ചിലിക്ക് ഫൈനൽ, ബ്രാവോയുടെ കൈകളിൽ തട്ടി പോർച്ചുഗൽ പുറത്ത്

- Advertisement -

വമ്പന്മാരുടെ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പോർചുഗലിനെ തോൽപ്പിച്ച്  ചിലി കോൺഫെഡറേഷൻ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ പോർച്ചുഗലിന്റെ മൂന്ന് കിക്കുകളും തടഞ്ഞിട്ടു ക്ലാഡിയോ ബ്രാവോ ആണ് ചിലിയുടെ ഹീറോ

രണ്ട് ടീമുകൾക്കും തുറന്ന അവസരങ്ങൾ ലഭിച്ചുകൊണ്ടാണ് മത്സരം തുടങ്ങിയത്. ആറാം മിനുട്ടിൽ തന്നെ സാഞ്ചസിന്റെ പാസിൽ നിന്ന് വാർഗസിനു സുവർണ്ണാവസരം ലഭിച്ചെങ്കിലും പോർച്ചുഗൽ ഗോൾ കീപ്പർ പാട്രിസിയോയുടെ മികച്ച സേവ് ചിലിക്ക് ഗോൾ നിഷേധിച്ചു. തൊട്ടടുത്ത നിമിഷം തന്നെ പോർചുഗലിനും മികച്ച ഒരു അവസരം ലഭിച്ചു. ഇടത് വിങ്ങിൽ നിന്ന് റൊണാൾഡോ നൽകിയ മനോഹരമായ ക്രോസ്സ് ആന്ദ്രേ സിൽവക്ക് ഗോളാക്കാനായില്ല.  തുടർന്ന് ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ കൂടുതൽ സൃഷ്ട്ടിക്കാൻ ഇരു ടീമുകൾക്കുമായില്ല.

രണ്ടാം പകുതിയിൽ പോർചുഗലിനേക്കാൾ മികച്ച പ്രകടനം ചിലി കാഴ്ചവെച്ചെങ്കിലും ഗോൾ മാത്രം നേടാൻ ചിലിക്കായില്ല. സാഞ്ചസും വിദാലും വാർഗാസുംപലപ്പോഴും പോർച്ചുഗൽ ഗോൾ മുഖം വിറപ്പിച്ചെങ്കിലും പോർച്ചുഗൽ പ്രതിരോധവും ഗോൾ കീപ്പർ പാട്രിസിയോയും പോർച്ചുഗലിന്റെ രക്ഷക്കെത്തി.

അധിക സമയത്തും ഇരു ടീമുകളും ഗോൾ നേടാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. സാഞ്ചസിന്റെ ഒരു ഹെഡർ  പോർച്ചുഗൽ പോസ്റ്റ് തൊട്ടുരുമ്മിയാണ് പുറത്തു പോയത്. അധിക സമയം കഴിയാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വിദാലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തുടർന്ന് പന്ത് ലഭിച്ച റോഡ്രിഗസ്  രണ്ടാമതും പന്ത്  പോസ്റ്റിലേക്ക് തിരിച്ച് വിട്ടെങ്കിലും ഷോട്ട് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.

തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ പോർച്ചുഗലിന്റെ മൂന്ന് കിക്കുകളും തടുത്ത് ബ്രാവോ ചിലിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. പോർച്ചുഗലിന് വേണ്ടി കിക്ക്‌ എടുത്ത ക്വരസ്മ, മൗട്ടീഞ്ഞോ,  നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ തടഞ്ഞത്.   ചിലിക്ക് വേണ്ടി വിദാലും അരൻഗിസും സാഞ്ചസും പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചു

ചിലി ഫൈനലിൽ ഇന്ന് നടക്കുന്ന ജർമനി മെക്സിക്കോ വിജയികളെ നേരിടും. ചിലിയുടെ ആദ്യ കോൺഫെഡറേഷൻ കപ്പ് ഫൈനലാണിത്.

Advertisement