
കാമറൂൺ – ചിലി പോരാട്ടം ഓർമകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ 1998 ലോകകപ്പിലെ സലാസിന്റെയും സമറാനോയുടെയും ചിലി പാട്രിക് എംബോമ എന്ന കാളകൂറ്റന്റെ കാമറൂണും ഏറ്റുമുട്ടിയ ആദ്യ റൗണ്ട് പോരാട്ടമായിരിക്കും ഓർമയിലെത്തുക.അലക്സ് സോംങിന്റെ അമ്മാവനായിരുന്ന റോബർട്ട് സോംഗടക്കമുള്ള രണ്ട് കാമറൂൻ താരങ്ങൾക്ക് റെഡ് കാർഡ് കണ്ട മൽസരത്തിൽ വന്യമായ ആഫ്രിക്കൻ മെയ്കരുത്ത് പ്രകടമായിരുന്നു.സമറാനോയിലൂടെ ലഭിച്ച ഫ്രികിക്ക് അതി മനോഹരമായി ചിലിയുടെ സിയേറ ആഫ്രിക്കൻ സിംഹങ്ങളുടെ വലയിലെത്തിച്ചപ്പോൾ എംബോമയിലൂടെയായിരുന്നു മില്ലയുടെ പിൻതലമുറക്കാരുടെ മറുപടി.തുടർന്ന് മൂന്ന് സമനിലകളുമായി രണ്ടാം റൗണ്ടിൽ കടന്ന ചിലി റോണോ പ്രതിഭാസത്തിന്റെ ബ്രസീലിനു മുന്നിൽ തകർന്നടിയുകയായിരുന്നു.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു കാമറൂൺ ചിലി പോരാട്ടം നടക്കുമ്പോൾ പഴയ മൽസരത്തിന്റെ പോരാട്ടവീര്യമില്ലായിരുന്നു. തുടർച്ചയായി രണ്ട് കോപ്പാ അമേരിക്കാ വിജയങ്ങൾ ചിലിയെ ലോകഫുട്ബോളിലെ തന്നെ അതിശക്തരായ ഫുട്ബോൾ ടീമുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു.
സലാസിനോ സമറാനോക്കോ സിയേറക്കോ നേടാനാകാതെ പോയത് സ്വന്തമാക്കിയവരാണ് സാഞ്ചസും ഇസ്ലയും വിദാലും വർഗാസുമടങ്ങുന്ന സാന്റിയാഗോയിലെ ഇന്നത്തെ പുതു തലമുറ. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും കരുത്തുറ്റതായിരുന്നു ചിലിയൻ ടീം. നേരേ മറിച്ച് വർഷങ്ങൾ കഴിയുന്തോറും ലോകകപ്പിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടന്ന ചരിത്രമുള്ള ആഫ്രിക്കൻ രാഷ്ട്രമായ കാമറൂന്റെ നിലവാരം കുറഞ്ഞു വരുകയായിരുന്നു.മില്ലയും സോംഗും എംബോമയും കടന്നു പോയതോടെ സാമുവൽ എറ്റുവിന്റെ ഒറ്റ ചിറക് കൊണ്ട് മാത്രം കളിച്ച കാമറൂൺ ദ്രോഗ്ബ – ടൂറെ മാരുടെ ഐവറി കോസ്റ്റിന്റെയും മുൻതാരി- എസ്സിയൻമാരുടെ ഘാനയുടെയും ദീയൂഫിന്റെ സെനഗലിന്റെയും അബൂട്രികയുടെ ഈജിപ്തിന്റെയും അൾജീരിയയുടെയും ടൂണീസ്യയുടെയും പുതു തലമുറകൾക്ക് മുന്നിൽ പിറകോട്ടടിക്കുകയായിരുന്നു. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുണ്ട ഭൂഖണ്ഡത്തിന്റെ അധിപൻമാരായി വീണ്ടും അവർ വൻകരാ ചാമ്പ്യൻഷിപ്പിനെത്തുമ്പോൾ ഫുട്ബോൾ ലോകത്തെ നടുക്കിയ മുഖമായ മാർക്ക് വിവിയൻ ഫോയെ ഓർക്കാത്തവർ വിരളമായിരിക്കും. 2003 ലെ കോൺഫെഡറേഷൻ കപ്പിൽ സെമിയിൽ ജപ്പാനെതിരെ കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ച കാമറൂണിന്റെ മധ്യനിരയിലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിരുന്ന വിവിയൻ ഫോ എന്ന കഠിനാധ്വാനിയായ താരത്തിന്റെ മങ്ങാത്ത ഓർമ്മകൾ ഇന്ന് ഓരോ കോൺഫെഡറേഷൻ കപ്പ് വരുമ്പോഴും നമ്മളിൽ വേട്ടയാടപ്പെടുമെന്ന് തീർച്ച.
