ചിച്ചാരിറ്റോയുടെ തോളിലേറി മെക്സിക്കോ

കോൺകാഫ് വിജയികളായാണ് മെക്സിക്കോ കോൺഫെഡറേഷൻ കപ്പിന് എത്തുന്നത്. കോൺഫെഡറേഷൻ കപ്പിൽ ഈ കൊല്ലം മത്സരിക്കുന്നവരിൽ കപ്പ് മുൻപ് നേടിയ ഒരേ ഒരു ടീമും മെക്സിക്കോയാണ്.  1999ൽ നടന്ന കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെ തോൽപ്പിച്ചാണ് മെക്സിക്കോ കിരീടം ചൂടിയത്.  അവസാനം കളിച്ച 13 മത്സരങ്ങളിൽ 12 ഉം ജയിച്ച മെക്സിക്കോ മികച്ച ഫോമിലാണ്.

മികച്ച ഫോമിലുള്ള ചിച്ചാരിറ്റോ ഹെർണാഡെസിന്റെ സാന്നിധ്യം റഷ്യയിൽ അവർക്ക് തുണയാവുമെന്നാണ് കരുതപ്പെടുന്നത്. മെക്സിക്കോക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ചിച്ചാരിറ്റോ. 47 ഗോളുകളാണ് മെക്സിക്കോക്ക് വേണ്ടി ഈ താരം നേടിയത്.  ഒരു മികച്ച കോച്ച് ഉള്ളതാണ് മെക്സിക്കോയുടെ മുതൽക്കൂട്ട്. സാഹചര്യത്തിന് അനുസരിച്ച് ഫോർമേഷനും കളിക്കാരെയും മാറ്റാൻ ഒരു മടിയും കാണിക്കാത്ത ആളാണ് ജുവാൻ കാർലോസ് ഓസോറിയോ.

ചിച്ചാരിറ്റോയുടെ കൂടെ ഹിർവിങ് ലോസാനോ എന്ന യുവ താരം കൂടി ചേരുന്നതോടെ മെക്സിക്കോ ആക്രമണം കരുത്താർജ്ജിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.  മധ്യ നിരയിൽ ജോനാതൻ ഡോസ് സാന്റോസും ഹെക്ടർ ഹെരേരയും മധ്യ നിരയിൽ മെക്സിക്കോക്ക് വേണ്ടി കാളി മെനയും. വെറ്ററൻ താരം റാഫ മാർകേസിന്റെ  സാന്നിദ്ധ്യവും ടീമിന് മുതൽക്കൂട്ടാകും. ഈ തവണ കോൺഫെഡറേഷൻ കപ്പ് കളിക്കുന്ന താരങ്ങളിൽ  മുൻപ് കിരീടം നേടിയ ഏക തരാവുമാണ് റാഫ മാർകേസ്.  38 കാരനായ റാഫ മെക്സിക്കോക്ക് വേണ്ടി 139 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

ഗ്രൂപ്പ് എ യിൽ വമ്പന്മാരുടെ ഇടയിലാണ് മെക്സിക്കോ. പോർച്ചുഗലും റഷ്യയും ന്യൂസിലാൻഡും അടങ്ങുന്ന ഗ്രൂപ്പാണ് ഇത്. ശക്തരായ പോർചുഗലിനെതിരെയാണ് മെക്സിക്കോയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകിരീടം നേടാനുറച്ച് പറങ്കിപ്പടയും റൊണാൾഡോയും
Next articleഇന്ത്യയ്ക്ക് രണ്ടാം ജയം, കൊറിയയെ തകര്‍ത്ത് ചൈന