കൗട്ടീനോയ്ക്ക് ഇരട്ട ഗോൾ, ജയത്തോടെ ബ്രസീൽ തുടങ്ങി!!

കോപ അമേരിക്കയ്ക്ക് ബ്രസീലിന്റെ വൻ വിജയത്തോടെ തുടക്കം. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബൊളീവിയയെ ആണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ബാഴ്സലോണ താരം കൗട്ടീനോയുടെ ഇരട്ട ഗോളാണ് ബ്രസീലിന് വൻ വിജയം നേടിക്കൊടുത്തത്. ബ്രസീലിന്റെ കോപ അമേരിക്ക ചരിത്രത്തിലെ നൂറാം വിജയമായി ഇത്.

ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബ്രസീൽ വിഷമിച്ചിരുന്നു. രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ആണ് ബ്രസീലിന്റെ കാര്യങ്ങൾ ശരിയാക്കിയത്. ഒരു ഹാൻഡ്ബോളൊന് ലഭിച്ച പെനാൾക്കി ലക്ഷ്യം തെറ്റാതെ കൗട്ടീനോ വലയിലാക്കി. പിന്നാലെ 53ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കൗട്ടീനോ തന്നെ ബ്രസീലിങെ രണ്ടാം ഗോളും നേടി.

ആദ്യ ഗോളിനു ശേഷം തന്നെ താളം കണ്ടെത്തിയ ബ്രസീൽ രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. കളിയുടെ 85ആം മിനുട്ടിൽ തകർപ്പൻ ഒരു ഗോളോടെ എവർട്ടൺ ആണ് ഇന്നത്തെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഇനി 19ആം തീയതൊ വെനിസ്വേലയുമാണ് ബ്രസീലിന്റെ മത്സരം.

കോപ അമേരിക്ക ആദ്യ മത്സരം നാളെ പുലർച്ചെ, ബ്രസീലിന്റെ സാധ്യതാ ഇലവൻ

കോപ അമേരിക്കയിൽ ആദ്യ മത്സരം നാളെ പുലർച്ചെ 6 മണിക്ക് നടക്കും. ബ്രസീലും ബൊളീവിയയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നെയ്മറില്ലാതെ ആണ് ഇറങ്ങുന്നത് എങ്കിലും ബൊളീവിയെ തോൽപ്പിക്കാനുള്ള കരുത്ത് ബ്രസീലിനുണ്ട്. ലോകകപ്പിലെ നിരാശ കോപയിൽ മാറ്റുക ആണ് പരിശീലകൻ ടിറ്റെയുടെ ലക്ഷ്യം.

നെയ്മറിനു പകരം അയാക്സിന്റെ യുവതാരം നെരെസ് അറ്റാക്കിംഗ് 3ൽ എത്തും. ഫർമീനോ, റിച്ചാർലിസൺ എന്നിവരും അറ്റാക്കിംഗ് നിരയിൽ ഉണ്ടാകും. കൗട്ടീനോ ആകും ഇന്ന് ബ്രസീലിന്റെ പ്രധാന താരം. നമ്പർ 10 റോളിലാകും നാളെ കൗട്ടീനോ ഇറങ്ങുക. മധ്യനുരയിൽ അല്ലനും കസമേറീയും ഇറങ്ങു. അലനു പകരം മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാഡീനോയ്ക്കും സാധ്യതയുണ്ട്. റൈറ്റ് ബാക്കിൽ ഡാനി ആല്വസും, ലെഫ്റ്റ് ബാക്കി ഫിലിപ്പെ ലൂയിസുമാകും ഉണ്ടാവുക.

തിയാഗോ സില്വയും മാർകിനസും സെന്റർ ബാക്ക് റോളിലും ഇറങ്ങും. മാഞ്ചസ്റ്റർ സിറ്റി ഗോളി എഡേഴ്സണെ ബെഞ്ചിൽ ഇരുത്തി ലിവർപൂൾ കീപ്പർ അലിസണാകും ബ്രസീലിന്റെ വല കാക്കുക.

1957ന് ശേഷം ആദ്യമായി വെള്ള ജേഴ്സിയിൽ ബ്രസീൽ ഇറങ്ങുന്നു

നാളെ പുലർച്ചെ നടക്കുന്ന കോപ അമേരിക്കയിൽ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ നേരിടും. ബൊളീവയിക്കെതിരെ വെള്ള ജേഴ്സിയിൽ ആകും ബ്രസീൽ ഇറങ്ങുക. നീണ്ട കാലത്തിനു ശേഷമാണ് ബ്രസീൽ ഒരു ഔദ്യോഗിക മത്സരത്തിൽ വെള്ള ജേഴ്സി അണിയുന്നത്. അവസാനമായി 1957ൽ ആയിരുന്നു ബ്രസീൽ വെള്ള ജേഴ്സി അണിഞ്ഞ് കളിച്ചത്. നൈക് ആണ് ബ്രസീലിനായി ഈ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഈ ഒരു മത്സരത്തിൽ മാത്രമേ ബ്രസീൽ വെള്ള ജേഴ്സി അണിയുകയുള്ളൂ.

ഇനി ആവേശം ലാറ്റിനമേരിക്കയിലേക്ക്, കോപ അമേരിക്ക തുടങ്ങുന്നു

ഫുട്ബോൾ ആരാധകരെ ആവേശത്തിൽ ആഴ്ത്താൻ ലാറ്റിനമേരിക്ക ഒരുങ്ങി കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ കോപ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുകയാണ്. ബ്രസീൽ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്കയ്ക്ക് ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫ് ആവുക. ജൂലൈ 7വരെ ടൂർണമെന്റ് നീണ്ടു നിൽക്കും.

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.

മെസ്സിയുടെ രാജ്യാന്ത്ര കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ എന്നതും, ലോകകപ്പിലെ നിരാശയ്ക്ക് ബ്രസീൽ അവസാനം കണ്ടെത്തുമോ എന്നതും ആകും കോപയിലെ പ്രധാന കാത്തിരിപ്പ്. നെയ്മർ ഇല്ലാത്തത് ബ്രസീലിന് വലിയ തിരിച്ചടിയാകും. കൗട്ടീനോ ഫർമീനോ ജീസുസ് എന്നിവരൊക്കെ ആണ് ഇത്തവണ ബ്രസീലിന്റെ പ്രതീക്ഷ.

ലാറ്റിനമേരിക്ക് പുറത്ത് നിന്നുള്ള രണ്ട് ടീമുകളായി ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയിൽ ഇത്തവണ ഉള്ളത്. ജപ്പാന്റെ ഇത് രണ്ടാമത്തെ കോപ അമേരിക്ക ടൂർണമെന്റാകും ഇത്. യുവ ടീമുമായാണ് ജപ്പാൻ എത്തിയിരിക്കുന്നത്. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്. ഏഷ്യൻ കപ്പിലെ പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഖത്തർ.

സുവാരസിന്റെ പരിക്ക് മാറി, കോപയിലെ ആദ്യ മത്സരത്തിൽ തന്നെ കളിക്കും

പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായ സുവാരസിന്റെ ഫിറ്റ്നെസ് സംബന്ധിച്ചുള്ള ആശങ്കകൾ അവസാനിച്ചു. കോപ അമേരിക്കയിൽ ആദ്യ മത്സരത്തിൽ തന്നെ സുവാരസ് ഇറങ്ങും എന്ന് ഉറുഗ്വേ അറിയിച്ചു. കോപ ഡെൽ റേ ഫൈനലിന് മുമ്പായിരുന്നു ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് ചെറിയ ശ്രസ്ത്രക്രിയ നടത്തിയത്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. നീണ്ട കാലമായി സുവാരസിനെ ഈ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.

ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ ആയിരുന്നു സുവാരസ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഈ സീസണിൽ ബാഴ്സലോണകകയി 25 ഗോളുകൾ നേടിയ സുവാരസ് കോപയിലും ആ ഫോം ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ്. സുവാരസിന്റെ അവസാന കോപ അമേരിക്ക ആകും ഇതെന്നാണ് കരുതുന്നത്.

