അത്ലറ്റിക്ക് ബിൽബവോ വീണ്ടും ഫൈനലിൽ, ഏപ്രിലിൽ രണ്ട് കോപ ഡെൽ റേ കിരീടം നേടാം

ഒരു മാസം തന്നെ രണ്ട് കോപ ഡെൽ റേ കിരീടം നേടുക എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് അത്ലറ്റിക് ബിൽബാവോയ്ക്ക് വന്നിരിക്കുന്നത്. അവർ ഒരു കോപ ഡെൽ റേ ഫൈനലിൽ കൂടെ എത്തിയിരിക്കുകയാണ്. ഇന്നലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ലെവന്റെയെ മറികടന്നതോടെയാണ് ഈ വർഷത്തെ കോപ ഡെൽ റേ ഫൈനൽ ബിൽബാവോ ഉറപ്പിച്ചത്.

കഴിഞ്ഞ സീസണിലെ കോപ ഡെൽ റേ ഫൈനലിലും അത്ലറ്റിക് ബിൽബാവോ എത്തിയിരുന്നു. ആ ഫൈനൽ കൊറോണ കാരണം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ആ ഫൈനലും പുതിയ ഫൈനലും ഈ ഏപ്രിലിൽ ആണ് നടക്കുന്നത്. ഒരു മാസം തന്നെ രണ്ട് കോപ ഡെൽ റേ ഫൈനൽ എന്ന അപൂർവ്വ കാര്യത്തിലാണ് അത്ലറ്റിക് എത്തിയിരിക്കുന്നത്. ഏപ്രിലിൽ 3ന് നടക്കുന്ന കഴിഞ്ഞ സീസണിലെ ഫൈനലിൽ അത്ലറ്റിക് നേരിടുന്നത് അവരുടെ വൈരികളായ റയൽ സോസിഡാഡിനെ ആണ്. ഏപ്രിൽ 17ന് നടക്കുന്ന ഈ വർഷത്തെ ഫൈനലിൽ ബാഴ്സലോണയെയും ബിൽബാവോ നേരിടും. ഇന്നലെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 2-1നാണ് ബിൽബാവോ ലവന്റെയെ തോൽപ്പിച്ചത്. ആദ്യ പാദ സെമി 1-1 എന്ന സ്കോറിലായിരുന്നു അവസാനിച്ചത്.

ഗംഭീര തിരിച്ചുവരവുമായി ബാഴ്സലോണ, സെവിയ്യയെ തകർത്ത് കോപ ഡെൽ റേ ഫൈനലിൽ

ബാഴ്സലോണയെ എഴുതി തള്ളിയർക്ക് ക്ലാസിക് തിരിച്ചുവരവിലൂടെ മറുപടി നൽകി കോമാനും സംഘവും. ഇന്ന് ക്യാമ്പ്നുവിൽ നടന്ന കോപ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ അത്ര വലിയ തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയത്. സെവിയ്യയോട് ആദ്യ പാദത്തിൽ വഴങ്ങിയ 2-0ന്റെ പരാജയം മറികടന്ന് ഇന്ന് 3-0ന്റെ വിജയവുമായി ബാഴ്സലോണ കോപ ഡെൽ റേ ഫൈനലിലേക്ക് കടന്നു.

ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സലോണ സെവിയ്യയെ നിലം തൊടാൻ അനുവദിച്ചില്ല. 12ആം മിനുട്ടിൽ ഡെംബലെയിലൂടെ ആയിരുന്നു ബാഴ്സലോണയുടെ ആദ്യ ഗോൾ. ഇതിനു ശേഷം ബാഴ്സലോയുടെ പല ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയി. ഇതിനിടയിൽ ആണ് രണ്ടാം പകുതിയിൽ സെവിയ്യക്ക് പെനാൾട്ടി ലഭിക്കുന്നത്‌. കളി കൈവിട്ടെന്ന് ബാഴ്സലോണ കരുതിയ നിമിഷം. എന്നാൽ രക്ഷകനായ് ടെർസ്റ്റേഗൻ എത്തി. പെനാൾട്ടി രക്ഷിച്ച് സെവിയ്യയുടെ ഗോൾ തടഞ്ഞു.

