യുഫേഫ കോൺഫറൻസ് ലീഗിൽ 5 ഗോൾ ത്രില്ലറിൽ മാഴ്‌സയെ ആദ്യ പാദ സെമിയിൽ വീഴ്ത്തി ഫയെനോർട്ട്

Wasim Akram

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിഫൈനലിൽ ഒളിമ്പിക് മാഴ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഡച്ച് ക്ലബ് ആയ ഫയെനോർട്ട്. പന്ത് കൈവശം വക്കുന്നതിൽ മാഴ്‌സക്ക് ചെറിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ആണ് കാണാൻ ആയത്. 18 മത്തെ മിനിറ്റിൽ തന്നെ ഡച്ച് ടീം മത്സരത്തിൽ മുന്നിലെത്തി. ലൂയിസ് സിനിസ്റ്റരയുടെ ബാക് ഹീലിൽ നിന്നു സെറിൽ ഡസ്സേർസ് ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. രണ്ടു മിനുറ്റുകൾക്ക് ശേഷം റീസ് നെൽസന്റെ പാസിൽ നിന്നു ലൂയിസ് സിനിസ്റ്റര രണ്ടാം ഗോളും നേടിയതോടെ ആതിഥേയർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.

20220429 060025

28 മത്തെ മിനിറ്റിൽ സെഡറിക് ബകാമ്പുവിന്റെ പാസിൽ നിന്നു ഒരു ഉഗ്രൻ ലോങ് റേഞ്ചറിലൂടെ ബാമ്പ ഡിയങ് മാഴ്‌സക്ക് ആയി ഒരു ഗോൾ മടക്കി. 40 മത്തെ മിനിറ്റിൽ ബോക്‌സിൽ വീണു കിട്ടിയ അവസരം ലക്ഷ്യം കണ്ട ഗർസൻ മാഴ്‌സയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ 46 മത്തെ മിനിറ്റിൽ പ്രതിരോധ നിര താരം കലേറ്റ കാർ ഗോൾ കീപ്പർക്കു നൽകിയ ദുർബലമായ പാസ് പിടിച്ചെടുത്ത സെറിൽ ഡസ്സേർസ് ഒരിക്കൽ കൂടി ഡച്ച് ടീമിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. സീസണിൽ കോൺഫറൻസ് ലീഗിൽ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. തുടർന്ന് ഗോൾ വഴങ്ങാത്ത ഡച്ച് ടീം ജയം ഉറപ്പിക്കുക ആയിരുന്നു. ജയിച്ചു എങ്കിലും രണ്ടാം പാദ സെമിയിൽ ഫ്രാൻസിൽ കടുത്ത പോരാട്ടം ആവും ഡച്ച് ടീമിനെ കാത്തിരിക്കുന്നത്.