ഇക്വഡോർ, ജപ്പാൻ, ചിലി എന്നീ ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് ഉറുഗ്വേ കളിക്കേണ്ടത്.

“മെസ്സിക്ക് വേണ്ടി കോപ അമേരിക്ക നേടണം” – അഗ്വേറോ

ബ്രസീലിൽ നടക്കുന്ന കോപ അമേരിക്കയിൽ കിരീടം നേടിയേ പറ്റൂ എന്ന് അർജന്റീനയുടെ സ്ട്രൈക്കർ സെർജിയോ അഗ്വേറോ. മെസ്സിക്കു വേണ്ടി ഈ കോപ നേടണം എന്നാണ് അഗ്വേറൊ പറയുന്നത്. രാജ്യത്തിനായി ഇത്രയധികം കാലം മെസ്സി കളിച്ചു, ഒരുപാട് പ്രയാസങ്ങളും നേരിട്ടു. അതുകൊണ്ട് തന്നെ മെസ്സി ഒരു കിരീടം അർഹിക്കുന്നുണ്ട്. അഗ്വേറോ പറഞ്ഞു.

ദേശീയ ടീമിനൊപ്പം ഒരു സീനിയർ കിരീടം വരെ നേടാൻ മെസ്സിക്ക് ഇതുവരെ ആയിട്ടില്ല. ലോകകപ്പ് ഫൈനലടക്കം നാലു ഫൈനലുകളിലാണ് മെസ്സി അർജന്റീനയ്ക്ക് ഒപ്പം പരാജയപ്പെട്ടത്. മെസ്സിയും താനും സംസാരിക്കുമ്പോൾ എപ്പോഴും രാജ്യത്തിനൊപ്പം ഒരു കിരീടം നേടുന്നത് ചർച്ച ചെയ്യാറുണ്ട് എന്ന് അഗ്വേറോ പറഞ്ഞു. തങ്ങളുടെ ദിവസം ഒരിക്ലൽ വരുമെന്നും അഗ്വേറോ പറഞ്ഞു.

നേരത്തെ അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം നേടിയിട്ട് വിരമിക്കണമെന്നാണ് ആഗ്രഹം എന്ന് മെസ്സിയും പറഞ്ഞിരുന്നു.

“നെയ്മർ ഇല്ലാത്തതിനാൽ കൗട്ടീനോ ആണ് ബ്രസീലിന്റെ പ്രധാന താരം”

കോപ അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന താരം കൗട്ടീനോ ആണെന്ന് ഡിഫൻഡർ തിയാഗോ സിൽവ. കൗട്ടീനോ ആയിരുന്നു അവസാന രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീലിന്റെ ഏറ്റവും മികച്ച താരം. കോപ അമേരിക്കയിലും അത് തന്നെ ആയിരിക്കും സ്ഥിതി. നെയ്മറിന്റെ അഭാവം കൂടിയാകുമ്പോൾ ടീമിലെ നെടുംതൂണായി കൗട്ടീനോ മാറുന്നു എന്ന് സിൽവ പറഞ്ഞു.

ബാഴ്സലോണയ്ക്കായി അത്ര മികച്ച പ്രകടനങ്ങൾ കൗട്ടീനോ നടത്തിയിട്ടില്ല എന്നത് കാര്യമാക്കേണ്ടതില്ല എന്നും. ഇത് കൗട്ടീനോയ്ക്ക് താൻ ആരാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള വേദിയാണെന്നും തിയാഗോ സിൽവ പറഞ്ഞു. ബ്രസീലിന്റെ അറ്റാക്കുകൾ കൗട്ടീനോയെ കേന്ദ്രീകരിച്ചായിരിക്കും എന്നും സിൽവ പറഞ്ഞു.