കളിയുടെ 94ആം മിനുട്ടിൽ ആണ് ബാഴ്സലോണ നിർണായകമായ രണ്ടാം ഗോൾ നേടുന്നത്. പികെ നേടിയ ഗോളൊടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ഇഞ്ച്വറി ടൈമിൽ സെവിയ്യ താരം ഫെർണാണ്ടോ ചുവപ്പ് കണ്ട് പുറത്തുപോയതോടെ സെവിയ്യയുടെ കാര്യങ്ങൾ പ്രശ്നത്തിലായി. എക്സ്ട്രാ ടൈമിൽ ബ്രെത്വൈറ്റ് ബാഴ്സലോണക്ക് മൂന്നാം ഗോളും ഒപ്പം അഗ്രിഗേറ്റിൽ 3-2ന്റെ ലീഡും നൽകി. ഫൈനൽ ഉറപ്പിക്കാൻ ബാഴ്സലോണക്ക് ആയി.

അത്ലറ്റിക്ക് ബിൽബവോ ലെവന്റെ സെമി ഫൈനൽ സമനിലയിൽ

കോപ ഡെൽ റേയിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ അവസാനിച്ചു. അത്ലറ്റിക്ക് ബിൽബാവോയും ലെവന്റെയും തമ്മിലുള്ള മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. അത്ലറ്റിക്കിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടന്നത്. മത്സരത്തിന്റെ 26ആം മിനുട്ടിൽ മെലേറോ ലെവന്റയ്ക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ നിറം മങ്ങിയ അത്ലറ്റിക് രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്തി.

59ആം മിനുട്ടിൽ ഇനീഗോ മാർട്ടിനെസ് അത്ലറ്റികിന് സമനില നൽകി. ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു ഇനിഗോയുടെ സമനില ഗോൾ. സമനില ആയതു കൊണ്ട് തന്നെ ലെവന്റെയ്ക്ക് ആണ് ഇത് മികച്ച സ്കോർ. അവർക്ക് ഒരു എവേ ഗോളും ലഭിച്ചു. ഇനി മാർച്ച് നാലിനാണ് രണ്ടാം പാദ മത്സരം നടക്കുക.

സെവിയ്യക്ക് എതിരെ തിരിച്ചുവരാൻ ആകും എന്ന് കോമാൻ

കോപ ഡെൽ റേയിൽ ഇപ്പോഴും ബാഴ്സലോണക്ക് പ്രതീക്ഷ ഉണ്ട് എന്ന് പരിശീലകൻ റൊണാൾഡ് കോമാൻ‌. ഇന്നലെ നടന്ന ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇനി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നും ആ ഗ്രൗണ്ടിൽ അത്ഭുതങ്ങൾ കാണിക്കാൻ തന്റെ ടീമിനാകും എന്നും കോമാൻ പറഞ്ഞു.

സെവിയ്യക്ക് എതിരെ നന്നായാണ് ബാഴ്സലോണ കളിച്ചത്. എന്നാൽ സെവിയ്യ നല്ല ടീമാണെന്നും അവർക്ക് മികച്ച സ്ക്വാഡാണുള്ളത് എന്നും കോമാൻ പറഞ്ഞു. ആൽബയെ വീഴ്ത്തിയതിന് പെനാൾട്ടി കിട്ടാത്തതിനെയും കോമാൻ പഴിച്ചു. അത് പെനാൾട്ടി ആണെന്നും ആ തീരുമാനം ശരിയായിരുന്നു എങ്കിൽ കളിയുടെ ഗതി മാറിയേനെ എന്നും കോമാൻ പറഞ്ഞു.

ആദ്യ പാദ സെമിയിൽ ബാഴ്സലോണയെ തകർത്ത് സെവിയ്യ

ബാഴ്സലോണയുടെ കോപ ഡെൽ റേ കിരീട പ്രതീക്ഷയ്ക്കു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ പാദ സെമിയിൽ സെവിയ്യയിൽ നിന്ന് വലിയ പരാജയം തന്നെ കോമാന്റെ ടീം ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ പരാജയം. മുൻ ബാഴ്സലോണ താരം റാകിറ്റിച് ബാഴ്സക്ക് എതിരെ ഗോൾ നേടുന്നതും ഇന്നലെ കാണാൻ ആയി.

മത്സരം ബാഴ്സലോണ മികച്ച രീതിയിൽ തുടങ്ങി എങ്കിലും ഡിഫൻസിൽ അറോഹോ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ അവർ നേരിടേണ്ടി വന്നു. 25ആം മിനുട്ടിൽ കൗണ്ടെ നേടിയ സോളോ ഗോൾ ബാഴ്സലോണ ഡിഫൻസ് എത്ര ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു‌. ഈ ഗോൾ വീണതിനു ശേഷം ബാഴ്സലോണ അറ്റാക്ക് ശക്തമാക്കി എങ്കിലും ഒരു നല്ല അവസരം സൃഷ്ടിക്കാൻ അവർ കഷ്ടപ്പെട്ടു.

ബാഴ്സലോണയുടെ ആക്രമണങ്ങൾക്ക് ഇടയിൽ കൗണ്ടറുകളുമായി സെവിയ്യ ടെർ സ്റ്റേഗനെ പരീക്ഷിച്ചു കൊണ്ടുമിരുന്നു. 85ആം മിനുട്ടിൽ ആണ് മനോഹരമായ സ്ട്രൈക്കിലൂടെ റാക്കിറ്റിച് ഗോൾ നേടിയത്. തന്റെ മുൻ ക്ലബിനോടുള്ള ആദരവായി ഗോൾ ആഹ്ലാദിക്കാതിരിക്കാൻ റാക്കിറ്റിച് ശ്രദ്ധിച്ചു. മാർച്ച് 3ന് ആണ് കോപ ഡെൽ റേ സെമിയിലെ രണ്ടാം പാദം നടക്കുക.

ഗ്രീസ്മന്റെ ബാഴ്സലോണ ജേഴ്സിയിലെ ഏറ്റവും നല്ല പ്രകടനം, ബാഴ്സലോണക്ക് ക്ലാസിക് തിരിച്ചുവരവ്

ബാഴ്സലോണക്ക് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ഗ്രനഡയ്ക്ക് എതിരെ ഗംഭീര വിജയം. തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ബാഴ്സലോണ തിരിച്ചടിച്ചത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ഗ്രീസ്മനാണ് ബാഴ്സലോണയ്ക്ക് വിജയം നൽകിയത്. ഗ്രീസ്മന്റെ ബാഴ്സലോണ ജേഴ്സിയിലെ ഏറ്റവും മികച്ച മത്സരവും ഇതായിരിക്കണം. 33ആം മിനുട്ടിൽ കെനഡിയുടെയും 47ആം മിനുട്ടിൽ സൊൽഡാഡോയുടെയും ഗോളിൽ ആയിരുന്നു ഗ്രാൻഡ ലീഡ് എടുത്തത്. ബാഴ്സലോണ പക്ഷെ ആ ഗോളുകളിൽ പതറിയില്ല.

പൊരുതിയ ബാഴ്സലോണ 87ആം മിനുട്ട് വരെ രണ്ട് ഗോളിന് പിറകിലായിരുന്നു. പക്ഷെ 88ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് ഗ്രീസ്മൻ തിരിച്ചുവരവ് ആരംഭിച്ചു. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഗ്രീസ്മന്റെ പാസിൽ നിന്ന് ആൽബ ബാഴ്സലോണക്ക് ശ്വാസം തിരികെ നൽകിയ സമനില ഗോളും നേടി.

പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. നൂറാം മിനുട്ടിൽ വീണ്ടും ഗ്രീസ്മൻ ആൽബ സഖ്യം ഒത്തുചേർന്നു. ഇത്തവണ ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്മൻ ഗോൾ. ബാഴ്സലോണ ആദ്യമായി ലീഡിൽ. പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 103ആം മിനുട്ടിൽ ഒരു പെനാൾട്ടി ഗ്രനഡയെ സമനിലയിൽ എത്തിച്ചു. ഫെഡെ ആയിരുന്നു പെനാൾട്ടി സ്കോർ ചെയ്തത്. സ്കോർ 3-3. 108ആം മിനുട്ടിൽ ഡിയോങും 113ആം മിനുട്ടിൽ ആൽബയും ഗോൾ നേടിയതോടെ അവസാനം ബാഴ്സലോണ വിജയം ഉറപ്പിച്ചു. ആൽബയുടെ രണ്ടാം ഗോളും ഒരുക്കിയത് ഗ്രീസ്മനായിരുന്നു.

രണ്ട് പെനാൾട്ടികൾ നഷ്ടമാക്കി, എക്സ്ട്രാ ടൈമിൽ അവസാനം ബാഴ്സലോണ വിജയം

തുടർച്ചയായ മൂന്നാം മത്സരത്തിലും ബാഴ്സലോണ എക്സ്ട്രാ ടൈം കളിക്കേണ്ടി വന്ന മത്സരത്തിൽ അവസാനം വിജയം. കോപ ഡെൽ റേയിൽ മൂന്നാം ഡിവിഷൻ ക്ലബായ കോർണെയയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് രണ്ട് പെനാൾട്ടികൾ ലഭിച്ചിട്ടും രണ്ട് ബാഴ്സലോണ നഷ്ടമാക്കുന്നതാണ് ഇന്നലെ കണ്ടത്.

യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകി കൊണ്ടായിരുന്നു ബാഴ്സലോണ ഇറങ്ങിയത്. 39ആം മിനുട്ടിൽ പ്യാനിചും 80ആം മിനുട്ടിൽ ഡെംബലെയും ആണ് പെനാൾട്ടി നഷ്ടപ്പെടുത്തിയത്. അവസാനം എക്സ്ട്രാ ടൈമിൽ 92ആം മിനുട്ടിൽ ഡെംബലെ ബാഴ്സലോണക്ക് ആശ്വാസം നൽകിയ ലീഡ് നൽകി. പിന്നാലെ 120ആം മിനുട്ടിൽ ബ്രെത്വൈറ്റ് രണ്ടാം ഗോളും നേടി. രണ്ടു ഗോളുകളും പെഡ്രിയാണ് ഒരുക്കിയത്.

നാണക്കേടിന്റെ അങ്ങേയറ്റം, മൂന്നാം ഡിവിഷൻ ടീമിനോട് തോറ്റ റയൽ പുറത്ത്

കോപ്പ ഡെൽ റെയിൽ നാണം കെട്ട് റയൽ മാഡ്രിഡ് പുറത്ത്. മൂന്നാം ഡിവിഷൻ ടീമായ അൽകായോനോട് 2-1 എന്ന സ്കോറിനാണ് സിദാന്റെ ടീം തോറ്റത്. കളി വെറും 10 പേരുമായാണ് എതിർ ടീം പൂർത്തിയാക്കിയത് എന്നത് റയലിന്റെ മുഖത്തുള്ള അടിയായി.

