റഫറിയിങ്ങിനെതിരെ ഔദ്യോഗിക പരാതിയുമായി അർജന്റീന

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിനെതിരായ കോപ്പ അമേരിക്ക സെമി ഫൈനലിലെ റഫറിയിങ്ങിനെതിരെ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനെ സമീപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. റഫറിയുടെ തീരുമാനങ്ങൾ അർജന്റീനക്ക് തിരിച്ചടിയായെന്ന് പറഞ്ഞാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരാതിയുമായി ഫെഡറേഷനെ സമീപിച്ചത്.

6 പേജുള്ള പരാതിയിൽ അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട ചില സന്ദർഭങ്ങളിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം റഫറി ഉപയോഗിച്ചില്ലെന്നതാണ് പ്രധാനമായും പരാതിയിൽ ഉള്ളത്. സെർജിയോ അഗ്വേറൊക്കെതിരെയും ഓട്ടമെന്റിക്കെതിരെയുമുള്ള ഫൗളുകൾ റഫറി ‘വാർ’ ഉപയോഗിച്ച് പരിശോധിച്ചിരുന്നില്ല. ഇരു ഫൗളുകളും അർജന്റീനക്ക് ലഭിക്കേണ്ട പെനാൽറ്റിയായിരുന്നു എന്നാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ വാദം. ഇതിൽ അഗ്വേറൊയെ ഫൗൾ ചെയ്യപ്പെട്ടു എന്ന് പറയുന്ന സംഭവത്തിന് ശേഷമാണ് ബ്രസീൽ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ബ്രസീൽ പ്രസിഡന്റ് ഗ്രൗണ്ട് വലം വെച്ചതും അർജന്റീന പരാതിയിൽ പറയുന്നുണ്ട്.  കായിക മത്സരത്തിനിടെ രാഷ്ട്രീയ പ്രകടനങ്ങൾ നടത്തിയതായിട്ടാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരാതിയിൽ പറഞ്ഞത്.  മത്സരം ശേഷം ലയണൽ മെസ്സിയും സെർജിയോ അഗ്വേറൊയും പരിശീലകൻ സ്കലോണിയും റഫറിയുടെ നടപടിയെ ചോദ്യം ചെയ്യുകയും ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.