ആർതുറിനും പരിക്ക്, ബ്രസീലിന്റെ കോപ ഒരുക്കങ്ങൾക്ക് വീണ്ടും തിരിച്ചടി

ബ്രസീലിന്റെ ക്യാമ്പിൽ വീണ്ടും പരിക്ക് പ്രശ്നമായിരിക്കുകയാണ്. ബാഴ്സലോണയുടെ മധ്യനിര താരം ആർതുർ മിലോ ആണ് കഴിഞ്ഞ ദിവസം പരിക്കേറ്റ് കളം വിട്ടത്. ഹോണ്ടുറാസിനെതിരെ ഉള്ള മത്സരത്തിലായിരുന്നു ആർതറിന് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സബ്സ്റ്റുട്യൂട്ട് ചെയ്ത് മാറ്റി. ആർതറിന്റെ പരിക്കിൽ ആശങ്ക വേണ്ട എന്നാണ് പരിശീലകൻ ടിറ്റെ പറഞ്ഞത്.

ചെറിയ പരിക്ക് മാത്രമാണെന്നും ഉടൻ തന്നെ ആർതർ പൂർണ്ണ ആരോഗ്യവാനാകും എന്നും ടിറ്റെ പറഞ്ഞു. ഇന്നലെ കോപയ്ക്ക് മുമ്പായുള്ള ബ്രസീലിന്റെ അവസാന മത്സരമായിരുന്നു. മത്സരം 7-0ന് വിജയിച്ചു എങ്കിലും ഈ പരിക്ക് ക്യാമ്പിൽ നിരാശ പരത്തി. ഇതിനകം തന്നെ നെയ്മാറിനെ പരിക്ക് കാരണം ബ്രസീലിന് നഷ്ടമായിരുന്നു.

ഇരട്ട ഗോളുകളുമായി മെസ്സി, അർജന്റീനയുടെ കോപ ഒരുക്കം ഗംഭീരം

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന അർജന്റീനയ്ക്ക് വമ്പൻ വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നികരഗുവയെ നേരിട്ട അർജന്റീന ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനയ്ക്ക് ഈ വൻ വിജയം നേടിക്കൊടുത്തത്. തുടക്കത്തിൽ അർജന്റീന ഈ കുഞ്ഞൻ ടീമിന് മുന്നിലും പതറിയിരുന്നു.

അപ്പോഴാണ് മെസ്സി രക്ഷകനായത്. കളിയുടെ 37ആം മിനുട്ടിലും 38ആം മിനുട്ടിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ പിറന്നത്. അതോടെ 2-0ന് മുന്നിൽ എത്തിയ അർജന്റീന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയിൽ ഇന്റർ മിലാൻ സ്ട്രൈക്കർ മാർടിനസും ഇരട്ടഗോളുകൾ നേടി സ്കലോണിയുടെ ടീമിന്റെ ജയത്തിൽ പങ്കുവഹിച്ചു. 81ആം മിനുട്ടിൽ പെരേര അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

ഇനി കോപ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയക്ക് എതിരെ ഇറങ്ങുന്നതാണ് അർജന്റീനയുടെ അടുത്ത മത്സരം.

വില്ലിയൻ നെയ്മറിന് പകരക്കാരനാകും, ബ്രസീൽ കോപ്പ അമേരിക്കക് തയ്യാർ

പരിക്കേറ്റ് പിന്മാറിയ സൂപ്പർ താരം നെയ്മർ ജൂനിയറിന് പകരക്കാരനായി ചെൽസിയുടെ വില്ലിയനെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തി. വിനിഷ്യസ് ജൂനിയർ, ലൂക്കാസ് മോറ, ഡഗ്ളസ് കോസ്റ്റ എന്നിവരെ മറികടന്നാണ് 30 വയസുകാരനായ വില്ലിയൻ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിന് ഇടം നേടിയത്.

2011 മുതൽ ബ്രസീൽ ദേശീയ ടീമിന്റെ ഭാഗമാണ് വില്ലിയൻ. ബ്രസീലിനായി 65 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും രാജ്യത്തിനായി നേടി. 2014, 2018 ലോകകപ്പ് ടീമിലും താരം അംഗമായിരുന്നു. കാലിനേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് നെയ്മർ പിന്മാറിയത്. ബൊളീവിയ, വെനസ്വേല, പെറു എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് ബ്രസീൽ.

ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ബ്രസീൽ ക്യാമ്പിൽ എത്തി

കോപ അമേരിക്കയ്ക്ക് ആയി ഒരുങ്ങുന്ന ബ്രസീൽ ടീമിന് ആവേശമായി കൊണ്ട് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ എത്തി. ലിവർപൂളൊനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടൻ ഉയർത്തിയ അലിസണും ഫർമീനോയുമാണ് ഇന്ന് ടീമിനൊപ്പം ചേർന്നത്. ഇരുവരും വന്നതോടെ ബ്രസീലിന്റെ കോപ അമേരിക്ക സ്ക്വാഡിലെ എല്ലാവരും ക്യാമ്പിൽ എത്തി. അലിസണും ഫർമീനോയും ബ്രസീലിന്റെ ആദ്യ ഇലവനിൽ തന്നെ ഇത്തവണ ഉണ്ടാകും എന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം നെയ്മാർ കോപ അമേരിക്ക കളിക്കില്ല എന്ന് ഉറപ്പായതോടെ ബ്രസീൽ ക്യാമ്പിൽ നിരാശ പടർന്നിരുന്നു. എന്നാൽ അലിസന്റെയും ഫർമീനോയുടെയും വരവ് അത് മാറ്റി. നെയ്മറിന് പകരക്കാരനായി ആര് എത്തും എന്ന് ഇതുവരെ ബ്രസീൽ പ്രഖ്യാപിച്ചിട്ടില്ല. ടോട്ടൻഹാം താരം ലുകസ് മൗറ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വന്തം നാട്ടിലാണ് ടൂർണമെന്റ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ ബ്രസീൽ കിരീടം നേടാൻ ആകുമെന്ന വിശ്വാസത്തിലാണ്. കോപ അമേരിക്കയ്ക്ക് മുമ്പായി ഹോണ്ടുറാസിനെതിരെ ഒരു സൗഹൃദ മത്സരം കൂടെ ബ്രസീൽ കളിക്കുന്നുണ്ട്. ജൂൺ 14നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ബൊളീവിയ, വെനിസ്വേല, പെറു എന്നീ ടീമുകളാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്.

നെയ്മറിന് പകരം ആരാകും, പ്രമുഖരെ പിന്തള്ളി വിനിഷ്യസിന് സാധ്യത

കോപ്പ അമേരിക്കക്ക് മുൻപായി പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ആരാകും ബ്രസീൽ ടീമിലേക്ക് എത്തുക എന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായി. സീനിയർ താരങ്ങളായ ഡഗ്ളസ് കോസ്റ്റ, വില്ലിയൻ, ലൂക്കാസ് മോറ എന്നിവരെ പിന്തള്ളി റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ ടീമിലേക്ക് എത്തിയേക്കും എന്നാണ് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ആരാകും എന്നതിനെ കുറിച്ച് ടിറ്റെ ഇതുവരെ സൂചനകൾ ഒന്നും നൽകിയിട്ടില്ല. റയൽ മാഡ്രിഡിൽ കഴിഞ്ഞ സീസണിൽ ബേധപെട്ട പ്രകടനമാണ് 18 വയസുകാരനായ വിനിഷ്യസ് നടത്തിയത്. 2018/2019 സീസണിൽ 31 തവണ റയൽ മാഡ്രിഡിനായി കളിച്ച വിനിഷ്യസ് 3 ഗോളുകളും 12 അസിസ്റ്റുകളും നേടി. എങ്കിലും സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ലൂക്കാസ് മോറയെ തഴഞ്ഞത് നേരത്തെ തന്നെ വിവാദമായ സാഹചര്യത്തിൽ ടിറ്റെയുടെ തീരുമാനം ബ്രസീലിൽ നിർണായക പ്രതികരണങ്ങൾ ഉണ്ടാക്കും എന്നുറപ്പാണ്.

Exit mobile version