ആഫ്രിക്കൻ സിംഹങ്ങളുടെ നിരയിൽ പഴയതു പോലെ പരിചിതമായ മുഖങ്ങൾ ഏറെയില്ല ഒരു വിൻസന്റ അബൂബക്കറെന്ന ഫോർവേഡിലേക്ക് മാത്രം ചുരുങ്ങുന്ന മുന്നേറ്റം. ഇസ്ല വിദേൽ വർഗാസിലൂടെ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് ചിലി നടപ്പിലാക്കിയത്.മികച്ച പൊസഷനോടെ ഷോർട്ട് പാസ്സുകളും ലോംഗ് പാസ്സുകളുമായി മുന്നേറുന്ന അവരുടെ ശൈലി ഈ കൊൺഫെഡറേഷൻ കപ്പിൽ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ഏക പ്രതിനിധികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
ലോക ഫുട്ബോളിൽ അണ്ടർറേറ്റഡ് താരങ്ങളിലൊരാളായ പ്രത്യക്ഷത്തിൽ വലതു വിംഗറുടെ റോളിൽ കളിച്ച ഇസ്ലയെന്ന വിംഗ്ബാക്കിന്റെ നീക്കങ്ങളായിരുന്നു തുടക്കത്തിൽ കാമറൂണിന്റെ താളം തെറ്റിച്ചത്. മധ്യനിരയിൽ വിദാലിന്റെ മുന്നേറ്റനിരയിലേക്കുള്ള കൃത്യതയാർന്ന പാസ്സുകൾ കൂടിയായപ്പോൾ ഗോളി ഒൺടോയക്ക് പിടിപ്പതു പണിയായിരുന്നു.
പക്ഷേ അവസരങ്ങൾ മുതലാക്കുന്നതിൽ വർഗാസും ഫുൻസെലിഡയും പരാജയപ്പെട്ടപ്പോൾ ആശ്വസിച്ചത് കാമറൂൺ ഡാഫൻസ് തന്നെയായിരുന്നു.
വർഗാസിന്റെ ഷോട്ട് തുടക്കത്തിൽ തന്നെ പോസ്റ്റിലിടിച്ചും ഫുൻസിലഡയുടെ ക്ലോസ് റേഞ്ച് ഷോട്ട് തടുത്തും വിദാലിന്റെ സുന്ദരമായൊരു ത്രൂ പാസ്സിൽ പിറന്ന വർഗാസിന്റെ ഓഫ്സൈഡ് ഗോളും നിർഭാഗ്യത്തിന്റെ രൂപത്തിൽ ചിലിയെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഇന്നത്തെ ദിവസം ചിലിയുടേതായിരിക്കില്ല എന്ന് തോന്നിച്ച ആദ്യ പകുതി. മറുഭാഗത്ത് ചിലിയൻ ഡിഫൻസിന്റെ പിഴവ് മുതെലെടുക്കാനും അബൂബക്കർ നയിക്കുന്ന കാമറൂണുകാർക്ക് കഴിഞ്ഞില്ല.അബൂബക്കറിന്റെ കൗണ്ടർ അറ്റാക്കിൽ പിറന്നൊരു ഷോട്ട് ബ്രാവോയുടെ അഭാവത്തിൽ വല കാത്ത ഗോളി ഹെരേരയുടെ കയ്യിൽ നിന്നും വഴുതിയെങ്കിലും അപകടകരമായൊരു ക്ലിയറൻസിലൂടെ പരിചയസമ്പന്നനായ ഗോൺസാലോ ഹാര രക്ഷക്കെത്തുകയായിരുന്നു.
രണ്ടാം പകുതിയിലും വൻ പൊസഷൻ മേധാവിത്വത്തോടെ കളം അടക്കിവാണ ചിലിക്കാർക്ക് പക്ഷേ ഗോൾ മാത്രം അകന്നു നിന്നു.ജൻമം കൊണ്ട് അർജന്റീനക്കാരനും കർമ്മം കൊണ്ട് സ്പാനിഷ്കാരനുമായ കോച്ച് അന്റോണിയോ പിസ്സിക്ക് വിശ്രമം നൽകിയ സൂപ്പർ താരം സാഞ്ചസിനെ തന്നെ ഇറക്കേണ്ടി വന്നു.സാഞ്ചസ് വന്നതോടെ ചിലിയൻ മുന്നേറ്റങ്ങൾ കൂടുതൽ വേഗം കൈവരിച്ചു. മധ്യനിരയിൽ വിദാലിനു പണി കുറഞ്ഞു.ഇടതു വിംഗിലൂടയുള്ള സാഞ്ചസിന്റെ മുന്നേറ്റത്തിലൂടെ പിറന്ന കൃത്യതയാർന്നൊരു ക്രോസിൽ ലയൺസിന്റെ പ്രതിരോധം ഭേദിച്ച് തല വെച്ച് വിദാലിന്റെ ഹെഡ്ഡർ ഗോളോടെ ചിലി കൊൺഫെഡറേഷൻ കപ്പ് ചരിത്രത്തിലാദ്യമായി തങ്ങളുടെ ഗോൾ സ്വന്തമാക്കി.തുടർന്ന് ഇഞ്ചുറീ ടൈമിൽ വർഗാസ് ടീമിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും ഫുൾ ക്രെഡിറ്റും ആഴ്സനലിന്റെ പ്ലേമേക്കർക്കായിരുന്നു. സാഞ്ചസ് ഡിഫന്ററെയും ഗോളിയെയും കബളപ്പിച്ചടച്ച ഷോട്ടിൽ റീബൗണ്ടിൽ നിന്നായിരുന്നു വർഗാസ് തന്റെ മുപ്പത്തിനാലാം കരിയർ ഗോൾ സ്വന്തമാക്കിയത്.
ചിലിയൻ ഇതിഹാസ താരമായ സമറാനോയുടെ റെക്കോർഡിനൊപ്പമെത്താനും ഇതോടെ വർഗാസിനായി. എക്കാലത്തെയും മികച്ച ചിലി ഗോൾ സ്കോറർ സമറാനോയുടെ പങ്കാളിയായിരുന്ന മറ്റൊരു ചിലിയൻ ഇതിഹാസതാരം സലാസാണ്. 37 ഗോളുമായി സാഞ്ചസും സലാസിന്റെ റെക്കോഡിനൊപ്പമുണ്ട്. വരും മൽസരങ്ങളിൽ ഒരു ഗോൾ കൂടി നെടാനായാൽ സാഞ്ചസിന് സലാസിനെ മറികടക്കാം.
രണ്ട് അസിസ്റ്റുകളുമായി ഇന്നത്തെ താരം സാഞ്ചസാണ്. സാഞ്ചസ് വന്നതോടെയാണ് കളി തങ്ങളോടെ വരുതിയിലാക്കാൻ ലാറ്റിനമേരിക്കയുടെ ചെമ്പടക്ക് കഴിഞ്ഞത്. പക്ഷേ മുഴുവൻ സമയം കളിച്ച മധ്യനിരയുടെ നെടുതൂണായ വിജയ ഗോളടിച വിഡാൽ ആയിരിക്കാം കളിയിലെ താരം.
സാഞ്ചസ്-വിദാൽ-വർഗാസ് ത്രയം ഫുട്ബോൾ ലോകത്തെ അപകടകാരികളായ കൂട്ട്കെട്ടായി മാറികഴിഞ്ഞു.കഴിഞ്ഞ രണ്ട് കോപ്പയിലും ഈ ത്രയത്തിന്റെ ഡൊമിനേഷനായിരുന്നു കണ്ടത്. ഇത്തവണ കോൺഫഡറേഷൻ കപ്പിലും ഇവരുടെ മേധാവിത്വം തുടരുമെന്ന് പ്രതീക്ഷിക്കാം.
ഇവരിലൂടെ കോൺഫെഡറേഷൻ കപ്പും ചിലിയൻ ആരാധകർ സ്വപ്നം കാണുന്നു.
ഗ്രൂപ്പിൽ അട്ടിമറി സൃഷ്ടിക്കാൻ കാമറൂണിനോ ഓസ്ട്രേലിയക്കോ കഴിയില്ലെന്നുറപ്പ്.വരുന്ന ചിലി-ജർമനി മൽസരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുന്ന മൽസരമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial