
ലെനോ എന്ന ഗോൾകീപ്പറുടെ രണ്ടബദ്ധങ്ങൾക്ക് വലിയ വില കൊടുക്കേണ്ടു വന്നേനെ ജർമ്മനി ഇന്ന്. യുവനിരയുമായി റഷ്യയ്ക്കു വണ്ടി കയറിയ ജർമ്മനിക്ക് പ്രതീക്ഷിച്ചതിലും കടുപ്പമേറിയ പരീക്ഷണമാണ് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേരിടേണ്ടി വന്നത്. കഷ്ടിച്ച് ജർമ്മനി വിജയിച്ചു കരക്കുകയറി എന്നു പറയാം. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ജർമ്മനി വിജയിച്ചത്.
ജർമ്മനി ആക്രമണമല്ല പ്രതിരോധവും ഗോൾ കീപ്പിംഗും ആണ് ഇന്ന് ജർമ്മിനിയെ പിറകോട്ട് വലിച്ചത്. അഞ്ചാം മിനുറ്റിൽ തന്നെ സ്റ്റാൻസിലിന്റെ ഗോളിൽ ജർമ്മനി മുന്നിലെത്തിയിരുന്നും സ്റ്റാൻസിലിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഗോളിനു ശേഷവും ജർമ്മനിയുടെ ആക്രമണം തന്നെയാണ് ആദ്യ പകുതിയുടെ ഒടുക്കംവരെ കണ്ടത്. 41ാം മിനുറ്റിൽ റോഗിച്ചിന്റെ ഒരു ഇടംകാലൻ ഷോട്ട് ലെനോയുടെ ഗോൾകീപ്പിംഗ് ചോദ്യ ചെയ്ത് വലയ്ക്കകത്ത് എത്തുന്നതുവരെ ഓസ്ട്രേലിയ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പക്ഷെ കിട്ടിയ സമനില അധിക സമയം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല. 43ാം മിനുറ്റിൽ പെനാൾട്ടി വഴങ്ങിയ ഓസ്ട്രേലിയയെ ഡ്രാക്സ്ലർ പെനാൾട്ടി സ്പോട്ടിൽ നിന്ന് ലക്ഷ്യം കണ്ട് വീണ്ടും പിറകിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കിമ്മിചിന്റെ അസിസ്റ്റിൽ ഗൊറെത്സ്കയിലൂടെ ജർമ്മനി അവരുടെ മൂന്നാം ഗോളും നേടി. കളിയിൽ നിന്ന് ഓസ്ട്രേലിയ ദൂരെ പോയി എന്നു തോന്നിയപ്പോഴാണ് ലെനോയുടെ കൈകൾക്ക് വീണ്ടു അബദ്ധം പറ്റിയത്. 56ാം മിനുറ്റിൽ ജുറിച്ചിന്റെ ഷോട്ട് കൈയിലൊതുങ്ങാതെ തിരിച്ച് ലെനോ ജുറിച്ചിന് കൊടുത്തപ്പോൾ ജുറിച്ച് മടിച്ചില്ല. ഓസ്ട്രേലിയയുടെ രണ്ടാം ഗോൾ.
രണ്ടാം ഗോൾ തന്ന ആത്മവിശ്വാസത്തിൽ പിന്നീടങ്ങോട്ട് അവസാന നിമിഷം വരെ ഓസ്ട്രേലിയൻ മുന്നേറ്റങ്ങളാണ് കണ്ടത്. വെറ്ററൻ ടിം കാഹിലിനെ വരെ ഇറക്കിനോക്കിയെങ്കിലും സമനില ഗോൾ മാത്രം വന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial