ഇന്ന് കപ്പിൽ കുറഞ്ഞൊരു കളിയില്ല, ചിലിയും ജർമ്മനിയും തയ്യാർ

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി കോൺഫെഡറേഷൻ കപ്പിന്റെ ഫൈനലിൽ ലോകകപ്പ് ജേതാക്കളായ ജർമനിയെ നേരിടും. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും പരസ്പരം പോരാടിയപ്പോൾ മത്സരം 1 – 1 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.

2015ലെയും 2016ലെയും കോപ്പ അമേരിക്ക കിരീടം ചൂടിയ ചിലിക്ക് മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ കിരീടം നേടാനുള്ള മികച്ച അവസരമാണ് കോൺഫെഡറേഷൻ കപ്പ് ഫൈനൽ. ചിലി വിദാലും സാഞ്ചസും അടക്കം ഏറ്റവും മികച്ച ടീമിനെയാണ് റഷ്യയിൽ ഇറക്കിയത്. ജർമനിയാവട്ടെ അടുത്ത കൊല്ലം റഷ്യയിൽ നടക്കുന്ന ടൂർണമെന്റിന് ടീമിനെ സജ്ജമാക്കാൻ യുവതാരങ്ങളുമായാണ് ഇറങ്ങുന്നത്.

ജർമൻ നിരയിൽ ടിമോ വെർണർ എന്ന ലെപ്സിഗ് ഫോർവേഡിനെ എങ്ങനെ തളക്കും എന്നതാവും ചിലി നേരിടുന്ന പ്രധാന പ്രശ്നം. ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 37 മത്സരങ്ങളിൽ നിന്ന് 24 ഗോളുമായി വെർണർ മികച്ച ഫോമിലാണ്. മാത്രവുമല്ല ബെഞ്ചമിൻ ഹെന്രിച്ചസും അന്റോണിയോ റുഡിഗറും അടങ്ങുന്ന പ്രധിരോധ നിരയും മികച്ച ഫോമിലാണ്. മെക്സിക്കോക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജർമൻ യുവ നിര ചിലിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നു തന്നെയാണ് ചിലി കോച്ച് ജുവാൻ അന്റോണിയോ പിസ്സി പ്രതീക്ഷിക്കുന്നത്.

അതെ സമയം സ്വന്തം പേരിനൊത്ത പ്രകടനം കാഴ്ച്ച വെക്കുന്ന വിദാലും സാഞ്ചസും തന്നെയാവും ജർമൻ യുവനിരക്ക് പ്രധാന വെല്ലുവിളി. ചാർലെസ് അരംഗിസിന്റെയും വർഗാസിന്റെയും പ്രകടനവും ഇന്നത്തെ മത്സരത്തിൽ നിർണായകമാണ്.  പോർച്ചുഗലിന്റെ മൂന്ന് പെനാൽറ്റി കിക്കുകൾ തടുത്തിട്ടു സെമി ഫൈനലിലെ ഹീറോ ആയ ബ്രാവോയും ചേരുന്നതോടെ ജർമൻ ആക്രമണ നിരക്ക് ചിലി പ്രധിരോധം തകർക്കാൻ തെല്ലൊന്ന് വിയർക്കേണ്ടി വരും.

ഏതു ടീം കപ്പ് നേടിയാലും അത് അവരുടെ ആദ്യ കോൺഫെഡറേഷൻ കപ്പ് കിരീടമാവും.

ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ മെക്സിക്കോയും പോർച്ചുഗലും ഏറ്റുമുട്ടും.  പോർച്ചുഗൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചിലിയോടാണ് സെമിയിൽ പരാജയപ്പെട്ടത്. മെക്സിക്കോയെ സെമിയിൽ ജർമനി ആണ് പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial