കോപ അമേരിക്കയിൽ ഗോളടിച്ച് കൂട്ടി ബ്രസീൽ ക്വാർട്ടറിൽ!!

കഴിഞ്ഞ മത്സരത്തിൽ സമനില കാരണമുണ്ടായ നിരാശ ഗോളടിച്ച് തീർത്ത് ബ്രസീൽ. ഇന്ന് നിർണായക മത്സരത്തിൽ പെറുവിനെ നേരിട്ട ബ്രസീൽ അഞ്ചു ഗോളുകളുടെ വമ്പൻ വിജയം തന്നെയാണ് നേടിയത്. കളിയുടെ തുടക്കം മുതൽ ആക്രമണം മാത്രമായിരുന്നു ബ്രസീലിന്റെ ലക്ഷ്യം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് ബ്രസീൽ ഇന്ന് അടിച്ചു കയറ്റിയത്.

ആദ്യം ഒരു കോർണറിൽ നിന്ന് കസമേറോ ആയിരുന്നു ബ്രസീലിനെ മുന്നിൽ എത്തിച്ചത്. പിന്നാലെ ഒരു നോ ലുക്ക് ഗോളിലൂടെ ലിവർപൂൾ താരം ഫർമെനോയും ബ്രസീലിനായി സ്കോർ ചെയ്തു. ബ്രസീലിന്റെ മൂന്നാം ഗോൾ എവർട്ടന്റെ വകയായിരുന്നു. കളിയിലെ ഏറ്റവും മികച്ച ഗോളും ഇതായിരുന്നു.

രണ്ടാം പകുതിയിൽ വില്യനും ക്യാപ്റ്റൻ ആൽവേസും കൂടെ ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ ബ്രസീൽ ക്വാർട്ടർ ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീൽ ഏഴു പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി.