കോപ്പ ഡെൽ റേ നേടി എൻറിക്വക്ക് ബാഴ്‌സ വിട നൽകി

മെസ്സിയും നെയ്മറും കളം നിറഞ്ഞു കളിച്ചപ്പോൾ ആദ്യ പകുതിയിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ ആൽവേസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്‌സിലോണക്കു കോപ്പ ഡെൽ റേ കിരീടം. ബാഴ്‌സിലോണ പരിശീലക വേഷത്തിൽ അവസാന മത്സരമായിരുന്നു  ലൂയിസ് എൻറിക്വക്ക് മികച്ചൊരു വിട വാങ്ങാൽ മത്സരം നൽകാനും ബാഴ്‌സക്കായി. മത്സരത്തിൽ പിറന്ന നാല് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ബാഴ്‌സക്കു വേണ്ടി മെസ്സിയും നെയ്മറും അൽകസറും ഓരോ ഗോൾ വീതം നേടി. ആൽവേസിന്റെ ഗോൾ തിയോ ഹെർണാണ്ടസ് നേടി.

മുപ്പതാം മിനുട്ടിൽ മെസ്സിയും നെയ്മറും ചേർന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് ബാഴ്‌സ ആദ്യ ഗോൾ നേടിയത്. നെയ്മറുമായി വൺ ടച്ച്പാസ്സ് കളിച്ച മെസ്സിയുടെ ഇടം കാലൻ ഷോട്ട് ആൽവേസ് വലയിൽ കയറുകയായിരുന്നു.  എന്നാൽ മിനുറ്റുകൾക്കുള്ളിൽ ബാഴ്‌സയെ ഞെട്ടിച്ച് ആൽവേസ് ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ച് വന്നു. ബാഴ്‌സ പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് കിട്ടിയ ഫ്രീ കിക്ക്‌ മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ തിയോ ഹെർണാണ്ടസ് ബാഴ്‌സ വല കുലുക്കി.

ആദ്യ പകുതി സമനിലയിലാവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബാഴ്‌സ തുടർച്ചയായി രണ്ട് ഗോളടിച്ച് ആദ്യ പകുതിക്ക് മുൻപ് തങ്ങളുടെ മേധവിത്വം ഉറപ്പിച്ചത്. 45ആം മിനുട്ടിൽ ആന്ദ്രേ ഗോമസിന്റെ പാസിൽ നിന്ന് നെയ്മറാണ് ബാഴ്‌സയുടെ രണ്ടാമത്തെ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്നും ഗോമസ് നൽകിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ നെയ്മറിന് ഉണ്ടായിരുന്നുള്ളു. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ മെസ്സിയുടെ മികച്ചൊരു മുന്നേറ്റം ബാഴ്‌സയുടെ മൂന്നാമത്തെ ഗോളിൽ കലാശിച്ചു. ആൽവേസ് പ്രധിരോധ നിരയെ കബളിപ്പിച്ച് മെസ്സി നൽകിയ പാസ് അൽകാസർ ഗോളാക്കിമാറ്റുകയായിരുന്നു. രണ്ടാമത്തെ പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ആൽവേസ് ശ്രമിച്ചെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല. ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും കിരീടം നഷ്ട്ടപെട്ട ബാഴ്‌സിലോണക്ക് കോപ്പ ഡെൽ റേ വിജയം ആശ്വാസമായി.

2014ൽ ബാഴ്‌സ കോച്ചായി സ്ഥാനം ഏറ്റെടുത്ത എൻറിക്വ  കോപ്പ ഡെൽ റേ അടക്കം 9 കിരീടങ്ങൾ ബാഴ്‌സക്കു വേണ്ടി നേടി കൊടുത്തു.  14 കിരീടങ്ങൾ നേടിയ പെപ് ഗാർഡിയോളയും 11 കിരീടങ്ങൾ നേടി കൊടുത്ത ജോൺ ക്രയ്‌ഫും മാത്രമാണ് കിരീട നേട്ടത്തിൽ എൻറിക്വക്ക് മുൻപിലുള്ള പരിശീലകർ. തിങ്കളാഴ്ച്ച ബാഴ്‌സിലോണ പുതിയ കോച്ചിനെ പ്രക്യപിക്കുമെന്നാണ് കരുതപ്പെടുന്നത്. അത്ലറ്റികോ ബിൽബാവോയുടെ കോച്ച് ആയിരുന്നു ഏർണെസ്റ് വാൽവേർഡാവും ബാഴ്‌സിലോണയുടെ പുതിയ കോച്ച്.