിലയിൽ കളിച്ച ബാഴ്സലോണ രണ്ടാം പാദത്തിൽ പ്രതീക്ഷ നൽകുന്ന ഒരു ഗോൾ നേടി. 84ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിലൂടെ കൗട്ടീനോ ആണ് ബാശ്ഗ്സയുടെ ഗോൾ നേടിയത്. ഫെബ്രുവരി 17ന് കാമ്പ്നൂവിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

താരമായി വിനീഷ്യസ്, റയൽ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ

വിനീഷ്യസ് ജൂനിയർ താരമായ മത്സരത്തിൽ കോപ്പ ഡെൽ റേ ആദ്യ പാദ മത്സരത്തിൽ ലെഗനെസിനെതിരെ റയൽ മാഡ്രിഡിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ഒരു ഗോളും അസിസ്റ്റും നൽകിയ വിനീഷ്യസ് ജൂനിയർ ആയിരുന്നു റയൽ മാഡ്രിഡ് നിരയിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോൽവിയേറ്റുവാങ്ങിയ റയൽ മാഡ്രിഡിന് ആശ്വാസം നൽകുന്നതാണ് ഈ വിജയം. റയൽ മാഡ്രിഡിന്റെ 2019ലെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

റയൽ മാഡ്രിഡിന് വേണ്ടി ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ പെനാൽറ്റിയിലൂടെ സെർജിയോ റാമോസ് ആണ് ഗോളടി തുടങ്ങിയത്.  തുടർന്ന് രണ്ടാം പകുതിയിൽ വസ്‌കസിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. വിനീഷ്യസ് ജൂനിയർറിന്റെ പാസിൽ നിന്നായിരുന്നു വസ്‌കസ് ഗോൾ നേടിയത്. തുടർന്ന്  77ആം മിനുട്ടിലായിരുന്നു വിനീഷ്യസ് ജൂനിയറിന്റെ ഗോൾ പിറന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ബ്രഹിം ഡയസിന്റെ അരങ്ങേറ്റവും ഇന്നത്തെ മത്സരത്തിൽ കണ്ടു. ജനുവരി 16 ബുധനാഴ്ചയാണ് കോപ്പ ഡെൽ റേ രണ്ടാം പാദ മത്സരം.

കോപ ഡെൽ റേ, പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ആയി

കോപ ഡെൽറേയുടെ റൗണ്ട് ഓഫ് 16ന് ഉള്ള ഫിക്സ്ചറുകൾ തീരുമാനമായി. ഇന്നലെ നടന്ന നറുക്കിലൂടെ ആണ് കളികൾ തീരുമാനമായത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് എതിരാളികൾ ലെവന്റെ ആണ്. റയൽ മാഡ്രിഡിന് ലെഗാനെസും, അത്ലറ്റിക്കോ മാഡ്രിഡിന് ജിറോനയുമാണ് എതിരാളികൾ. ജനുവരി 8നും 10നും ആകും ആദ്യ പാദ മത്സരങ്ങൾ നടക്കുക. അതുകഴിഞ്ഞുള്ള അടുത്ത ആഴ്ച രണ്ടാം പാദവും നടക്കും.

ഫിക്സ്ചറുകൾ:

Real Madrid – Leganés
Levante – Barcelona
Real Betis – Real Sociedad
Getafe – Valladolid
Athletic – Sevilla
Sporting – Valencia
Girona – Atlético
Villarreal – Espanyol

കോപ്പ ഡെൽ റെയിൽ ഇറ്റാലിയൻ താരത്തിന് വിലക്ക്

കോപ്പ ഡെൽ റെയിൽ ബൊളോഞ്ഞായുടെ ഇറ്റാലിയൻ താരത്തിന് വിലക്ക്. ബൊളോഞ്ഞായുടെ മിഡ്ഫീൽഡർ ആൻഡ്രിയ പോളിയാണ് ഒരു മത്സരത്തിൽ ബാൻ ഏറ്റു വാങ്ങിയത്. മത്സരത്തിനിടെ മോശം പെരുമാറ്റത്തിനാണ് ബാൻ വന്നത്. കോപ്പ ഡെൽ റെയില് ബൊളോഞ്ഞായും ക്രൂട്ടനെയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

താരത്തിന്റെ അസഭ്യ വർഷം ക്യാമെറയിൽ പതിഞ്ഞിരുന്നു. മോശം പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഇറ്റാലിയൻ ഫുട്ബോൾ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് കോപ്പ ഡെൽ റെയിലെ ഈ നടപടിയുമെന്നു വിലയിരുത്തപ്പെടുന്നു.

