അട്ടിമറികളില്ല, കോൺഫെഡറേഷൻ കപ്പ് സെമി ഫൈനൽ ലൈനപ്പായി

- Advertisement -

അവസാനം ഓസ്ട്രേലിയ ചിലിയെ അട്ടിമറിച്ച് സെമിയിലേക്ക് കടക്കും എന്നു തോന്നിച്ചു എങ്കിലു അട്ടിമറികളൊന്നും നടക്കാതെ കോൺഫെഡറേഷൻ കപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ഗ്രൂപ്പ് ബിയിൽ ജർമ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരും ചിലി രണ്ടാമതുമായി സെമി ഫൈനലിലേക്ക് കടന്നു. ആദ്യ സെമിയിൽ ബുധനാഴ്ച പോർച്ചുഗൽ ചിലിയേയും രണ്ടാം സെമിയിൽ ജർമ്മനി മെക്സിക്കോയേയും നേരിടും.

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ 67 മിനുറ്റ് വരെ പിന്നിട്ടു നിന്ന ശേഷമായിരുന്നു ചിലി സമനില പിടിച്ച് സെമി ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ബ്രാവോയുടെ മോശം ക്ലിയറൻസിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി ഓസ്ട്രേലിയ നടത്തിയ മുന്നേറ്റം ട്രോയിസിയിലൂറ്റെ ഗോളായി മാറുകയായിരുന്നു. സെമിയിൽ കടക്കാൻ ചിലിയെ രണ്ടു ഗോളുകൾക്ക് തോപ്പിക്കേണ്ടിയിരുന്ന ഓസ്ട്രേലിയ പലപ്പോഴും ആ രണ്ടാം ഗോൾ നേടുമെന്ന് തോന്നിപ്പിച്ചു എങ്കിലും നിർഭാഗ്യം വില്ലനാവുക ആയിരുന്നു.

രണ്ടാം ഗോളിനു ഓസ്ട്രേലിയ ശ്രമിച്ചു കൊണ്ടിരിക്കേ മാർട്ടിൻ റോഡ്രിഗസിലൂടെ 67ാം മിനുറ്റിൽ ചിലി സമനില പിടിച്ചു. മാർട്ടിൻ റോഡ്രിഗസിന്റെ ചിലിക്കു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്.

ജർമ്മനി കാമറൂൺ മത്സരം ആദ്യ പകുതിയിൽ കാമറൂണിന്റെ കൈകളിലായിരുന്നു. പക്ഷെ അത് ഗോളാക്കി മുതലാക്കാൻ കഴിയാഞ്ഞത് കാമറൂണ് വിനയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ദെമിർബേയിലൂടെ ജർമ്മനി ലീഡെടുത്തതോടെ കളി ജർമ്മിനിയുടെ വരുതിയിലായി. 64ാം മിനുറ്റിൽ കാമറൂൺ ചുവപ്പു കാർഡ് കാരണം പത്ത് പേരായി ചുരുങ്ങുക കൂടിയായതോടെ കാമറൂൺ പുറത്തേക്കുള്ള വഴി ഉറപ്പിച്ചു.

വേർണർ 69ാം മിനുറ്റിലും 81ാം മിനുറ്റിലും കാമറൂൺ വല കുലുക്കി കൊണ്ട് ജെർമ്മനിയുടെ ഗ്രൂപ്പ് ചാമ്പ്യൻ പട്ടം ഉറപ്പിച്ചു. 79ാം മിനുറ്റിൽ അബോബക്കർ കാമറൂണു വേണ്ടി ഗോൾ നേടിയെങ്കിലും അതിനുമുമ്പ് തന്നെ കളിയുടെ വിധി തീരുമാനിച്ചിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement