Local Sports News in Malayalam

റഷ്യൻ മണ്ണിൽ ഇന്ന് പോർച്ചുഗലിന് ജയിച്ചേ തീരൂ

കോൺഫെഡറേഷൻ കപ്പിൽ ആതിഥേയരായ റഷ്യ ഗ്രൂപ്പ് എ യിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ന് പോർച്ചുഗലിനെ നേരിടും. റൊണാൾഡോയുടെ സാന്നിദ്ധ്യംഉണ്ടായിട്ടും ആദ്യ മത്സരത്തിൽ അവസാന നിമിഷ ഗോളിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോർച്ചുഗലിന് ഇത് നിർണായക മത്സരമാണ്. അതെ സമയം ദുർബലരായ ന്യൂ സിലാൻഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്താണ് റഷ്യയുടെ വരവ്.

ടാക്സ് വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന റൊണാൾഡോ മത്സരത്തെ എങ്ങനെ സമീപിക്കുമെന്ന് കാത്തിരുന്നു കാണാം. റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന വർത്തകളുണ്ടായിരുന്നെങ്കിലും റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ് റൊണാൾഡോയെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മധ്യ നിരയിൽ വേഗത കുറവ് പരിഹരിക്കാൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ജൽസൺ മാർട്ടിൻസ്, നെൽസൺ സെമെടോ, ആന്ദ്രേ സിൽവ എന്നിവരെ ആദ്യ പതിനൊന്നിൽ ഇറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടി ന്യൂ സിലാൻഡിനെതിരെയുള്ള മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകാനാവും ഫെർണാണ്ടോ സാന്റോസിന്റെ ശ്രമം.

അതെ സമയം ന്യൂ സിലാൻഡിനെക്കാൾ ശക്തരായ എതിരാളികളായ പോർച്ചുഗലിന്റെ നേരിടാൻ റഷ്യ പുതിയ തന്ത്രങ്ങൾ മെനയേണ്ടി വരും. ആക്രമണ നിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫെഡോർ സ്മോലോവ് തന്നെയാവും റഷ്യയുടെ കുന്തമുന. റൊണാൾഡോയുടെ നേതൃത്വത്തിൽ മികച്ച ആക്രമണ നിരയുള്ള പോർച്ചുഗലിന്റെ എങ്ങനെ റഷ്യൻ പ്രതിരോധം തളക്കുമെന്ന് കാത്തിരുന്നു കാണാം.

മോസ്കോയിൽ ഇതിനു മുൻപ് മൂന്ന് തവണ പോർച്ചുഗലും റഷ്യയും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും വിജയം റഷ്യയുടെ കൂടെയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like