ആറടിച്ച് കോപ്പ ഡെൽ റേ നോക്കൗട്ടിൽ കടന്ന് റയൽ മാഡ്രിഡ്

മെലിയ്യയെ തകർത്തെറിഞ്ഞ് കോപ്പ ഡെൽ റേയുടെ നോക്കൗട്ട് സ്റ്റേജിൽ കടന്ന് റയൽ മാഡ്രിഡ്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് മെലിയ്യയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ മെലിയ്യയെ 10-1 എന്ന അഗ്രിഗേറ്റിലാണ് റയൽ പരാജയപ്പെടുത്തിയത്. പത്തൊൻപത് തവണ കോപ്പ ഡെൽ റേ നേടിയ റയൽ മാഡ്രിഡ് മികച്ച വിജയമാണ് നേടിയത്. മാർക്കോ അസെസ്ൻസിയോയും ഇസ്കോയുമാണ് ഇരട്ട ഗോളുകൾ നേടി ജയത്തിന്റെ ചുക്കാൻ പിടിച്ചു.

ഹാവി സാഞ്ചെസും വിനീഷ്യസ് ജൂനിയറുമാണ് മറ്റു ഗോളുകൾ നേടിയത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് സൊളാരി റയലിനെ കളത്തിലിറക്കിയത്. കുർത്തോ, ലുക്ക മോഡ്രിച്, കെരീം ബെൻസിമ, സെർജിയോ രാമോസ്, ഗാരെത് ബെയിൽ എന്നിവർക്കാണ് വിശ്രമം അനുവദിച്ചത്.

കോപ്പ ഡെൽ റേ: ബാഴ്സലോണ അവസാന പതിനാറിലേക്ക്

കോപ്പ ഡെൽ റേയുടെ അവസാന 16ലേക്ക് ബാഴ്സലോണ യോഗ്യത നേടി. ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാത മത്സരത്തിൽ മത്സരത്തിൽ കൾച്ചറൽ ലിയോനെസയേ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്സലോണ വിജയം കണ്ടത്. രണ്ടും പാദത്തിലും കൂടെ 5-1ന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. കാറ്റലൻസിന് വേണ്ടി ഡെനിസ് സുവാരസ് ഇരട്ട ഗോളുകൾ നേടി.

കാമ്പ് നൗവിൽ നടന്ന മത്സരത്തിൽ 18ആം മിനിറ്റിൽ മുനിറിലൂടെ ബാഴ്സ അകൗണ്ട് തുറന്നു. തുടർന്ന് 26ആം മിനിറ്റിൽ ഡെനിസ് സുവാരസ് ഗോൾ നില രണ്ടാക്കി ഉയർത്തി. 43ആം മിനിറ്റിൽ മാൽക്കം ബാഴ്സയുടെ മൂന്നാം ഗോളും നേടിയതോടെ ടീം വിജയം ഉറപ്പിച്ചിരുന്നു.

53ആം മിനിറ്റിൽ ജോസപ് സെനെ ലിയോനെസിന് വേണ്ടി ഒരു ഗോൾ മടക്കി എങ്കിലും 70ആം മിനിറ്റിൽ ഡെനിസ് സുവാരസ് തന്റെ രണ്ടാം ഗോളും നേടി ബാഴ്സയുടെ വിജയം ഉറപ്പിച്ചു.

