മെക്സിക്കോയെ തകര്‍ത്ത് ജർമനി ഫൈനലിലേക്ക്

മെക്സികോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ജർമനിയുടെ യുവനിര കോൺഫെഡറേഷൻ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഷാൽകെയുടെ മിഡ്ഫീൽഡർ ലിയോൺ ഗോരെട്സ്‌ക നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ആണ് ജർമനി മെക്സിക്കോയെ തറപറ്റിച്ചത്. ഇതാദ്യമായാണ് ജർമനി കോൺഫെഡറേഷൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മെക്സിക്കൊയുടെ മേൽ വ്യക്തമായ ആധിപത്യം പുലർത്തിയ ജർമനി ആദ്യ 8 മിനിറ്റിൽ തന്നെ മെക്സിക്കോ വലയിൽ 2 ഗോളുകൾ അടിച്ചു കയറ്റി നയം വ്യക്തമാക്കിയിരുന്നു. ആറാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ ഗോരെട്സ്‌ക രണ്ടു മിനിറ്റ് തികയും മുൻപ് തന്നെ തന്റെ രണ്ടാം ഗോളും കണ്ടത്തി. മൂന്നു വർഷങ്ങ്ൾക്ക് മുൻപ് ലോകകപ്പ് സെമിയിൽ ബ്രസീൽ കളിക്കാർ അനുഭവിച്ച വേദന ഒരു നിമിഷം മെക്സിക്കൻ താരങ്ങളുടെ മനസിലൂടെ അപ്പോൾ കടന്നു പോയിട്ടുണ്ടാവണം. തുടർന്ന് ഉണർന്നു കളിച്ച മെക്സിക്കോ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളാക്കാൻ കഴിഞ്ഞില്ല. 34ആം മിനിറ്റിൽ ഗിവനി ഡോസ് സാന്റോസിന്റെ മികച്ച ഒരു ഷോട്ട് ജർമൻ ഗോൾ കീപ്പർ ടെർ സ്റ്റീഗൻ സേവ് ചെയ്യുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0 എന്നായിരുന്നു സ്‌കോർ നില.

ഗോളിനായി ഉണര്‍ന്നു കളിക്കുന്ന മെക്സിക്കോയെ ആണ് രണ്ടാം പകുതിയില്‍ കണ്ടത്. ചിച്ചാരിറ്റൊക്കും സാന്റൊസിനും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. താമസിയാതെ ജര്‍മനി തങ്ങളുടെ മൂന്നാം ഗോളും നേടിയതോടെ മെക്സിക്കോ പരാജയം ഉറപ്പിച്ചു. 59 ആം മിനിറ്റിൽ വെർണർ ആയിരുന്നു ജർമനിക്കായി വലകുലുക്കിയത്. മത്സരത്തിന്റെ 89ആം മിനിറ്റിൽ ആണ് മെക്സിക്കോയുടെ ആശ്വാസ ഗോൾ പിറന്നത്, ഈ ടൂർമെന്റിലെ ഗോളെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ മികച്ചൊരു ഷോട്ടിലൂടെ ഫാബിയാൻ ജർമൻ ഗോൾ കീപ്പർ കീഴ്പെടുത്തുകയായിരുന്നു. പക്ഷെ മിനിട്ടുകൾക്കകം ജർമനി മെക്സിക്കോയുടെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കയറ്റി. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ യൂനസ് ആണ് ജർമനിയുടെ അവസാന ഗോൾ നേടിയത്. സ്‌കോർ 4-1.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ചാമ്പ്യന്മാരായ ജർമനിയെ കാത്തിരിക്കുന്നത് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി ആണ്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ശനിയാഴ്ച മെക്സിക്കോ പോർചുഗലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial