പെപ്പെ രക്ഷകനായി, പോർച്ചുഗലിന് മൂന്നാം സ്ഥാനം

അധിക സമയത്ത് ആന്ദ്രേ സിൽവ നേടിയ പെനാൽറ്റി ഗോളിൽ മെക്സിക്കോയെ തറപറ്റിച്ച് പോർച്ചുഗൽ കോൺഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.  നിശ്ചിത സമയം തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ഒരു ഗോളിന് പിന്നിൽ നിന്ന് പരാജയം മുഖ മുഖം കണ്ട പോർചുഗലിനെ പെപ്പെ നേടിയ ഗോളാണ് രക്ഷിച്ചത്.  തുടർന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

റൊണാൾഡോ ഇല്ലാതെയാണ്  പോർച്ചുഗൽ  മത്സരം തുടങ്ങിയതെങ്കിലും മെക്സിക്കോയെക്കാൾ  പോർച്ചുഗലാണ് നന്നായി തുടങ്ങിയത്. ആദ്യ പകുതിയിൽ ആന്ദ്രേ സിൽവയെ റാഫ മാർകേസ് പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും  കിക്ക്‌ എടുത്ത ആന്ദ്രേ സിൽവയുടെ പെനാൽറ്റി മികച്ച ഫോമിലുള്ള ഒച്ചോവ തടയുകയായിരുന്നു. ആദ്യ പകുതിയിൽ മത്സരം ഗോൾ രഹിതമായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ 54ആം മിനുട്ടിലാണ് മെക്സിക്കോ ഗോൾ നേടിയത്.  ചിച്ചാറിട്ടോ ഹെർണാഡസിന്റെ ക്രോസ്സ് പോർച്ചുഗൽ പ്രധിരോധ താരം  നെറ്റോയുടെ കാലിൽ തട്ടി സെല്ഫ് ഗോളാവുകയായിരുന്നു.  തുടർന്ന് ലീഡ് വർധിപ്പിക്കാനുള്ള അവസരം മെക്സിക്കോക്ക് ലഭിച്ചെങ്കിലും അവർക്ക് അത് മുതലാക്കാനായില്ല.  മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പെപ്പെ ഗോൾ നേടി മത്സരം സമനിലയിലാക്കിയത്.

തുടർന്ന് അധിക സമയത്ത് പോർച്ചുഗലിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിക്കുകയായിരുന്നു.  കിക്ക്‌ എടുത്ത ആന്ദ്രേ സിൽവക്ക് ഈ തവണ പിഴച്ചില്ല.  ഇരു ടീമുകളും 10 പേരായാണ് മത്സരം പൂർത്തിയാക്കിയത്.  പോർച്ചുഗൽ പ്രധിരോധ താരം നെൽസൺ സെമെടോയും മെക്സിക്കോയുടെ റൗൾ ജിമെൻസും രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial