സെമി ഫൈനൽ തേടി അർജന്റീന ഇക്വേഡോറിനെതിരെ, മെസ്സി മാജിക്ക് വേണ്ടിവരുമോ?

Img 20210629 Wa0413

കോപ അമേരിക്കയിൽ നാളെ പുലർച്ചെ നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ അർജന്റീന ഇക്വേഡോറിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ എത്തിയ അർജന്റീനയ്ക്ക് ഇക്വേഡോർ വലിയ വെല്ലുവിളി ഉയർത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ടൂർണമെന്റിൽ ഒരു വിജയം ഇതുവരെ ഇല്ലാത്ത ടീമാണ് ഇക്വേഡോർ. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാൻ അവർക്കായിരുന്നു. ആ സമനില തന്നെയാണ് ഇക്വേഡോറിനെ ക്വാർട്ടറിൽ എത്തിച്ചത്.

അർജന്റീന ഗ്രൂപ്പ് ഘട്ടം തുടങ്ങിയത് ഒരു സമനിലയോടെ ആണെങ്കിലും പിന്നീട് അവർ ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെട്ടു വന്നു. അവസാന മത്സരത്തിൽ ബൊളീവിയക്ക് എതിരെ നാലു ഗോളുകൾ അടിക്കാൻ അർജന്റീനക്ക് ആയിരുന്നു. മെസ്സിയുടെ ഫോം തന്നെയാകും അർജന്റീനയ്ക്ക് ഇന്നും കരുത്ത്. മെസ്സിയും അഗ്വേറോയും ആകും അറ്റാക്കിൽ ഇന്നും ഇറങ്ങുക. അർജന്റീനയുടെ ഒരു കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഈ കോപ അമേരിക്കയോടെ അവസാനിക്കും എന്ന് ആരാധകർ വിശ്വസിക്കുന്നു.

ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടറിൽ ഉറുഗ്വായ് കൊളംബിയയെ നേരിടും. ഈ മത്സരത്തിലെ വിജയികളെയാകും അർജന്റീന വിജയിച്ചു സെമിയിൽ എത്തുകയാണെങ്കിൽ നേരിടേണ്ടത്. കൊളംബിയ ഉറുഗ്വേ മത്സരം നാളെ പുലർച്ചെ 3.30നും അർജന്റീന ഇക്വേഡോർ മത്സരം രാവിലെ 6.30നും നടക്കും. രണ്ടു മത്സരങ്ങളും തത്സമയം സോണി ചാനലുകളിൽ കാണാം.