ബെർലിൻ വൻ മതിലിൽ തട്ടി ചിലി വീണു : ജർമനി ചാമ്പ്യന്മാർ

0

ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തകർത്ത് ജർമനി കോൺഫെഡറേഷൻ കപ്പ് ജേതാക്കൾ. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ജർമൻ പ്രധിരോധം തകർത്ത്  ഗോൾ നേടാൻ ചിലിക്കായില്ല. ചിലി തൊടുത്തു വിട്ട ഓരോ ശ്രമങ്ങളും ജർമൻ വൻ മതിലിൽ തട്ടി തെറിച്ചപ്പോൾ ചിലിയുടെ കിരീട പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

ജർമനിയുടെ ആദ്യ കോൺഫെഡറേഷൻ കപ്പ് വിജയമാണിത്. രണ്ടാം നിര ടീമിനെയുമായി ഇറങ്ങിയ ജർമൻ കോച്ച് ലോക്ക് ഇത് അഭിമാന നിമിഷവുമായി. ചിലിയുടെ അനുഭവസമ്പത്ത് കളിയിലുടനീളം പ്രകടമായെങ്കിലും ഗോൾ നേടാൻ മാത്രം ചിലിക്കയില്ല. ഗോളിന് കാരണമായ പിഴവടക്കം പ്രധിരോധ നിരയിൽ നിസ്സാരമായ പിഴവുകൾ വരുത്തിയ ചിലിക്ക് വലിയ വില നൽകേണ്ടി വന്നു.

കളിയുടെ 20ആം മിനുട്ടിലാണ് മത്സരം നിർണയിച്ച ഗോൾ പിറന്നത്. ചിലി പ്രധിരോധ താരം ഡയസിന്റെ നിസാരമായ പിഴവാണ് ഗോളിൽ കലാശിച്ചത്.  ഡയസിന്റെ പിഴവിൽ നിന്ന് പന്ത് ലഭിച്ച  വെർണർ ചിലി ഗോൾ കീപ്പർ ബ്രാവോയെ കബളിപ്പിച്ച്  സ്റ്റിൻഡിലിന് പാസ് നൽകുകയായിരുന്നു.  പാസ് ലഭിച്ച സ്റ്റിൻഡിലിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.

ഗോൾ നേടിയതോടെ പ്രത്യാക്രമണ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച ജർമനി പന്ത് കിട്ടിയപ്പോഴെല്ലാം ചിലി പ്രധിരോധ നിരയെ വിറപ്പിച്ചു. മത്സരം രണ്ടാം പകുതിയിലായതോടെ മത്സരം കടുത്തതാവുകയും റഫറിക്ക് പല തവണ മഞ്ഞ കാർഡ് എടുക്കേണ്ടി വരുകയും ചെയ്തു. കളിയുടെ അവസാന മിനിറ്റുകളിൽ അടക്കം ഒരുപാടു അവസരങ്ങൾ ലഭിച്ചിട്ടും ചിലിക്ക് ഗോൾ നേടാനായില്ല.

ഈ വിജയത്തോടെ ഫിഫ വേൾഡ് റാങ്കിങ്ങിൽ ജർമ്മനി ഒന്നാം സ്ഥാനത്തെത്തും. അടുത്തിടെ കഴിഞ്ഞ അണ്ടർ 21 യൂറോയിലും സ്പെയിനിനെ തോൽപ്പിച്ച് കിരീടം ജർമനി കിരീടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.