എവേ ഗോൾ ചതിച്ചു, അത്ലറ്റികോ പുറത്ത്

കോപ്പ ഡെൽ റേയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡ് പുറത്ത്. ജിറോണയോട് ഞെട്ടിക്കുന്ന സമനില വഴങ്ങിയാണ് ഗ്രീസ്മാനും സംഘവും കപ്പ് പോരാട്ടത്തിൽ നിന്ന് പുറത്തായത്. മത്സരത്തിൽ 3-3 ന്റെ സമനില ആയിരുന്നു ഫലം എങ്കിലും എവേ ഗോളിന്റെ ആനുകൂല്യം ജിറോണയെ തുണച്ചു. ആദ്യ പാദ മത്സരം 1-1 ന്റെ സമനിലയിൽ ആണ് അവസാനിച്ചത്.

കലിനിക്കിന്റെ ഗോളിൽ അത്ലറ്റികോ ലീഡ് നേടിയെങ്കിലും ആദ്യ പകുതിക്ക് പിരിയും മുൻപേ ഫെർണാണ്ടസിലൂടെ ജിറോണ സമനില കണ്ടെത്തി. പിന്നീട് രണ്ടാം പകുതിയിൽ സ്റ്റുവാനിയിലൂടെ ജിറോണ ലീഡ് നേടിയെങ്കിലും കൊറേയ അത്ലറ്റിക്കോയെ മത്സരത്തിൽ തിരിച്ചെത്തിച്ചു. പിന്നീട് ഗ്രീസ്മാന്റെ ഗോളിൽ ലീഡ് എടുത്ത അത്ലറ്റികോ പക്ഷെ മത്സരം തീരാൻ 2 മിനുട്ട് മാത്രം ശേഷിക്കെ മൂന്നാം ഗോൾ വഴങ്ങി. ബോയ ഗാർസിയയാണ് ഗോൾ നേടിയത്.