ഇഞ്ചുറി ടൈമിൽ രക്ഷപെട്ട് ബാഴ്‌സലോണ

കോപ്പ ഡെൽ റേയുടെ നാലാം റൗണ്ടിലെ ഒന്നാം പാദ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ രക്ഷപെട്ട് ബാഴ്‌സലോണ. മൂന്നാം ഡിവിഷൻ ക്ലബായ കൾച്ചറൽ ലിയോനേസയോടാണ് ബാഴ്‌സലോണ ഏക പക്ഷീയമായ ഒരു ഗോളിന് ജയിച്ചത്. ഒരുപറ്റം  ബി ടീം താരങ്ങളെ അണിനിരത്തിയാണ് ഇന്നലത്തെ മത്സരത്തിന് ബാഴ്‌സലോണ ഇറങ്ങിയത്.

ഫ്രഞ്ച് പ്രതിരോധ താരം ലെങ്ലെറ്റ് ആണ് ബാഴ്‌സലോണയുടെ ഏക ഗോൾ നേടിയത്. ഔസ്മാനെ ഡെംബലെയുടെ ഫ്രീ കിക്കിൽ നിന്നായിരുന്നു ലെങ്ലെറ്റിന്റെ ഗോൾ. ഇഞ്ചുറി ടൈമിൽ കൾച്ചറൽ ലിയോനേസ താരം മാർക്കോസ് ചുവപ്പു കാർഡ് കണ്ടു പുറത്തുപോയതോടെ 10 പെരുമായാണ് കൾച്ചറൽ ലിയോനേസ മത്സരം അവസാനിപ്പിച്ചത്. ഡിസംബർ 5ന് ന്യൂക്യാമ്പിൽ വെച്ചാണ് രണ്ടാം പാദ മത്സരം

പുതിയ പരിശീലകന് കീഴിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം

താത്‌ക്കാലിക പരിശീലകനായി ചുമതലയേറ്റ സോളാരിക്ക്  കീഴിൽ കളിക്കാനിറങ്ങിയ റയൽ മാഡ്രിഡിന് മികച്ച ജയം. കോപ്പ ഡെൽ റേയുടെ നാലാം റൗണ്ടിലാണ് മെലിയ്യയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. യുവ താരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് സോളാരി ടീമിനയിറക്കിയത്. ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങൾ സോളാരിയുടെ ആദ്യ ടീമിൽ ഉണ്ടായിരുന്നു. മത്സരത്തിൽ ഗോൾ നേടിയില്ലെങ്കിലും വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് നിരയിൽ മികച്ചു നിന്നു. താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും താരത്തിന് വിനയായി.

റയൽ മാഡ്രിഡിന് വേണ്ടി 28ആം മിനുട്ടിൽ ബെൻസേമയാണ് ആദ്യ ഗോൾ നേടിയത്. ഓഡ്രിസോളയുടെ പാസിൽ നിന്നായിരുന്നു ബെൻസേമയുടെ ഗോൾ. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അസെൻസിയോയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കിയത്. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നായിരുന്നു അസെൻസിയോയുടെ ഗോൾ.

രണ്ടാം പകുതിയിലും മേധാവിത്തം തുടർന്ന റയൽ മാഡ്രിഡ് ഓഡ്രിയോസോളയിലൂടെ മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ഗോളിന് പിന്നിൽ വിനീഷ്യസ് ജൂനിയറിന്റെ മികച്ച പ്രകടനമായിരുന്നു. തുടർന്ന് മത്സരത്തിന്റെ അവസാന കിക്കിൽ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റോയിലൂടെ റയൽ മാഡ്രിഡ് ഗോൾ പട്ടിക പൂർത്തിയാക്കി.

അത്ലറ്റിക്കോയുടെ ഗ്രൗണ്ടിൽ ബാഴ്സയുടെ ഫൈനൽ

അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോയിൽ കോപ്പ ഡെൽ റേ ഫൈനൽ അരങ്ങേറും. ബാഴ്സയും സെവിയ്യയും തമ്മിൽ അരങ്ങേറുന്ന ഫൈനൽ ഏപ്രിൽ 21 നാണ് അരങ്ങേറുക.

