കറുത്ത കുതിരകളാവാൻ ന്യൂസിലാൻഡ്

റഷ്യയിൽ കറുത്ത കുതിരകളാവാൻ ന്യൂസിലാൻഡ്.  ഇത് നാലാം തവണയാണ് ന്യൂസിലാൻഡ് കോൺഫെഡറേഷൻ കപ്പിനിറങ്ങുന്നത്. ഓൾ വൈറ്റ്സ് എന്ന നിക്ക് നെയിമിലറിയപ്പെടുന്ന ന്യൂസിലാൻഡ് ലോക റാങ്കിങ്ങിൽ 95 ആം സ്ഥാനത്താണ്.  OFC നേഷൻസ് കപ്പ് വിജയിച്ചാണ് ചാമ്പ്യന്മാരുടെ ടൂർണമെന്റായ കോൺഫെഡറേഷൻ കപ്പിന് യോഗ്യത നേടിയത്.

ലോക ഫുട്ബോൾ ഭൂപടത്തിൽ കുഞ്ഞന്മാരാണെങ്കിലും പത്ത് തവണ നടന്ന OFC നേഷൻസ് കപ്പിൽ അഞ്ചു തവണയും കിരീടം ചൂടിയത് ന്യൂസിലാൻഡ് ആണ്. കോൺഫെഡറേഷൻ കപ്പിൽ അത്ര മെച്ചപ്പെട്ട പ്രകടനമല്ല ഇതു വരെ ന്യൂസിലാൻഡ് കാഴ്ച്ച വെച്ചിട്ടുള്ളത്. കളിച്ച 9 മൽസരങ്ങളിൽ രണ്ട് തവണ സ്കോർ ചെയ്ത് 8 ലും പരാജയമാറിഞ്ഞു. എന്നാൽ ഇത്തവണ ആന്റണി ഹഡ്സണ്ണിന്റെ ശിക്ഷണത്തിൽ വരുന്ന ന്യൂസിലാൻഡിനെ അങ്ങനെ എഴുതിത്തള്ളാനാവില്ല. ഫുട്ബോൾ ലോകത്തെ മികച്ച യുവ കോച്ചുമാരിൽ ഒരാളായാണ് ന്യൂസിലാൻഡ് കോച്ച് അന്റണി ഹഡ്സൺ അറിയപ്പെടുന്നത്. ഒരട്ടിമറി പ്രതീഷിക്കുക എന്ന മുന്നറിയിപ്പുമായാണ് ഹഡ്സൺ റഷ്യയിൽ എത്തിയത്.

കാലിനേറ്റ് പരിക്ക് കാരണം ക്യാപ്റ്റനും വെസ്റ്റ് ഹാമിന്റെ സെന്റർ ബാക്കുമായ വിൻസ്റ്റൺ റീഡില്ലാതെയാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ലീഡ്സ് യുണൈറ്റഡിന്റെ സ്ട്രൈക്കർ ക്രിസ് വുഡാണ് അക്രമണത്തിന്റെ കുന്തമുന. നാഷണൽ ടീമിന്റെ ഓൾ ടൈം ഹൈ സ്കോറർ ആയ 35കാരൻ ഷെയിൻ സ്മെൽട്സ്, ന്യൂസിലാൻഡ് മെസി എന്നറിയപ്പെടുന്ന മാർകോ റൊജസ്, എന്നിവരടങ്ങുന്ന ഓൾ വൈറ്റ്സ് ഒരട്ടിമറി പ്രതീക്ഷ ആരാധകർക്ക് നൽകിയാണ് റഷ്യയിലെത്തിയത്.

ഗ്രൂപ്പ് A യിൽ ആതിഥേയരായ റഷ്യക്കും പോർച്ചുഗല്ലിനും മെക്സിക്കോയ്ക്കും ഒപ്പമാണ് ന്യൂസിലാൻഡിന്റെ സ്ഥാനം. കഴിഞ്ഞ ദിവസം നടന്ന ബെലാറൂസുമായുള്ള സൗഹൃദ മത്സരത്തിൽ പരാജയപെട്ടാണ് ഓൾ വൈറ്റ്‌സ് റഷ്യയിലേക്ക് വണ്ടി കയറിയത്. നാളെ സെന്റ്പീറ്റേഴ്സ്ബർഗിൽ ആതിഥേയരായ റഷ്യയെ ആണ് ന്യൂസിലാൻഡ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅബുദാബി Two Two Four Cup, മുസാഫിർ എഫ് സി ക്വാർട്ടറിൽ
Next articleറയാന്‍ ഹാരിസ്, ആ ബൗളിംഗ് വല്ലാതെ മിസ് ചെയ്യുന്നു