റൊണാൾഡോയും ചിച്ചാറിറ്റോയും നേർക്കുനേർ

2016ലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ കോൺഫെഡറേഷൻ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയെ നേരിടും.  യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസിനെ മലർത്തിയടിച്ച് കിരീടം നേടിയ റൊണാൾഡോയും സംഘവും  തങ്ങളുടെ കിരീട നേട്ടം കോൺഫെഡറേഷൻ കപ്പിലൂടെ ഉയർത്താൻ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. അതെ സമയം ചിച്ചാരിറ്റോ ഹെർണാഡസിന്റെ കീഴിൽ മികച്ച ഫോമിലുള്ള മെക്സിക്കോ പോർച്ചുഗലിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനുറച്ച് തന്നെയാണ്. റഷ്യയിലെ കസാനിലാണ് ഗ്രൂപ്പ് എ യിലെ ഈ മത്സരം നടക്കുന്നത്.

ഇരു ടീമുകളും മത്സരിക്കുമ്പോൾ റൊണാൾഡോ തന്നെയാവും രണ്ടു ടീമുകളും തമ്മിൽ ഉള്ള വ്യത്യാസം.  റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗും ലാ ലീഗയും നേടി മികച്ച ഫോമിലുള്ള റൊണാൾഡോയെ തളക്കാൻ മെക്സിക്കോ പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും.  അതെ സമയം റൊണാൾഡോയെ കൂടാതെ തന്നെ മികച്ച ആക്രമണ നിര തന്നെ പോർചുഗലിനുണ്ട്. ബെർണാഡോ സിൽവയും റിക്കാർഡോ കരിസ്മയും ആന്ദ്രേ ഗോമസും ഡാനിലോയുമൊക്കെ അടങ്ങുന്ന ഒരു ടീമിൽ റൊണാൾഡോയെ മാത്രം പിടിച്ചു കെട്ടിയാൽ മത്സരം വിജയിക്കില്ലെന്നും മെക്സിക്കോക്ക് അറിയാം.  വില്യം കാർവാലിയോയും ആന്ദ്രേ ഗോമസും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ സിൽവ യൂറോപ്പിലെ വളർന്ന് വരുന്ന മികച്ച കളിക്കാരിൽ ഒരാളാണ്. മൊണാക്കോക്ക് വേണ്ടി 8 ഗോളും 9 അസിസ്റ്റുമായി സീസൺ അവിസ്മരണീയമാക്കിയാണ് സിൽവയുടെ വരവ്. അതെ സമയം പേരുകേട്ട പോർച്ചുഗൽ ആക്രമണ നിരയെ പിടിച്ചുകെട്ടാൻ മെക്സിക്കോ കോച്ച് കാർലോസ് ഓസോറിയോ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിവരും.

പ്രധിരോധ നിരയിൽ ഹെക്ടർ മൊറേനോയെ ഇറക്കിയാവും മെക്സിക്കോ പ്രതിരോധം കെട്ടുറപ്പുള്ളതാക്കുക. ആക്രമണ നിരയിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ചിച്ചാരിറ്റോ തന്നെയാവും പട നയിക്കുക. ഇക്കഴിഞ്ഞ സീസണിൽ ബയേൺ ലെവർകൂസന് വേണ്ടി 11 ഗോൾ നേടിയാണ് ചിച്ചാരിറ്റോ മെക്സികോക്ക്‌ വേണ്ടി ഇറങ്ങുന്നത്.  2014ലെ വേൾഡ് കപ്പിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒച്ചാവോ തന്നെയാവും മെക്സിക്കോ ഗോൾ വല കാക്കുക. അതെ സമയം പെപ്പെയും ഫോണ്ടേയുമടങ്ങുന്ന പോർച്ചുഗൽ പ്രധിരോധ നിരയെ ചിച്ചാരിറ്റോ അടങ്ങിയ മെക്സിക്കൻ പ്രധിരോധ നിര എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇത്തവണയെങ്കിലും സോവിയറ്റ് നഷ്ടപ്രതാപം വീണ്ടെടുക്കുമോ
Next articleപണത്തിനു പിറകെ പോകുന്ന കളിക്കാർ കാണുക, ആഴ്സണലിന്റെ ബെല്ലെറിനെ