നിലവിലെ ജേതാക്കളായ ബാഴ്സ വലൻസിയയെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് ഫൈനലിൽ ഇടം നേടിയത്. സെവിയ്യ ആകട്ടെ ലേഗാനസിനെ 3-1 ന് മറികടന്നാണ് ബാഴ്‌സയെ നേരിടാൻ എത്തുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ തുറന്ന മെട്രോപൊളിറ്റാനോയിൽ ഇതിന് മുൻപ് ബാഴ്സ കളിച്ചപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം. സെവിയ്യ കളിച്ചപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അത്ലറ്റികോ ജയം കണ്ടത്. ഏതായാലും അത്ലറ്റികോ ഇല്ലാത്ത മെട്രോ പോളിറ്റാനോയിലെ ആദ്യ മത്സരമാവും ഇത്തവണത്തെ കോപ്പ ഡെൽ റേ ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടിഞ്ഞോയുടെ ആദ്യ ഗോൾ പിറന്നു, ബാഴ്സ കോപ്പ ഡെൽ റേ ഫൈനലിൽ

ഫിലിപ്പ് കുട്ടിഞ്ഞോയുടെ ആദ്യ ബാഴ്സ ഗോൾ പിറന്ന മത്സരത്തിൽ ബാഴ്സക്ക് ജയം. കോപ്പ ഡെൽ റേ രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബാഴ്സ വലൻസിയയെ മറികടന്നത്. ജയത്തോടെ ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച ബാഴ്സ ഫൈനലിൽ കടന്നു. ഫൈനലിൽ സെവിയ്യയാണ് ബാഴ്സയുടെ എതിരാളികൾ.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഇറങ്ങിയ കുട്ടിഞ്ഞോ ഏറെ വൈകാതെ തന്നെ അതുവരെ മികച്ച രീതിയിൽ പ്രതിരോധിച്ച വലൻസിയയുടെ പ്രതിരോധം മറികടന്ന് ബാഴ്സക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തന്റെ പഴയ ലിവർപൂൾ പങ്കാളി ലൂയി സുവാരസിന്റെ പാസ്സിൽ നിന്നാണ് ബ്രസീൽ താരം തന്റെ ആദ്യ ബാഴ്സ ഗോൾ നേടിയത്. ആദ്യ പകുതിയിൽ അപ്രതീക്ഷിതമായാണ് ആദ്യ ഇലവനിൽ കുട്ടിഞ്ഞോയുടെ പകരക്കാരനായി ആന്ദ്രെ ഗോമസ് ഇടം നേടിയത്. അതേ ഗോമസിന്‌ പകരകാരനായാണ് രണ്ടാം പകുതിയിൽ കുട്ടീഞ്ഞോ ഇറങ്ങിയതും.

ബാഴ്സയുടെ രണ്ടാം ഗോളും ഒരുക്കിയത് സുവാരസായിരുന്നു. ഇത്തവണ ഫിനിഷ് ചെയ്തത് റാകിട്ടിച്ചായിരുന്നു. കൗണ്ടർ അറ്റാക്കുകളിലൂടെ ബാഴ്‌സയെ പ്രതിരോധത്തിലാക്കാൻ വലൻസിയ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താന് അവർക്കായില്ല. ബാഴ്സ ഗോളി സില്ലേഴ്‌സന്റെ മികച്ച സേവുകളും ബാഴ്സക്ക് രക്ഷയായി. 83 ആം മിനുട്ടിൽ പികെ പരിക്കേറ്റ് പുറത്തായത് യേറി മിനയുടെ ബാഴ്സ അരങ്ങേറ്റത്തിനും അവസരം കുറിച്ചു. വാൽവേർടെക്ക് കീഴിലെ ബാഴ്സയുടെ ആദ്യ ഫൈനാലാവും ഇത്തവണത്തെ കോപ്പ ഡെൽ റേ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ, വലൻസിയകെതിരെ ബാഴ്സക്ക് ജയം

കോപ്പ ഡെൽ റേ സെമി ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ ബാഴ്സക്ക് ജയം. ക്യാമ്പ് നൂവിൽ ലൂയി സുവാരസ് നേടിയ ഏക ഗോളിനാണ് ല ലിഗ മുൻ നിരക്കാർ ജയം സ്വന്തമാക്കിയത്. ജയിക്കാൻ ആയതിന് പുറമെ വലൻസിയയെ എവേ ഗോൾ നേടാൻ അനുവദിക്കാതിരുന്നതും ബാഴ്സക്ക് നേട്ടമായി.