ആദ്യ പകുതിയിൽ ലീഡ് എടുത്ത ശേഷമാണ് മാഡ്രിഡ് കളി കൈ വിട്ടത്. മിലിറ്റവോയുടെ ഹെഡറിൽ ലീഡ് കണ്ടെത്തിയ റയലിന് പക്ഷെ രണ്ടാം പകുതിയിൽ കളി കൈവിട്ടു. കളി തീരാൻ 10 മിനുട്ട് ബാക്കി നിൽക്കെയാണ് അൽകായോനോയുടെ സമനില ഗോൾ പിറന്നത്. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ അവസാന 10 മിനുട്ട് നേരം അൽകായോനോ 10 പേരുമായാണ് കളിച്ചത്. റാമോസ് ലോപസ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ഇത്. പക്ഷെ 5 മിനിട്ടുകൾക്ക് ശേഷം വിജയ ഗോൾ നേടിയ അവർ സ്പാനിഷ് വമ്പന്മാർക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചു.

അത്ലെറ്റിക്കോ മാഡ്രിഡ് പുറത്ത്, അട്ടിമറി ജയവുമായി മൂന്നാം ഡിവിഷൻ ക്ലബ്ബ്

കോപ്പ ഡെൽ റേയിൽ നിന്നും അത്ലെറ്റിക്കോ മാഡ്രിഡ് പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൂന്നാം ഡിവിഷൻ ക്ലബ്ബായ കോർണെയ്യ സിമിയോണിയുടെ അത്ലെറ്റിക്കോയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിലെപ്പോലെ ഇത്തവണയും ലോവർ ഡിവിഷൻ ക്ലബ്ബിനോട് തോറ്റ് പുറത്ത് പോവാനാണ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ യോഗം. 10 തവണ ചാമ്പ്യന്മാരായ അത്ലെറ്റിക്കോ മാഡ്രിഡിനെ അഡ്രിയാൻ ജിമിനെസിന്റെ ഏഴാം മിനുട്ടിലെ ഗോളിലാണ് കറ്റലൻ ക്ലബ്ബായ കോർണെയ്യ പരാജയപ്പെടുത്തിയത്.

കളിയുടെ രണ്ടാം പകുതിയിൽ റിക്കാർഡോ സാഞ്ചസ് ചുവപ്പ് കണ്ട് പുറത്ത് പോയത് അത്ലെറ്റിക്കോ മാഡ്രിഡിന്റെ തിരിച്ച് വരാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. കോപ ഡെൽ റേയിലെ സമീപകാലത്തെ വമ്പൻ അട്ടിമറികളിൽ ഒന്നാണിന്ന് നടന്നത്. 1500 പേർക്ക് മാത്രമിരിക്കാവുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ കോർണെയ്യയെന്ന മൂന്നാം ഡിവിഷൻ ക്ലബ്ബ് പുതിയൊരു ചരിത്രമാണെഴുതിയത്.

ഈ സീസണിലെ കോപ ഡെൽ റേ ഫൈനൽ അടുത്ത സീസണിൽ മാത്രം

സ്പെയിനിലെ കോപ ഡെൽ റേ ഫൈനൽ വൈകും എന്ന് ഉറപ്പായി. കാണികൾക്ക് പ്രവേശനം വന്നതിനു ശേഷം മാത്രം കോപ ഡെൽ റേ ഫൈനൽ കളിച്ചാൽ മതി എന്ന് ഫൈനലിസ്റ്റുകളായ റയൽ സോസിഡാഡും അത്ലറ്റിക്ക് ബിൽബാവോയും തീരുമാനിച്ചു. സ്പാനിഷ് ഫുട്ബോൾ അധികൃതരുമായും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി. യൂറോപ്പ ലീഗിൽ കളിക്കാനുള്ള അവസരം വിട്ടു നൽകാൻ തയ്യാറാണെന്നും രണ്ടു ക്ലബുകളും അറിയിച്ചു.

ഓഗസ്റ്റിനു മുമ്പ് കോപ ഡെൽ റേ ഫൈനൽ നടത്തിയില്ല എങ്കിൽ കോപ ഡെൽ റേയുടെ യൂറോപ്പാ യോഗ്യത എടുത്തു കളയും എന്നാണ് യുവേഫ പറഞ്ഞിരുന്നു. കോപ ഡെൽ റേ വിജയികൾക്ക് പകരം ലാലിഗയിലെ ഏഴാം സ്ഥാനക്കാർ യൂറോപ്പയിൽ കളിക്കും എന്ന് ഈ പുതിയ വാർത്തകളോടെ തീരുമാനമായി. കോപ ഡെൽ റേ ഫൈനൽ അടുത്ത സീസണിൽ നടത്താൻ ആണ് ഇപ്പോൾ ആലോചിക്കുന്നത്.

