വീഡിയോ അസിസ്റ്റന്റ് റഫറി, ഫുട്ബോളിലെ രസം കൊല്ലിയോ

ഫുട്ബോളിനെ അടി മുടി മാറ്റുമെന്ന് പ്രതീക്ഷിച്ച വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഫുട്ബോളിലെ രസം കൊല്ലിയോ? വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് ഫുട്ബോളിൽ അത്യാവിശ്യമാണ് എന്നതിൽ സംശയം ഇല്ലായെങ്കിലും ഇതിനുവേണ്ടി ഒരുപാടു സമയം മത്സരം നിർത്തിവെക്കേണ്ടി വരുന്നതാണ് ഫുട്ബോൾ പ്രേമികൾക്കിടയിൽ മുശിപ്പുണ്ടാക്കുന്നത്. ഈ ടെക്നോളജി സംവിധാനം ക്രിക്കറ്റിൽ ഫ്രണ്ട് ഫൂട്ട് നോബോൾ നോക്കുന്നവിധത്തിലുപയോഗിച്ച് ഫുട്ബോളിന്റെ താളം കളയരുത് എന്നാണ് ഫുട്ബോൾ പ്രേമികൾക്കിടയിലെ അഭിപ്രായം

ഇന്നലെ മെക്സിക്കോ പോർച്ചുഗൽ മത്സരത്തിൽ ആദ്യ പകുതിയിൽ പെപ്പെ നേടിയ ഗോൾ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ ഓഫ് സൈഡ് ആണെന്ന് വിധിച്ചപ്പോഴാണ് വീഡിയോ റഫറിയിംഗ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാൻ തുടങ്ങിയത്. ആ തീരുമാനം ഫിഫയ്ക്ക് കയ്യടി നേടിക്കൊടുത്തെങ്കിലും അധികം കാത്തിരിക്കേണ്ടി വന്നില്ല വീഡിയോ റെഫറിംഗും കുറ്റമറ്റതല്ല എന്ന് തെളിയാൻ. ചിലി കാമറൂൺ മത്സരത്തിലാണ് ഫിഫയെ പുലിവാല് പിടിപ്പിക്കുന്ന ഓഫ് സൈഡ് വിളി വന്നത്.

ആദ്യ പകുതിയിൽ ചിലി താരം വാർഗാസ് നേടിയ ഗോളിന്റെ ആഹ്ലാദവും കഴിഞ്ഞ് പന്തു സെന്റർ ക്വാർട്ടിൽ വെച്ചപ്പോഴാണ് വീഡിയോ അസിറ്റന്റ് റഫറിയുടെ തീരുമാനം വരുന്നത്. ഗോളല്ലായെന്ന്. വിദാൽ നൽകിയ പന്ത് സ്വീകരിക്കുമ്പോൾ വാർഗാസ്  ഓഫ് സൈഡ് ആയിരുന്നില്ല എന്നത് റീപ്ലേകളിൽ തെളിഞ്ഞു. പക്ഷെ വീഡിയോ റഫറിങ്ങിനിരുന്നവർ മാത്രം ആ മുന്നേറ്റത്തിലെ ഓഫ്സൈഡ് കണ്ടു. ഇങ്ങനെയിരു പതിവ് ശീലമല്ലാത്ത ചിലി താരങ്ങൾ റഫറിയുടെ തീരുമാനത്തോട് പ്രധിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല.

കളിയുടെ ഇഞ്ചുറി ടൈമിൽ വീഡിയോ റഫറി അസിസ്റ്റന്റ് സംവിധാനം ആദ്യ പകുതിയിലെ തീരുമാനത്തിന് പ്രായശ്ചിത്തം ചെയ്തു. വാർഗാസ് തന്നെയായിരുന്നു ഇത്തവണയും ഇടയിൽ വന്നത്. വർഗാസും സാഞ്ചസും ചേർന്ന് നടത്തിയ ഒരു മുന്നേറ്റം ലൈൻ റഫറിക്ക് മാത്രം അറിയുന്ന ഒരു കാരണത്തിന് ഓഫ്സൈഡ് വിളിക്കുകയായിരുന്നു. വീഡിയോ റഫറിംഗ് പക്ഷെ ഇത്തവണ വാർഗാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. തെറ്റായ തീരുമാനം തിരുത്തി ഗോൾ അനുവദിച്ചു.

കോൺഫെഡറേഷൻ കപ്പിൽ  നടന്ന മൂന്ന്  മത്സരങ്ങളിൽ  മൂന്നു നിർണായക തീരുമാനങ്ങളാണ് വീഡിയോ റഫറൻസ് കൊണ്ട് ഉണ്ടായത്. മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഫുട്ബോളിന് ഗുണം ചെയ്യും എന്നുള്ളത് കൊണ്ട് തന്നെ വീഡിയോ റഫറി സംവിധാനത്തെ ഒഴിവാക്കാൻ ആകില്ല ഇനിയും ഫുട്ബോളിന്. പക്ഷെ വീഡിയോ റഫറി സംവിധാനം ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാൻ സമയമെടുക്കുന്നത് കുറയ്ക്കാനെങ്കിലും ആകേണ്ടതുണ്ട് എന്നു മാത്രം.

മാത്രവുമല്ല  ഇനിയങ്ങോട്ട് ഒരു ഗോളടിച്ചാൽ ആഹ്ലാദിക്കാൻ വേണ്ടി റെഫറിയെ കാത്തിരിക്കേണ്ട അവസ്ഥയാകും എന്നതും പരിതാപകരമാണ്. എന്തായാലും ശീലമില്ലാത്ത ഈ ശീലം ദഹിക്കാൻ കളിക്കാർക്കും ആരാധകർക്കും കുറച്ചധികം സമയം എടുത്തേക്കും. ഭാഗ്യത്തിനും നിർഭാഗ്യത്തിനും ഫുട്ബോളിലുള്ള സ്ഥാനം ഇല്ലതാകും എന്നതും ഒരു കാര്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎമിൽ ബെന്നിക്ക് രണ്ടാം ഹാട്രിക്ക്, ഊർജ കപ്പിൽ കേരളം സെമിയിൽ
Next articleഎഫ് സി കേരള സീനിയർ ടീമിലേക്ക് കളിക്കാരെ വിളിക്കുന്നു, ട്രയൽസ് ഈ മാസമവസാനം