വീണ്ടും ബാഴ്‌സലോണയുടെ മരണമാസ്സ്‌ തിരിച്ചുവരവ്

ആദ്യ പാദത്തിൽ 2-0ന്റെ തോൽവിയേറ്റുവാങ്ങിയിട്ടും രണ്ടാം പാദത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ മരണമാസ്സ്‌ തിരിച്ച് വരവ് നടത്തി ബാഴ്‌സലോണ. കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ സെവിയ്യയെയാണ് ബാർസിലോണ 6-1ന് തോൽപ്പിച്ച് സെമി ഉറപ്പിച്ചത്. കൂട്ടീഞ്ഞോയുടെ ഇരട്ട ഗോളുകൾ ആണ് ബാഴ്‌സലോണയുടെ തിരിച്ചുവരവ് അനായാസമാക്കിയത്. രണ്ടു പാദങ്ങളിലുമായി 6-3ന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്.

ബാഴ്‌സലോണക്ക് വേണ്ടി കൂട്ടീഞ്ഞോ രണ്ടു ഗോളുകളും റാക്കിറ്റിച്ച്, സെർജിയോ റോബർട്ടോ, ലൂയിസ് സുവാരസ്, മെസ്സി എന്നിവർ ഓരോ ഗോളുകളും നേടി. സെവിയ്യയുടെ ആശ്വാസ ഗോൾ ആരാണാ ലോപ്പസിന്റെ വകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ബാഴ്‌സലോണക്കൊപ്പം സെവിയ്യ പൊരുതി നോക്കിയെങ്കിലും ഇടവേളകളിൽ ഗോളുകൾ നേടി ബാഴ്‌സലോണ ജയം അനായാസമാക്കി. മത്സരം 1-0ന് ബാഴ്‌സലോണ മുന്നിട്ട് നിൽകുമ്പോൾ സമനില നേടാനുള്ള മികച്ചൊരു അവസരം സെവിയ്യ താരം എവർ ബനേഗാ നഷ്ടപ്പെടുത്തുകയും ചെയ്തു. റോക്ക മെസയെ പിക്വേ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് ബനേഗാ നഷ്ടപ്പെടുത്തിയത്. ബനേഗായുടെ ശ്രമം ബാഴ്‌സലോണ ഗോൾ കീപ്പർ ജെസ്പർ സിയ്യേസ്സൻ രക്ഷപ്പെടുത്തുകയായിരുന്നു.

 

Previous articleചരിത്രം കുറിച്ച് സതിയന്‍ ജ്ഞാനശേഖരന്‍, മണിക ബത്രയ്ക്കും നേട്ടം
Next articleസുവർണ്ണാവസരം നഷ്ടമാക്കി ലിവർപൂൾ, ആൻഫീൽഡിൽ സമനില