കോപ ഡെൽ റേ ഫൈനൽ നടത്തണം എന്ന് യുവേഫ നിർദ്ദേശം

സ്പെയിനിലെ കോപ ഡെൽ റേ ഫൈനൽ എന്തായാലും നടത്തണം എന്ന് യുവേഫ. ഓഗസ്റ്റ് വരെയാണ് കോപ ഡെൽ റേ ഫൈനൽ നടത്താൻ യുവേഫ നൽകിയിരിക്കുന്ന സമയം. ഇതിനകം ഫൈനൽ നടത്തിയില്ല എങ്കിൽ കോപ ഡെൽ റേയുടെ യൂറോപ്പാ യോഗ്യത എന്നേക്കുമായി എടുത്തു കളയും എന്നാണ് യുവേഫ പറയുന്നത്‌.

സാഹചര്യങ്ങൾ ശാന്തമാകുന്നത് കാത്തു നിൽക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ ഫൈനൽ നടത്താൻ ആണ് നിർദ്ദേശമുള്ളത്. എന്നാൽ അതിനും ഇപ്പോൾ ക്ലബുകൾ ഒരുക്കമല്ല. റയൽ സോസിഡാഡും അത്ലറ്റിക്ക് ബിൽബാവോയും ആണ് ഇത്തവണ കോപ ഡെൽ റേ ഫൈനലിൽ കളിക്കേണ്ടത്. ജയിക്കുന്നവർക്ക് യൂറോപ്പ ലീഗ് യോഗ്യത നേടാം. കളി നടന്നില്ല എങ്കിൽ ലാലിഗയിലെ ഏഴാം സ്ഥാനകകർ ആകും യൂറോപ്പയിൽ എത്തുക.

കോപ്പ ഡെൽ റേ ഫൈനൽ മാറ്റിവെച്ചു

സ്പെയിനിൽ കോപ്പ ഡെൽ റേ ഫൈനൽ മാറ്റിവെച്ചു. കോവിഡ് 19 എപിഡെമിക് ഭീഷണിയെ തുടർന്ന് ഏപ്രിൽ 18 നടക്കേണ്ടിയിരുന്ന ഫൈനലാണ് മാറ്റിവെച്ചത്. അത്ലെറ്റിക്ക് ബിൽബാവോയും റയൽ സോസിദാദും തമ്മിലാണ് കോപ്പ ഡെൽ റേ ഫൈനൽ പോരാട്ടം. സ്പാനിഷ് എഫ്.എ ക്ലബ്ബുകളുടേയും ആരാധകരുടേയും വികാരം കണക്കിലെടുത്താണ് ഫൈനൽ മാറ്റിയത്.

കോപ്പ ഡെൽ റേ ഫൈനൽ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കാൻ ടീമുകൾക്കും സ്പാനിഷ് ആരാധകർക്കും താല്പര്യമുണ്ടായിരുന്നില്ല. പുറത്ത് വരുന്ന സൂചനകൾ അനുസരിച്ച് മെയ് 30തിനായിരിക്കും ഫൈനൽ നടക്കുക. സ്പെയിനിലെ മത്സരങ്ങൾ മാറ്റിവെക്കാൻ പ്ലേയേഴ്സ് യൂണിയനും പല ക്ലബ്ബുകളും രംഗത്തെത്തിക്കഴിഞ്ഞു. കോവിഡ് 19 വൈറസ് യൂറോപ്യൻ ഫുട്ബോളിലാകെ അരക്ഷിതാവസ്ഥ പടർത്തുകയാണ്.

Exit mobile version