പൗളീഞ്ഞോ, ടെർ സ്റ്റീഗൻ, കുട്ടീഞ്ഞോ എന്നിവർ ഇല്ലാതെയാണ് ബാഴ്സ ആദ്യ ഇലവൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെക്കാൻ ബാഴ്സക്ക് ആയെങ്കിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ പക്ഷെ ബാഴ്സ തങ്ങളുടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയപ്പോൾ തുടർച്ചയായ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായി. 67 ആം മിനുട്ടിലാണ് ബാഴ്സയുടെ വിജയ ഗോൾ പിറന്നത്. ഗോൾ നേടിയ ശേഷം ബാഴ്സ പരിശീലകൻ വാൽവർടെ പൗളീഞ്ഞോ, പാക്കോ അൽകാസർ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ലീഡ് വർധിപ്പിക്കാനായില്ല. ഈ മാസം എട്ടാം തിയതിയാണ് രണ്ടാം പാദ സെമി ഫൈനൽ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടീഞ്ഞോ അരങ്ങേറി, ബാഴ്സക്ക് ജയം

കോപ്പ ഡെൽ റേ സെമിയുടെ രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണക്ക് ജയം. എസ്പാന്യോളിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. ജയത്തോടെ ഇരു പാദങ്ങളിലുമായി ബാഴ്സ 2-1 ന് ജയിച് സെമി ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ ബാഴ്സക്ക് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച എസ്പാന്യോളിനുള്ള പ്രതികാരം കൂടിയായി ഇന്നത്തെ ജയം.

ശക്തമായ ടീമിനെ തന്നെയാണ് വാൽവർടെ ഇറക്കിയത്. അക്രമത്തിൽ പതിവ് പോലെ മെസ്സിയും സുവാരസും അണി നിരന്നപ്പോൾ ഫിലിപ് കുട്ടീഞ്ഞോ ആദ്യമായി ബാഴ്സ ബെഞ്ചിൽ ഇടം നേടി. യേറി മിനെയും ബെഞ്ചിൽ ഉണ്ടായിരുന്നു. ആദ്യ പകുതിയിലാണ് ബാഴ്സയുടെ രണ്ടു ഗോളുകളും പിറന്നത്. 9 ആം മിനുട്ടിൽ അലക്‌സി വിദാലിന്റെ പാസ്സ് വലയിലാക്കി സുവാരസാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 25 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ബാഴ്സ ലീഡ് രണ്ടാക്കി മൊത്തം സ്കോർ 2-1 ആക്കി ആധിപത്യം നേടി. രണ്ടാം പകുതിയിലും ബാഴ്സ ആധിപത്യം തുടർന്നെങ്കിലും ലീഡ് ഉയർത്താനായില്ല. 68 ആം മിനുട്ടിൽ ഇനിയെസ്റ്റക്ക് പകരക്കാരനായി ഇറങ്ങി കുട്ടീഞ്ഞോ ക്യാമ്പ് നൂവിൽ ബാഴ്സ ആരാധകർക്ക് മുന്നിൽ അവതരിച്ചു.

ബാഴ്സ, സെവിയ്യ, ലേഗാനസ്, അലാവസ് ടീമുകളാണ് സെമിയിലേക്ക് പ്രവേശനം നേടിയത്. സെമി ഫൈനൽ നറുക്കെടുപ്പ് പിന്നീട് നടക്കും. മത്സര ക്രമവും പിന്നീട് മാത്രമാണ് വ്യക്തമാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version